Sorry, you need to enable JavaScript to visit this website.

ഉരുൾപൊട്ടൽ തുടരുന്നു; ചങ്കിടിപ്പോടെ കുറിച്യർമല നിവാസികൾ

കുറിച്യർമലയിൽ തിങ്കളാഴ്ച പുലർച്ചെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ പ്രദേശം. 


കൽപറ്റ- പൊഴുതന പഞ്ചായത്തിലെ കുറിച്യർമലയിൽ ഉരുൾപൊട്ടൽ തുടരുന്നത് മലയിലും താഴ്‌വാരത്തും താമസിക്കുന്നവരെ ഭീതിയിലാക്കി. 250 ലേറെ കുടുംബങ്ങളാണ് ഭയത്തോടെ കഴിയുന്നത്. കുറിച്യർമലയിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ ഒമ്പത് വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നിരുന്നു. നിരവധി ഏക്കർ കൃഷിയും നശിച്ചു. കുറിച്യർമലയിലെയും അടുത്തുള്ള സേട്ടുകുന്നിലെയും ഉരുൾപൊട്ടൽ അമ്മാറ, മീൻചാൽ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും കാരണമായി. ഇതിന്റെ തിക്തഫലം ജനം അനുഭവിക്കുന്നതിനിടെയാണ് ഞായറാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി മലയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടിയത്. ഇതുമൂലം ഏക്കർ കണക്കിനു സ്ഥലം ഒലിച്ചുപോയെങ്കിലും  ആളപായമില്ലെന്നു സ്ഥലപരിശോധന നടത്തിയ റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ, കാലവർഷത്തിന്റെ ശക്തി വയനാട്ടിൽ  ഗണ്യമായി കുറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനു അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 68.33 മില്ലീമീറ്റർ മഴയാണ് പെയ്തത്. വൈത്തിരി താലൂക്കിൽ 88.2-ഉം ബത്തേരി താലൂക്കിൽ 38.8-ഉം മാനന്തവാടി താലൂക്കിൽ 78-ഉം മില്ലീമീറ്റർ മഴ വർഷിച്ചു. 775.6 എം.എസ്.എൽ ആണ് ബാണാസുര അണയിൽ ഇന്നലെ ജലനിരപ്പ്. കാരാപ്പുഴ അണയിൽ ജലനിരപ്പ് 758.2 എം.എസ്.എല്ലിൽ നിലനിർത്തിയിരിക്കയാണ്. 
മഴ കുറഞ്ഞതോട് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നു വീടുകളിലേക്കു മടങ്ങിത്തുടങ്ങി. ജില്ലയിൽ 122 ദുരിതാശ്വാസ ക്യാമ്പുകളിലായി 3571  കുടുംബങ്ങളിലെ 13284  പേരാണ് ഇന്നലെയുള്ളത്. 126 ക്യാമ്പുകളാണ് ഞായറാഴ്ച ജില്ലയിൽ പ്രവർത്തിച്ചത്. കാലവർഷം ശക്തിപ്രാപിച്ച ജൂൺ എട്ടു മുതൽ ഇന്നലെ വരെ 226 വീടുകൾ പൂർണമായും 537 വീടുകൾ ഭാഗികമായും നശിച്ചതായാണ് കണക്ക്. 
ബാണാസുര അണയുടെ ഷട്ടറുകൾ കഴിഞ്ഞ എട്ടിനു മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഉയർത്തിയത് ജില്ലയിൽ കടുത്ത പ്രതിഷേധത്തിനു കാരണമായി. അണയുടെ ഷട്ടറുകൾ 190 സെന്റീമീറ്റർ വരെ ഉയർത്തി വെള്ളം ഒഴുക്കിയത് പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം പഞ്ചായത്തുകളിൽ കബനി നദിയുടെ കൈവഴികളോടു ചേർന്ന ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിനു കാരണമായിരുന്നു. പ്രളയബാധിതർക്കു കെ.എസ്.ഇ.ബി നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം പരക്കേ ഉയരുന്നുണ്ട്. കൃഷിക്കും ജലസേചനത്തിനുമെന്നു പറഞ്ഞ് നിർമിച്ചതാണ് പടിഞ്ഞാറത്തറയ്ക്കു സമീപമുള്ള ബാണാസുര അണ. വെള്ളം കക്കയത്ത് എത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ജലസേചനത്തിനു ഇതേവരെ ഉപയോഗപ്പെടുത്തിയിട്ടില്ല. 
അണയിലെ വെള്ളം  വേനലിലും  തുറന്നുവിടുക, മഴക്കാലത്ത് മുന്നൊരുക്കം നടത്തിമാത്രം ഷട്ടറുകൾ തുറക്കുക, അണയുടെ താഴ്‌വാരത്തുള്ളവരെ പുനരധിവസിപ്പിക്കുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് തദ്ദേശവാസികൾ. 
ഇതിന്റെ ഭാഗമായി 15നു ഉച്ചകഴിഞ്ഞ് മൂന്നിനു വാരാമ്പറ്റ മദ്രസ ഹാളിൽ  ജനകീയ കൺവെൻഷൻ ചേരുമെന്നു പൊതുപ്രവർത്തകരായ ലേഖ പുരുഷോത്തമൻ, ടി.കെ. മമ്മൂട്ടി, കണ്ണാടി മജീദ്, ടി.എച്ച്. ഇബ്രാഹിം,  പി.ഒ. നാസർ, കെ.എസ്. പ്രസന്നകുമാർ, കെ. മൊയ്തു എന്നിവർ അറിയിച്ചു. 

 

Latest News