കൊച്ചി - ദേശീയ തലത്തിൽ അടക്കം ചർച്ചയായ വിവാദമായ ഷഫിൻ ജഹാൻ- ഡോ. ഹാദിയ വിവാഹബന്ധം വഴിപിരിഞ്ഞ് ഡോ. ഹാദിയ പുനർവിവാഹം നടത്തിയതായി വെളിപ്പെടുത്തൽ. വിവിധ ക്രൈസ്തവ സഭാവിശ്വാസികളുടെ ഏകീകൃത സംഘടനയെന്ന് അവകാശപ്പെടുന്ന കാസയാണ് ഇക്കാര്യം ഫേസ് ബുക്കിലൂടെ അറിയിച്ചത്.
എന്നാൽ 'എന്റെ വ്യക്തിപരമായ വിഷയത്തിൽ പ്രതികരിക്കാൻ താൽപര്യമില്ലെന്നും പറയേണ്ടതുണ്ടെങ്കിൽ അറിയിക്കാമെന്നും' ഡോ. ഹാദിയ മലയാളം ന്യൂസിനോട് പ്രതികരിച്ചു.
'ഒടുവിൽ അത് വീണ്ടും സംഭവിച്ചു! നിമിഷ ഫാത്തിമയ്ക്ക് കേരളത്തിൽ വെച്ച് സംഭവിച്ചതുപോലെ ഹദിയയ്ക്കും പുനർ വിവാഹം! എന്ന മുഖവുരയോടെയാണ് കാസ വിഷയത്തെ അവതരിപ്പിച്ചത്. വരൻ തിരുവനന്തപുരം സ്വദേശിയാണെന്നും അവരുടെ സ്വകാര്യ ജീവിതത്തിന് തടസ്സമാകുമെന്നതിനാൽ പുതിയ ഭർത്താവിന്റെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തുന്നില്ലെന്നും കാസയുടെ സംസ്ഥാന പ്രസിഡന്റ് കെവിൻ പീറ്റർ ഹാദിയയുടെ പിതാവ് അശോകനുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് വിവരം പങ്കുവെക്കുന്നതെന്നുമാണ് കാസ സമൂഹമാധ്യമത്തിൽ കുറിച്ചത്. ഈ പുനർവിവാഹത്തിന് മുൻകൈയെടുത്തത് പഴയ ആളുകൾ തന്നെയാണെന്ന് കരുതുന്നതായും കാസ കുറിച്ചു.
നല്ല രീതിയിൽ പഠിച്ച് വളർന്ന് ജോലി നേടി മഹത്തായ ഒരു സംസ്‌കാരത്തിന് കീഴിൽ നല്ലൊരു കുടുംബിനിയായി മനസമാധാനത്തോടെ ജീവിക്കേണ്ടിയിരുന്ന അഖില അശോകൻ എന്ന പെൺകുട്ടിയുടെ കഥ ഇതുവരെ ഇങ്ങനെയാണെന്നും ലിബറലിസവും പുരോഗമനവും മതേതരത്വവും തലയ്ക്കുപിടിച്ച് വേലി ചാടാൻ തയ്യാറാകുന്ന ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികൾക്ക് ഇതിൽ നിന്നും ഒത്തിരി പഠിക്കാനുണ്ടെന്നും കാസ എഫ്.ബിയിൽ ഓർമിപ്പിക്കുന്നു.
എന്നാൽ ഇതിനെ സ്ഥിരീകരിക്കുന്നതോ നിഷേധിക്കുന്നതോ ആയ ഔദ്യോഗിക വെളിപ്പെടുത്തലുകൾ ഡോ. ഹാദിയയിൽനിന്നോ ഷഫിൻ ജഹാനിൽനിന്നോ ഉണ്ടായിട്ടില്ല.
വൈക്കം ടി.വി പുരം സ്വദേശിയായ ഡോ. ഹാദിയയും കൊല്ലം സ്വദേശിയായ ഷഫിൻ ജഹാനും തമ്മിലുള്ള വിവാഹത്തിന് 2018-ൽ സുപ്രിംകോടതി പച്ചക്കൊടി കാണിച്ചെങ്കിലും ബന്ധത്തിൽ വിള്ളലുണ്ടായെന്നും ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും നേരത്തെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രചാരണങ്ങളുണ്ടായിരുന്നുവെങ്കിലും ഇരുവരും ഇതോട് പ്രതികരിച്ചിരുന്നില്ല.
ഷഫിനുമായി ഹാദിയ ബന്ധം വേർപ്പെടുത്തിയെന്നും ഇപ്പോൾ മലപ്പുറത്ത് പോപ്പുലർ ഫ്രണ്ട് വനിതാ നേതാവ് സൈനബയുടെയും മറ്റും തണലിലാണ് ഹാദിയ കഴിയുന്നതെന്നും ഏഴുമാസം മുമ്പ് ഹാദിയയുടെ അച്ഛൻ കെ.എം അശോകൻ പ്രതികരിച്ചിരുന്നു. അഖില എന്ന പേരു മാറ്റി ഹാദിയയായ ശേഷം 2019 മുതൽ മകൾ മലപ്പുറം ജില്ലയിലെ ഒതുക്കങ്ങലിൽ ഹാദിയ ക്ലിനിക് നടത്തുകയാണെന്നും വിവാഹബന്ധം വേർപ്പെടുത്തുന്നത് സംബന്ധിച്ച് വക്കീൽ നോട്ടീസ് അയച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. മകളെ പല വട്ടം വീട്ടിലേക്കു ക്ഷണിച്ചെങ്കിലും വന്നില്ലെന്നും അമ്മയ്ക്ക് ഹൃദായാഘാതമുണ്ടായിട്ടും കാണാൻ വരാത്തതിനാൽ ഹാദിയയ്ക്ക് സ്വത്തിൽ അവകാശം നൽകില്ലെന്നും അച്ഛൻ വെളിപ്പെടുത്തിയിരുന്നു.
അന്ന്, സംഭവത്തിൽ ഹാദിയയെ ഫോണിൽ വിളിച്ചെങ്കിലും ഹാദിയയാണെന്ന സ്ഥിരീകരണത്തിന് അപ്പുറം മറ്റു പ്രതികരണങ്ങൾക്കൊന്നും തയ്യാറാകാതെ അവർ ഫോൺ കട്ടാക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഉയർന്ന പുതിയ വാർത്തകളിൽ ഹാദിയയോ അവരുടെ വക്കീലോ പ്രതികരിക്കുമെന്ന് അവരുമായി അടുപ്പമുള്ള കേന്ദ്രങ്ങളിൽനിന്ന് വിവരം ലഭിച്ചെങ്കിലും അതുമുണ്ടായില്ല.
2016-ൽ ഹാദിയയും ഷഫിനും വിവാഹിതരായെങ്കിലും 2017-ൽ ഹാദിയയുടെ അച്ഛന്റെ പരാതിയിൽ ഭർത്താവ് ഷെഫിൻ ജഹാനിൽ തീവ്രവാദബന്ധം ആരോപിച്ച് മതം മാറിയ ഹാദിയയുമായുള്ള വിവാഹബന്ധം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ, പ്രായപൂർത്തിയായ ഹാദിയ, സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിനെ വിവാഹം കഴിച്ചതെന്ന് പറഞ്ഞതോടെ വിവാഹം നിയമവിരുദ്ധ നടപടിയല്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കുകയും 2018-ൽ ഇരുവരും ഒരുമിക്കുകയുമായിരുന്നു. വിവാഹബന്ധത്തിൽ എൻ.ഐ.എക്കു ഇടപെടാനാകില്ലെന്നും വിവാഹവും ഷെഫിനെതിരായ തീവ്രവാദബന്ധ അന്വേഷണവും രണ്ടാണെന്നും അതിനാൽ വിവാഹം റദ്ദാക്കാനാവില്ലെന്നുമായിരുന്നു സുപ്രിം കോടതിയുടെ നിലപാട്.
കരിയറിസ്റ്റിക് അപ്രോച്ചാണ് ഇവരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ മർമമെന്നും പ്രചാരണമുണ്ടായിരുന്നു. എന്തായാലും രണ്ടു വ്യക്തികൾക്കും അവരുടേതായ തീരുമാനങ്ങളും താൽപര്യങ്ങളുമുണ്ടാവുമെന്നും അതവരും കുടുംബവും മറ്റും ചേർന്ന് ആലോചിച്ച് തീരുമാനിക്കട്ടെയെന്നും പലരും പ്രതികരിച്ചിരുന്നു. വിവാഹജീവിതം ഒരുമിച്ച് പോകാൻ ഇരുവരുടെയും ഭാഗത്തുനിന്നും കാര്യമായ വിട്ടുവീഴ്ചകൾ ഉണ്ടാവണമെന്നും അതിനവർ സന്നദ്ധമല്ലെങ്കിൽ, ഒരുമിച്ച് ജീവിക്കാനായാലും വേർപിരിഞ്ഞ് ജീവിക്കാനായാലും അത് അവരുടേതായ വ്യക്തിസ്വാതന്ത്ര്യം എന്ന നിലയ്ക്ക് വിട്ടുകൊടുക്കുന്നതാവും നല്ലതെന്നും ഇതുമായി ബന്ധപ്പെട്ട് പലരും അഭിപ്രായപ്പെട്ടിരുന്നു.
ഷഫിൻ-ഹാദിയ ബന്ധത്തെക്കുറിച്ചും ഡോ. ഹാദിയയുടെ പുനർവിവാഹം സംബന്ധിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുമ്പോഴും വിഷയത്തിൽ യഥാർത്ഥ കക്ഷികളിൽനിന്നും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല.