Sorry, you need to enable JavaScript to visit this website.

കുട്ടിയെ തട്ടിക്കൊണ്ട് പോയവര്‍ ആദ്യം ചോദിച്ചത് അഞ്ച് ലക്ഷം, പിന്നീട് വിളിച്ചപ്പോള്‍ 10 ലക്ഷമാക്കി ഉയര്‍ത്തി

കൊല്ലം - കൊല്ലം ഓയൂരില്‍ സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെ തട്ടിക്കൊണ്ടു പോയ ആറുവയസ്സുകാരി അബികേല്‍ സാറയെ വിട്ടു കിട്ടാന്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് രണ്ട് തവണ. ആദ്യം വിളിച്ച് അഞ്ച് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് സംഘം. പിന്നീട് വിളിച്ച് 10 ലക്ഷം ചോദിക്കുകയായിരുന്നു. പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണ്‍ വാങ്ങി ആദ്യം രണ്ടു പേര്‍ ഫോണ്‍ വിളിക്കുകയായിരുന്നു. ഓട്ടോയില്‍ എത്തിയ ഇവര്‍ ഇയാളോട് അത്യാവശ്യമായി ഫോണ്‍ ആവശ്യപ്പെടുകയും ആരെയോ ഫോണ്‍ വിളിച്ച ശേഷം പെട്ടെന്ന് തന്നെ ഓട്ടോയില്‍ കയറിപ്പോകുകയുമാണുണ്ടായതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലുള്ളവരാണ് തന്റെ ഫോണില്‍ നിന്ന് വിളിച്ചതെന്ന് പോലീസ് അന്വേഷിച്ച് വന്നപ്പോഴാണ് ഇയാള്‍ അറിയുന്നത്. വ്യാപാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാരിപ്പള്ളിയിലെ ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിക്കുകയാണ്.

കുട്ടിയെ തട്ടിക്കൊണ്ടു പോയ കാര്‍ കഴിഞ്ഞ രണ്ടു ദിവസമായി കുട്ടിയുടെ വീടിന് സമീപത്ത് ചുറ്റിത്തിരിയുന്നതായി സ്‌കൂള്‍ കുട്ടികളില്‍ ചിലര്‍ നാട്ടുകാരോട് പറഞ്ഞിട്ടുണ്ട്. വളരെ ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന കാര്യം പോലീസും സ്ഥിരീകരിക്കുന്നുണ്ട്. ഇതിനിടെ കുട്ടിയെ വിട്ടു കിട്ടാന്‍  ഒന്നിലധികം തവണ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍കോളുകള്‍ വന്നതായി എം.കെ. പ്രേമചന്ദ്രന്‍ എം പി മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം അഞ്ച് ലക്ഷം ആവശ്യപ്പെട്ടതിന് പിന്നാലെ പത്ത് ലക്ഷം വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍ കോള്‍ വന്നതായി അദ്ദേഹം പറഞ്ഞു. 

കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവരോട് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പറയുന്നത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തുരുവനന്തപുരം ജില്ലകളിലാണ് ഇപ്പോള്‍ പഴുതടച്ച പരിശോധന നടക്കുന്നത്. പോലീസിന് ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ആ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ല. തട്ടിക്കൊണ്ടുപോയവര്‍ ഉപയോഗിച്ച കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ടു പോയവര്‍ കൊല്ലം ജില്ല വിട്ടു പോയിട്ടില്ലെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ കാറിലുണ്ടായിരുന്നവര്‍ മാത്രമല്ല, കൂടുതല്‍ പേര്‍ ഈ സംഘത്തിലുണ്ടാകാനിടയുണ്ടെന്നും പോലീസ് കണക്ക് കൂട്ടുന്നു.


 

Latest News