തിരുവനന്തപുരം- യു.എ.ഇയിൽ ജോലി ചെയ്യുന്ന പ്രവാസി അധ്യാപകരുടെ സർട്ടിഫിക്കറ്റ് തുല്യതാ പ്രശ്‌നം പരിഹരിക്കാൻ കേരള സർക്കാരും യൂണിവേഴ്‌സിറ്റികളും ഇടപെടണമെന്ന് പ്രവാസി വെൽഫെയർ ഫോറം ആവശ്യപ്പെട്ടു.
ഇക്കാര്യം ഉന്നയിച്ച് വെൽഫെയർ ഫോറം പ്രതിനിധികൾ കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവത്തെ സന്ദർശിച്ചു നിവേദനം നൽകി. പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെ ലഭിച്ച ബിരുദ ബിരുദാനന്തര സർട്ടിഫിക്കറ്റുകൾക്ക് പുതിയ യു.എ.ഇ നിയമനുസരിച്ച് തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് അധ്യാപകരുടെ ജോലി നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നത്. കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ റെഗുലർ വിദ്യാർഥികളും പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെ പരീക്ഷ എഴുതുന്ന വിദ്യാർഥികളും തമ്മിൽ സിലബസിലോ പരീക്ഷയിലോ യാതൊരു വ്യത്യാസവുമില്ല. സർട്ടിഫിക്കറ്റിൽ മോഡ് ഓഫ് സ്റ്റഡി പ്രൈവറ്റ് എന്ന് രേഖപ്പെടുത്തുന്നതിനാലാണ് തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കാതെ പോകുന്നത്. ഇത് പരിഹരിക്കാതിരുന്നാൽ യു.എ.ഇയിൽ ജോലി ചെയ്യുന്ന ആയിരത്തിലധികം അധ്യാപകർക്ക് സെപ്റ്റംബർ 30 കഴിയുന്നതോടെ തൊഴിൽ നഷ്ടപ്പെടും. മറ്റ് തൊഴിൽ മേഖലകളിലും വൈകാതെ ഈ നിയമം നടപ്പാക്കും.
സൗദി അടക്കമുള്ള മറ്റ് ഗൾഫ് രാജ്യങ്ങളും ഇത്തരം നിയമം കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ്. കേരള സർക്കാർ ഈ വിഷയം പരിഹരിക്കുന്നതിന് ഒരു പ്രതിനിധി സംഘം യു.എ.ഇ മിനിസ്ട്രിയെ വിഷയം ബോധ്യപ്പെടുത്തണമെന്ന് ഫോറം ആവശ്യപ്പെടുന്നു.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീൽ, കേരള, എം.ജി, കണ്ണർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വെസ് ചാൻസലർമാർ എന്നിവർക്ക് പ്രവാസി വെൽഫെയർ ഫോറം പ്രതിനിധി സംഘം നിവേദനം നൽകി.
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ഫോറം ജനറൽ സെക്രട്ടറി ഹസനുൽ ബന്ന, സിറാജുദ്ദീൻ ഷമീം, എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.