തിരുവനന്തപുരം-കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ദിനംപ്രതി 167 മുസ്ലിം കുട്ടികള്‍ ജനിക്കുന്നതായി അവകാശപ്പെട്ടുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം. എന്നാല്‍ ഈ അവകാശവാദം തെറ്റാണെന്ന് വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ ബൂം വെളിപ്പെടുത്തി.
കേരളത്തിലെ മുസ്ലിം കുട്ടികളുടെ ജനനനിരക്ക് രാജ്യത്തുടനീളമുള്ള മറ്റ് മതങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നാണ് ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച സന്ദേശത്തില്‍ പറയുന്നത്. ശരീഅത്ത് നിയമം നടപ്പിലാക്കുന്നതിനും ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കുന്നതിനുമുള്ള നടപടികളാണ് അതിവേഗത്തില്‍ നടക്കുന്നതെന്നും വിദ്വേഷ പ്രചാരണത്തില്‍ പറയുന്നു.
ഈ അവകാശവാദങ്ങള്‍ തെറ്റാണെന്നാണ് ബൂം കണ്ടെത്തിയത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ജനനങ്ങളുടെ മതപരമായ പ്രത്യേക വിവരങ്ങള്‍ കേരള സര്‍ക്കാര്‍ നല്‍കുന്നില്ല. ദേശീയ തലത്തില്‍ മതം തിരിച്ച ജനനങ്ങളുടെ ഡാറ്റ കേന്ദ്ര സര്‍ക്കാരും നല്‍കുന്നില്ല.
നേരത്ത സമാനമായ അവകാശവാദം ബൂം പരിശോധിച്ചിരുന്നു. ദല്‍ഹി സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിദിനം 167 മുസ്ലിം കുട്ടികള്‍ ജനിക്കുന്നുവെന്നായിരുന്നു അത്. മറ്റ് മത സമുദായങ്ങളിലെ നവജാതശിശുക്കളെക്കാള്‍ വളരെ കൂടുതലാണെന്നും ദല്‍ഹിയിലും രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളിലും മുസ്ലിം നവജാത ശിശുക്കള്‍ മറ്റ് മതങ്ങളില്‍ നിന്നുള്ളവരേക്കാള്‍ കൂടുതലാണെന്ന വൈറലായ പോസ്റ്റുകള്‍ തെറ്റാണെന്നാണ് അപ്പോഴും കണ്ടെത്തിയത്.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ച കേരള ഗവണ്‍മെന്റിന്റെ വാര്‍ഷിക വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് ബൂം വിശകലനം ചെയ്തു. ഏറ്റവും പുതിയ സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ഡാറ്റകളും പരിശോധിച്ചു. അവകാശവാദങ്ങള്‍ തെറ്റാണെന്നാണ് കണ്ടെത്തിയതെന്ന് ബൂം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹിന്ദു (37), ക്രിസ്ത്യന്‍ (12), സിഖ് (17), മുസ്ലീം (167) എന്നിങ്ങനെയാണ് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു ദിവസം ജനിക്കുന്ന കുട്ടികളുടെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കണക്കാണെന്നാണ് അവകാശവാദം. മതത്തെ അടിസ്ഥാനമാക്കിയുള്ള ജനനങ്ങളുടെ മൊത്തത്തിലുള്ള ഡാറ്റ കേരള സര്‍ക്കാര്‍ സൂക്ഷിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ പോലുള്ള സ്ഥാപനങ്ങളിലെ ജനനങ്ങളുടെ മതപരമായ വിഭജനവുമായി ബന്ധപ്പെട്ട ഡാറ്റ ലഭ്യമല്ല.
മൊത്തത്തിലുള്ള ജനനങ്ങളിലെ മതാധിഷ്ഠിത കണക്കിനു പുറമെ, പ്രസവസമയത്തെ മാതാവിന്റെ പ്രായം, കുട്ടികളുടെ ജനന ക്രമം, അത് നഗരത്തിലാണോ ഗ്രാമത്തിലാണോ നടന്നത് എന്നിവ മാത്രമാണ് മതത്തിന്റെ അടിസ്ഥാനത്തിലുള്ള മറ്റ് വിവരങ്ങള്‍. 2021 ലെ ഇത്തരത്തിലുള്ള കണക്ക് 2023 മെയ് മാസത്തിലാണ് കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്.
2021ല്‍ കേരളത്തില്‍ 4,19,767 ജനനങ്ങളാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് പ്രതിദിനം 1,150 പ്രസവങ്ങളാണ് നടക്കുന്നത്. ഈ കണക്കുകളില്‍ ഗ്രാമീണ, നഗര ജനസംഖ്യ ഉള്‍പ്പെടുന്നു. ഹിന്ദു കുടുംബത്തില്‍ ജനിച്ച നവജാത ശിശുക്കളാണ് ഏറ്റവും കൂടുതല്‍ (1,81,396- 43.2%). ഇതിനു പിന്നാലെ മുസ്ലിംകള്‍ (1,69,296- 40.3 ശതമാനം) ക്രിസ്ത്യാനികള്‍ (14.2%).
പ്രതിദിനം 497 നവജാതശിശുക്കള്‍ ഹിന്ദു കുടുംബങ്ങളില്‍ ജനിക്കുമ്പോള്‍ ഏകദേശം 464 കുട്ടികള്‍ മുസ്ലീം കുടുംബങ്ങളില്‍ ജനിക്കുന്നു.
2021 ല്‍ കേരളത്തിലെ ആശുപത്രികളില്‍ 4.14 ലക്ഷത്തിലധികം പ്രസവങ്ങള്‍ നടന്നു. ഇതില്‍ 32.1% ജനനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലായിരുന്നു. 68% സ്വകാര്യ ആശുപത്രികളിലോ സര്‍ക്കാരിതര ആശുപത്രികളിലോ ആണ്.
ഹിന്ദു (3,337), ക്രിസ്ത്യന്‍ (1,222), സിഖ് (1,117), മുസ്ലീം (58,167) എന്നിങ്ങനെയാണ് ദേശീയതലത്തില്‍ ഒരു ദിവസത്തെ ശിശു ജനനത്തിന്റെ കേന്ദ്രസര്‍ക്കാര്‍ കണക്കായി പ്രചരിപ്പിക്കുന്നത്.
മതാടിസ്ഥാനത്തിലുള്ള ജനനവുമായി ബന്ധപ്പെട്ട ദേശീയ ഡാറ്റ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല എന്നതുകൊണ്ടുതന്നെ ഈ അവകാശവാദം തെറ്റാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മുസ്ലിംകള്‍ക്കിടയില്‍ പ്രത്യുല്‍പാദന നിരക്കില്‍ കുത്തനെ ഇടിവ് സംഭവിച്ചുവെന്നാണ് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ വ്യക്തമാക്കുന്നത്.
രാജ്യത്തെ മറ്റ് മതവിഭാഗങ്ങളെ അപേക്ഷിച്ച് മുസ്‌ലിംകളിലാണ് ഏറ്റവും ഉയര്‍ന്ന ഫെര്‍ട്ടിലിറ്റി നിരക്കെങ്കിലും(ഒരു സ്ത്രീക്ക് ജീവിതകാലത്ത് ജനിച്ച കുട്ടികളുടെ ശരാശരി എണ്ണം) മുസ്ലീം സമുദായത്തിന്റെ ഫെര്‍ട്ടിലിറ്റി നിരക്കില്‍ മറ്റ് മതവിഭാഗങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടായെന്നാണ് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പുറത്തുവിട്ട കണക്ക്.
ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളിലും ഫെര്‍ട്ടിലിറ്റി നിരക്ക് കുറയുന്നുണ്ട്. ഏറ്റവും പുതിയ സര്‍വേയില്‍ ഹിന്ദുക്കള്‍ക്കിടയിലെ ഫെര്‍ട്ടിലിറ്റി നിരക്ക് 1992-93 ല്‍ ഒരു സ്ത്രീക്ക് 3.3 കുട്ടികളായിരുന്നത് 2019-2021 ല്‍ 1.94 ആയി കുറഞ്ഞു. മുസ്ലിംകള്‍ക്കിടയില്‍ 1992-93 ല്‍ ഒരു സ്ത്രീക്ക് 4.4 കുട്ടികളായിരുന്നത് 201921 ല്‍ 2.3 ആയി കുറഞ്ഞു. 1992-93 മുതല്‍ മുസ്‌ലിംകള്‍ക്കിടയിലെ ഫെര്‍ട്ടിലിറ്റി നിരക്കില്‍ 46.5 ശതമാനവും ഹിന്ദുക്കളില്‍ 41.2 ശതമാനവും കുറവുണ്ടായെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്.