Sorry, you need to enable JavaScript to visit this website.

രാജ്യത്ത് നടക്കുന്നത് അസഹിഷ്ണുതയുടെ അധിനിവേശമെന്ന് എം.ടി.വാസുദേവന്‍ നായര്‍

തൃശൂര്‍- എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ത്തുന്ന എഴുത്തുകാരെ അടിച്ചമര്‍ത്തുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ ഇന്ത്യയിലുളളതെന്ന് എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍. സമൂഹം അപകടകരമായ സാഹചര്യത്തിലേക്ക് പോവുകയാണെന്നും രാജ്യത്ത് അസഹിഷ്ണുതയുടെ അധിനിവേശം നടക്കുകയാണെന്നും എം.ടി പറഞ്ഞു. തൃശൂരില്‍ തെക്കേമഠത്തിന്റെ ശങ്കരപത്മം പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരുമാള്‍ മുരുകന്‍ എന്ന കലാകാരന് സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദം കൊണ്ട് എഴുത്ത് ഉപേക്ഷിക്കേണ്ടി വന്നു. ഇത്തരം സംഭവങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യവും കലാ സൃഷ്ടിയും ഇല്ലാതാക്കുമെന്ന് സമൂഹം മനസ്സിലാക്കണം. കേന്ദ്രം എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത്  കാണുമ്പോള്‍ ജര്‍മനിയിലെ നാസി ഭരണമാണ് ഓര്‍മ വരുന്നത്. ഇന്ത്യയ്ക്ക് ഇത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വരുമെന്ന് ഞാന്‍ കരുതിയില്ല-എം.ടി പറഞ്ഞു.
ഒരു മതഗ്രന്ഥവും മനുഷ്യരെ കൊല്ലാന്‍ പറഞ്ഞിട്ടില്ലെന്നും മതമെന്നാല്‍ അഭിപ്രായമെന്നാണ് അര്‍ത്ഥമാക്കുന്നതെന്നും എം.ടി പറഞ്ഞു. ജീവനെടുക്കാനോ അക്രമം നടത്താനോ ഒരു മതവും പറഞ്ഞിട്ടില്ല. യഥാര്‍ത്ഥ മതവിശ്വാസികള്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ പൊരുതണം. എല്ലാ മതങ്ങള്‍ക്കും ഒരു താത്ത്വികമായ ഭാവവും തത്വ ചിന്തയുമുണ്ട്. അതാണ് സമൂഹത്തില്‍ പ്രചരിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News