Sorry, you need to enable JavaScript to visit this website.

യമുനയുടെ തീരത്തെ പ്രണയ സ്മാരകം

കാഴ്ചകൾ കണ്ട് യാത്ര ചെയ്യുമ്പോഴാണ് സത്യത്തിൽ നാം അത്ഭുതപ്പെട്ട് പോകുന്നത്. കാരണം ദൈവം ഈ പ്രപഞ്ചത്തെ ഏതെല്ലാം രീതികളിലും സൗന്ദര്യത്തിലുമാണ് സൃഷ്ടിച്ചു വെച്ചിരിക്കുന്നതെന്നറിയുമ്പോൾ അത്തരം സൃഷ്ടികളെ നേരിൽ കാണുവാനും കണ്ട് ആസ്വാദിക്കുവാനുമായിരുന്നു ഈ യാത്ര.
ചെറുചെറു യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും അൽപം ചെലവ് വരുന്ന യാത്ര ആദ്യമായാണ്. ഞാനടക്കം അഞ്ച് പേരടങ്ങുന്ന സംഘമായാണ് യാത്ര തിരിച്ചത്. എല്ലാവരും സുഹൃത്തുക്കളാണ്. അതിന് മുൻപ് മൂന്ന് പേരായിരുന്നു യാത്രക്ക് ഒരുങ്ങിയത്. പിന്നെ ചില കൂട്ടിക്കിഴിക്കലിന് ശേഷം സാമ്പത്തികം ഒരു പ്രധാന വിഷയമാണെങ്കിലും ഇനി ഇങ്ങനെ ഒരവസരം കിട്ടില്ല എന്ന് വിചാരിച്ച് അതിലേക്ക് ചേർന്നു.  പ്ലാൻ ഇങ്ങനെയായിരുന്നു. ആഗ്ര, ദൽഹി, കശ്മീർ. റിട്ടേൺ ടിക്കറ്റ് അടക്കം ബുക്ക് ചെയ്തായിരുന്നു യാത്ര. ട്രെയിനിൽ ഇത്രയും ദൂരം യാത്ര ചെയ്യുന്നതും ആദ്യമായിട്ടാണ്.


ഞങ്ങൾ സെപ്തംബർ 17 ന് ഏകദേശം ഉച്ചക്ക് 12 മണി ആയപ്പോഴേക്കും  ഷൊർണൂരിൽ എത്തിച്ചേർന്നു. മംഗള എക്‌സ്പ്രസിൽ  എസി ത്രീ ടയറിലായിരുന്നു ബുക്കിംഗ്. ട്രെയിൻ പ്ലാറ്റ്‌ഫോം 6 ൽ കറക്ട് സമയത്ത് മംഗല്യവതിയായിത്തന്നെ എത്തിച്ചേർന്നു. ടിക്കറ്റ് ഷൊർണൂർ  മുതൽ ആഗ്ര കണ്ടോൺമെന്റ് വരെയാണ്.
കൃത്യം ഒരു മണിക്ക് തന്നെ ഞങ്ങളെയും വഹിച്ച് നീങ്ങിത്തുടങ്ങി. രണ്ട് കമ്പാർട്ട്‌മെന്റിലായിരുന്നു യാത്ര. അവനവന്റെ സീറ്റ് നമ്പർ പ്രകാരം ഇരിപ്പിടം ഉറപ്പിച്ചു. എന്നെ സംബന്ധിച്ച് ഹോട്ടൽ ഭക്ഷണം (മാംസാഹാരം) കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ട്രെയിൻ ആഗ്രയിൽ എത്തിച്ചേരുക 19ാം തീയതി രാവിലെ 9.55 നാണ്. അതുവരെ കഴിക്കാനുള്ള നോർമൽ ഭക്ഷണം എല്ലാവരും കുറേശ്ശെ കരുതിയിരുന്നു. കൂടാതെ വെറുതെ ഇരിക്കുമ്പോൾ കൊറിക്കാൻ പ്രിയതമ  നല്ല രുചിയുള്ള മിക്‌സ്ചർ ഉണ്ടാക്കിത്തന്നിരുന്നു. അതുകൊണ്ട് തന്നെ ആഗ്ര വരെയുള്ള യാത്ര അതിഗംഭീരമായി. പകൽ സമയം  ജാലകത്തിനടുത്തുള്ള ഇരുത്തം വൈവിധ്യമാർന്ന കാഴ്ചകൾ കണ്ട് സഞ്ചരിക്കാനും ആസ്വദിക്കാനും സാധിച്ചു എന്നുള്ളതും മനസ്സിന് ഏറെ കുളിർമയേകി.
ഏകദേശം 45 മണിക്കൂറിന് ശേഷം കൃത്യം 9.55 ന്  ട്രെയിൻ ആഗ്ര സ്റ്റേഷനിൽ എത്തിച്ചേർന്നു.


ബാഗേജുകളെല്ലാം എടുത്ത് ഞങ്ങൾ സ്റ്റേഷനിലെ ക്ലോക്ക് റൂമിൽ  വെച്ച് ഫ്രഷായി ബ്രേക്ക് ഫാസ്റ്റ് കഴിച്ച് നേരെ ആഗ്ര ഫോർട്ട് കാണാൻ തിരിച്ചു. (താജ്മഹൽ കാണാനുള്ള പ്രവേശന ടിക്കറ്റ് തിരക്കൊഴിവാക്കാൻ വേണ്ടി ആഗ്ര എത്തുന്നതിന് മുൻപ് തന്നെ ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നു. ആഗ്രയിൽ ഞങ്ങൾക്കുള്ള സമയം രാത്രി 11 മണി വരെയാണ് .... 11.50 നാണ് ദൽഹിക്കുള്ള ടിക്കറ്റ്).
ഈ കോട്ട മുഗൾ ചക്രവർത്തി അക്ബർ പണി കഴിപ്പിച്ചതാണ്. 16ാം നൂറ്റാണ്ടിൽ ചുവന്ന മണൽ കല്ലുകൾ കൊണ്ടാണ് ഇത് നിർമിച്ചത്. ബാബർ മുതൽ ഔറംഗസീബ് വരെയുള്ള മുഗൾ ചക്രവർത്തിമാർ ഇവിടെ നിന്നാണ് സാമ്രാജ്യം ഭരിച്ചത്.
ഉത്തർപ്രദേശിലെ ചരിത്ര നഗരമായ ആഗ്രയിൽ യമുന നദിയുടെ വലത് കരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ കോട്ട 1983 ൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി. ലോക മഹാത്ഭുതമായ താജ് മഹലിന് രണ്ടര കി.മീ വടക്കുപടിഞ്ഞാറായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നോക്കിയാൽ താജ്മഹലെന്ന മഹാത്ഭുതം അതിന്റെ പ്രൗഢിയോട് കൂടി തലയെടുപ്പോടെ  നിൽക്കുന്നത് കാണാം. കോട്ടക്കുള്ളിലെ കാഴ്ച പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. 
അക്ബറിന്റെ ചെറുമകനായ ഷാജഹാന്റെ ഭരണ കാലത്താണ് ഈ ചരിത്ര സ്മാരകം അതിന്റെ ഇന്നത്തെ അവസ്ഥ കൈവരിച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ ഷാജഹാനെ  മകൻ ഔറംഗസീബ് പുറത്താക്കുകയും ഈ കോട്ടയിൽ തടവിലിടുകയും ചെയ്തു.


ഈ കോട്ടക്കുള്ളിലെ മുത്തമ്മൻ ബുർജും ജഹാംഗീറിന്റെ മാർബിളിൽ തീർത്ത സിംഹാസനവും എടുത്തു പറയേണ്ട ഒന്നാണ്. അതുപോലെ വളരെ വിശാലമായി നടന്നു കാണാനും ആസ്വാദിക്കുവാനും ഒത്തിരി കാര്യങ്ങളും കാഴ്ചകളും അവിടെയുണ്ട്. അതുപോലെ തന്നെയാണ് കോട്ടക്കുള്ളിലെ ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച നാഗിന മസ്ജിദ്.  ഇത് ജെം മോസ്‌ക് അല്ലെങ്കിൽ ജൂവൽ മോസ്‌ക് എന്നും അറിയപ്പെടുന്നു. ഇത് തീർത്തും വെള്ള മാർബിളാൽ അലംകൃതമാണ്. സമയക്കുറവ് മൂലം ഞങ്ങൾ മൊത്തത്തിലൊന്ന് ചുറ്റിക്കണ്ട് നേരെ ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ കാണാൻ തിരിച്ചു. 
നാമൊക്കെ ഇതുവരെ ദൃശ്യ വാർത്ത മാധ്യമങ്ങളിൽ കണ്ടറിഞ്ഞ ഈ അത്ഭുതം ഇതാ വിശ്വസിക്കാനാവാത്ത വിധത്തിൽ കൺമുൻപിൽ ----- ! ഒരു നിമിഷം പകച്ചു നിന്നുപോയി. ഏകദേശം 42 ഏക്കറിൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സ്ഥലം അതീവ മനോഹരമാണ്. വലതു കര യമുന നദി. വെള്ളം അൽപം കമ്മിയാണങ്കിലും ആ കാഴ്ച അതീവ സുന്ദരവും മനസ്സിന് എന്തെന്നില്ലാത്ത കുളിർമയുമാണ് നൽകുന്നത്. താജ്മഹലിനകത്ത് കാലുറ ധരിച്ച് വേണം പ്രവേശിക്കാൻ. ആ വെണ്ണക്കല്ല് നേരിൽ കാണുവാനും ആസ്വാദിക്കുവാനും ഭാഗ്യം ലഭിച്ചു എന്നതും ദൈവാനുഗ്രഹം. ഷാജഹാനും മുംതാസ് മഹലും അന്ത്യവിശ്രമം കൊള്ളുന്ന  ഈയിടം തികച്ചും അത്ഭുത കാഴ്ച തന്നെയാണ്. അവിടെ ബാങ്ക് മൈക്ക് ഉപയോഗിക്കാതെയാണ് വിളിക്കാറ്. വെള്ളിയാഴ്ച മാത്രമേ നമസ്‌കാരമുള്ളൂ. അതിനുള്ളിലെ ശബ്ദ പ്രതിധ്വനി  ആരെയും അത്ഭുതപ്പെടുത്തും. അത് നേരിട്ട് അനുഭവിച്ചറിയുവാനും സാധിച്ചു. താജ്മഹലിലേക്കുള്ള പ്രവേശന കവാടം തന്നെ ഒരു വ്യത്യസത കാഴ്ചയും അനുഭൂതിയുമാണ് സമ്മാനിച്ചത്.


മുംതാസ് മഹലിന്റെ യഥാർത്ഥ നാമം (അർജുമാൻ ബാനു ബീഗം) എന്നാണ്. 1607 ൽ മുംതാസ് മഹലിന് പതിനാലു വയസ്സുള്ളപ്പോഴാണ് ജഹാംഗീറിന്റെ പുത്രനായ ഷാജഹാനുമായി വിവാഹം നിശ്ചയം നടക്കുന്നത്. ഷാജഹാന് മുംതാസ് മഹലല്ലാതെ പല ഭാര്യമാർ ഉണ്ടെങ്കിലും ആ കല്യാണമൊക്കെ വെറും പേരിന് മാത്രമായിരുന്നു. ഏറ്റവും സ്‌നേഹവും  പ്രണയവുമൊക്കെ മുംതാസ് മഹലിനോടായിരുന്നു. അതിന്റെ ഉദാത്ത മാതൃകയാണല്ലോ ഈ ലോകാത്ഭുതം.
ജനഗണമനയുടെ ശിൽപിയും ഇന്ത്യയുടെ പ്രമുഖ തത്വചിന്തകനുമായിരുന്ന  രബീന്ദ്രനാഥ് ടാഗോർ താജ്മഹലിനെ വിശേഷിപ്പിച്ചത് കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർ തുള്ളി എന്നാണ്.
സമയം ഏകദേശം വൈകുന്നേരം ആറരയോടടുക്കുന്നു. ഞങ്ങൾ ആത്മസംതൃപ്തിയോടെ അവിടെ നിന്ന് മടങ്ങി. മഗ്‌രിബ് നമസ്‌കാരാനന്തരം തൊട്ടടുത്തുള്ള ചെറിയ കടകളിലൂടെ കണ്ണോടിച്ചു. ആഗ്ര എന്ന സ്ഥലം ലെതർ സാമഗ്രികൾക്ക് ഏറെ പ്രിയം നിറഞ്ഞതാണ്. അതിലൂടെ സഞ്ചരിക്കാൻ സമയക്കുറവ് മൂലം സാധിച്ചില്ല എന്ന സങ്കടം ഇവിടെ രേഖപ്പെടുത്തുന്നു. പിന്നെ ഭക്ഷണം കഴിച്ചതിന് ശേഷം നേരെ റെയിൽവേ സ്റ്റേഷനിലേക്ക്. അവിടെ നിന്ന് 11.50 ന്  നേരെ ദൽഹിയിലേക്ക്, പുലർച്ചെ 4.10 ന് ദൽഹിയിൽ എത്തിച്ചേർന്നു. സ്റ്റേഷനിൽ റിട്ടയറിംഗ് റൂം നേരത്തെ ബുക്ക് ചെയ്തതുകൊണ്ട് അൽപം വിശ്രമിക്കാനായി. രാവിലെ 8 മണി വരെയാണ് അനുവദിച്ച സമയം. അതുകൊണ്ട് തന്നെ 8 മണിയായപ്പോഴേക്കും എല്ലാവരും റെഡിയായി ബാഗേജുകൾ ക്ലോക്ക് റൂമിൽ ഏൽപിച്ച് സ്റ്റേഷന് പുറത്ത് കടന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ടാക്‌സി വിളിക്കാനുള്ള തയാറെടുപ്പിലായി. ദൽഹിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണാനായിരുന്നു യാത്ര. രാത്രി 11  വരെയേയുള്ളൂ സമയം. 11.30 നാണ് ദൽഹി - ഉദ്ദംപൂരിലേക്കുള്ള ട്രെയിൻ.
ടാക്‌സി കാർ കൂട്ടത്തോടെ വന്നത് കാരണം ശബ്ദവും ഉയർന്നു. ഈയവസരം കണ്ട ഒരു ജവാൻ അടുത്ത് വന്ന് കാര്യങ്ങൾ അന്വേഷിച്ചു. അദ്ദേഹം ഒരു മലയാളിയായിരുന്നു. എറണാകുളം സ്വദേശിയായിരുന്നു. മലയാളി ആയതുകൊണ്ട് തന്നെ ആ സ്‌നേഹവും കരുതലും ഞങ്ങൾ തൊട്ടറിഞ്ഞു. അദ്ദേഹം അവിടെ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ ബോധ്യപ്പെടുത്തിത്തരികയും ഒരു ടാക്‌സി ഏർപ്പാടാക്കിത്തരികയും ചെയ്തു. എന്ത് പ്രശ്‌നമുണ്ടെങ്കിലും എന്നെ ബന്ധപ്പെടണമെന്നറിയിച്ച് ഫോൺ നമ്പറും കൈമാറി. 
ടാക്‌സിക്കാരനേട് ഞങ്ങൾ 2500 രൂപ കരാർ ഉറപ്പിച്ച് യാത്ര ആരംഭിച്ചു. തുടക്കം കുത്തബ് മിനാർ - ലോട്ടസ് ടെമ്പിൾ - രാജ്ഘട്ട് - റെഡ് ഫോർട്ട് - ദൽഹി ജുമാ മസ്ജിദ് -ഗേറ്റ് വേ ഓഫ് ഇന്ത്യ -ഇതായിരുന്നു പ്ലാൻ. വൈകുന്നേരം 5 മണി വരെ. അദ്ദേഹം അതുപോലെ വളരെ ഭംഗിയായി ചെയ്തു.
 കുത്തബ് മിനാറിലേക്ക് ടിക്കറ്റെടുത്ത് അകത്തേക്ക് പ്രവേശിച്ചു. ആദ്യത്തെ കാഴ്ച ആയതുകൊണ്ട് തന്നെ അതിനൊരു പ്രത്യേക അനുഭൂതിയായിരുന്നു. ഇഷ്ടിക കൊണ്ട് നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മിനാറാണിത്. ഇതും ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
1199  ൽ ദില്ലി സുൽത്തായിരുന്ന കുത്തബുദ്ദീൻ ഐബക് ആയിരുന്നു ഈ മിനാറിന്റെ ആദ്യനില പണി കഴിപ്പിച്ചത്. ഇതിന്റെ ഉയരം 237. 8 അടിയാണ്. 379 പടികളാണ് ഇതിനുള്ളത്.
ഇതിന്റെ മുകളിലേക്ക് കയറിപ്പോകാൻ പടികൾ ഉണ്ടെങ്കിലും ആരെയും കടത്തിവിടാറില്ല. 1981 ൽ ഇവിടെ നടന്ന ഒരു അപകടത്തെത്തുടർന്ന് നിരവധി ജീവനുകളാണ് പൊലിഞ്ഞത്. അഞ്ചു തട്ടുകളായി നിർമിച്ച കുത്തബ് മിനാറിന്റെ ഓരോ തട്ടുകളിലും ബാൽക്കണികൾ നിർമിച്ചിട്ടുണ്ട്. കുത്തബുദ്ദീൻ നിർമിച്ച ആദ്യനിലയുടെ ചുവരിൽ അറബിയിലുള്ള ലിഖിതങ്ങൾ കാണാം. ഏറ്റവും മുകളിലത്തെ 2 നിലകൾ ഒഴികെ മറ്റു നിലകളെല്ലാം ചുവന്ന മണൽക്കല്ലിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്. മുകളിലത്തെ രണ്ട് നിലകൾ ഫിറോസ് ഷാ തുഗ്ലക് മാർബിളിലാണ് പണി കഴിപ്പിച്ചത്. അഞ്ച് നിലകളുള്ള ഗോപുരത്തിന്റെ താഴെ തട്ടിന് 14.3 മീറ്റർ വ്യാസവും മുകൾ തട്ടിന് 2.75 മീറ്റർ വ്യാസവുമാണുള്ളത്. ഞങ്ങൾ മൊത്തത്തിലൊന്ന് ചുറ്റിക്കണ്ട് അടുത്ത കാഴ്ചയിലേക്ക് നീങ്ങി. 
താമരപ്പൂവിന്റെ ആകൃതിയിലുള്ള ലോട്ടസ് ടെമ്പിൾ അതീവ സുന്ദരമാണ്. ദൂരെയുള്ള കാഴ്ച പച്ച പുൽത്തകിടിയിൽ വിരിഞ്ഞ് നിൽക്കുന്ന തൂവെള്ള താമര. തലസ്ഥാന നഗരിയുടെ ഒരു പ്രത്യേക ആകർഷണ കേന്ദ്രമാണ് ലോട്ടസ് ടെമ്പിൾ എന്ന ബഹായ് ക്ഷേത്രം. 1986 ൽ പണിതീർത്ത ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വലുതും ശിൽപ ചാരുതയിൽ മുന്നിട്ട് നിൽക്കുന്നതുമാണ്. ഇതിന്റെ ശിൽപി ഇറാൻകാരനായ ഫരി ബോസ് സഹ്ബ എന്നയാളാണ്. സത്യത്തിൽ ഈ ക്ഷേത്രം ഒരു മതത്തെയും പ്രതിനിധാനം ചെയ്യുന്നില്ല. ബഹായ്കൾ ഏകദൈവത്തിൽ വിശ്വസിക്കുന്നവരാണ്. മാനവരാശിയുടെ നന്മയാണ് തങ്ങളുടെ ജീവിത ലക്ഷ്യമെന്ന് അടിയുറച്ച് വിശ്വസിക്കുന്നവരാണിവർ. എല്ലാ മതത്തെയും ഒരുപോലെ വിശ്വസിക്കുന്നവരാണ് ബഹായ് വിശ്വാസികൾ. വർണ പുഷ്പങ്ങൾ അഴകു വിരിയിച്ച മനോഹരമായ ഉദ്യാനം വേറിട്ട കാഴ്ചയും അനുഭൂതിയും നൽകുന്നു. ഇവിടെ നിന്ന് മനോഹരമായ ചിത്രങ്ങൾ പകർത്താം. ഞങ്ങൾ പോയ സമയം നട്ടുച്ചയായിരുന്നു. അതുകൊണ്ട് വെയിലിന് കനത്ത ചൂടുണ്ടായിരുന്നു. (ഗേറ്റിന് പുറത്ത് നാരിയൽ കാപാനിയുടെ കച്ചവടം തകൃതിയായി നടക്കുന്നു. അത് കുടിച്ചപ്പോൾ ദാഹത്തിന് അൽപം ശമനം കിട്ടി)
 ഇത് കഴിഞ്ഞ് ഞങ്ങൾ നേരെ തിരിച്ചത് മുഗൾ ചക്രവർത്തി ഹുമയൂണിന്റെ ശവകുടീരം കാണാനായിരുന്നു. കൂടാതെ മറ്റു പലരുടെയും ശവകുടീരങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
     ഹുമയൂണിന്റെ മരണശേഷം അദ്ദേഹത്തിന്റെ വിധവയായിരുന്ന ഹമീദ ബാനു ബീഗമാണ് ശവകുടീരത്തിന്റെ നിർമാണത്തിന് ഉത്തരവിട്ടത്. എല്ലാത്തിന്റെയും വാസ്തുശിൽപ ഘടന ഏകദേശം ഒരു പോലെ തോന്നും. വിശാലമായ ഉദ്യാനവും കാഴ്ചക്കാരെ വിസ്മയിപ്പിക്കും. ഇവിടെ നിന്ന്് ഞങ്ങൾ നേരെ പോയത്  രാജ്ഘട്ടി (ഗാന്ധി സ്മാരകം) ലേക്കാണ്.
അദ്ദേഹത്തെ ഇവിടെ സംസ്‌കരിച്ചത് 31/01/1948 ലാണ്. ഇതിനു ചുറ്റും മനോഹരമായ പൂന്തോട്ടങ്ങളും പുൽ മൈതാനവും വളരെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഗാന്ധിജിയെ ആദരിച്ചുകൊണ്ട് ഇവിടെ പ്രാർഥന നടക്കുന്നു.
ഇത് കഴിഞ്ഞ് ഞങ്ങൾ  പ്രസിദ്ധമായ ദൽഹി ജുമാ മസ്ജിദിൽ എത്തിച്ചേർന്നു. കാഴ്ചയിൽ അതിശയിപ്പിക്കുമെങ്കിലും  പരിപാലനത്തിന്റെ കുറവ് അങ്ങിങ്ങായി ഞങ്ങൾക്ക് അനുഭവപ്പെട്ടു. ദില്ലിയിലെ ചാന്ദ്‌നി ചൗക്കിൽ സ്ഥിതി ചെയ്യുന്ന ഈ പുരാതന മസ്ജിദ് 1644 - 56 കാലയളവിൽ മുഗൾ രാജാവ് ഷാജഹാനാണ് പണിതീർത്തത്. ഇന്ത്യയിൽ അറിയപ്പെടുന്ന മുസ്്‌ലിം പള്ളികളിൽ ഒന്നാണിത്. ദൽഹിയിലെ വ്യാപാരികളുടെ കേന്ദ്രമാണ് ചാന്ദ്‌നി ചൗക്ക്.
പിന്നെ ഞങ്ങൾ പോയത്  ചെങ്കോട്ടയിലേക്കാണ്. എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി കോട്ടയിലെ ലാഹോറി ഗേറ്റിൽ  ത്രിവർണ പതാക ഉയർത്തുകയും രാജ്യത്തെ അഭിസംബോധന ചെയത് സംസാരിക്കുകയും ചെയ്യുന്നു. 255 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട ചെങ്കല്ലും മാർബിളും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.അഞ്ചാമത്തെ മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ തലസ്ഥാനം ആഗ്രയിൽ നിന്ന് ദൽഹിയിലേക്ക് മാറ്റാൻ ആഗ്രഹിച്ചപ്പോൾ നിർമിച്ചതാണ് ഈ കോട്ട. 
                                  (തുടരും)

Latest News