Sorry, you need to enable JavaScript to visit this website.

VIDEO: കുട്ടിയെ തിരയാന്‍ പ്രത്യേക പോലീസ് സംഘം, കാറുടമയെ തിരിച്ചറിഞ്ഞു, അമ്മക്ക് വന്ന ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കൊല്ലം-  ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കണ്ടെത്താന്‍ പോലീസിന്റെ പ്രത്യേക സംഘം. തട്ടിക്കൊണ്ടുപോയ സംഘം കേരളം വിട്ടിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. കുട്ടിയെ കാണാതായതിന് പിന്നാലെ അമ്മക്ക് വന്ന ഫോണ്‍കോളില്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.  ഈ ഫോണ്‍ നമ്പര്‍ പോലീസ് പരിശോധിക്കുന്നു. ഒപ്പം കോളിന്റെ ആധികാരികതയും പരിശോധിക്കുകയാണെന്ന് കുട്ടിയുടെ വീട് സന്ദര്‍ശിച്ച ചാത്തന്നൂര്‍ എം.എല്‍.എ ജയലാല്‍ പറഞ്ഞു. കുട്ടിയുടെ കൈയില്‍ നിന്നാണ് അമ്മയുടെ നമ്പര്‍ ലഭിച്ചതെന്നാണ് തട്ടിക്കൊണ്ടുപോയവര്‍ അറിയിച്ചത്. വൈകിട്ട് 7.45 ഓടെയാണ് ഫോണ്‍ വന്നത്.

തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറിന്റേയും അമ്മക്ക് വന്ന ഫോണ്‍കോളിന്റെ നമ്പരിന്റെ ഉടമയേയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ തന്നെയാണോ ഇത് ഉപയോഗിച്ചത് എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഈ നമ്പര്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തട്ടിക്കൊണ്ടുപോയവര്‍ മുഖംമൂടി ധരിച്ചിരുന്നതായി കുട്ടിയുടെ സഹോദരന്‍ ജൊനാഥന്‍ അറിയിച്ചു. ജൊനാഥനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നു. കുറച്ചുനേരം ജൊനാഥനെ വലിച്ചിഴച്ച സംഘം പിന്നീട് കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ജൊനാഥന് ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. നാലംഗസംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതില്‍ ഒരു സ്ത്രീയുമുണ്ട്.

കുട്ടിയെ കണ്ടുകിട്ടിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും അത് വ്യാജമാണെന്നും ജയലാല്‍ പറഞ്ഞു
ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. ട്യൂഷന് പോകുമ്പോള്‍ കാറിലെത്തിയ സംഘം അഭികേലിനെ തട്ടിക്കൊണ്ടുപോയി എന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥന്‍ പറയുന്നത്. വൈകിട്ട് നാലരയോടെയാണിത്.

(VIDEO: KOTTARAKKARA NEWS)

Latest News