Sorry, you need to enable JavaScript to visit this website.

മന്ത്രിസഭ തിരുവനന്തപുരത്ത് നിന്ന് മാറിയതോടെ കേരളം തകർന്നെന്ന് പ്രതിപക്ഷ നേതാവ്

നവകേരള സദസ്സ് അശ്ലീല കെട്ടുകാഴ്ച

കൊച്ചി- 44 ദിവസം തിരുവനന്തപുരത്ത് നിന്ന് മാറി നിൽക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നവകേരള സദസ് കഴിഞ്ഞ് മടങ്ങി എത്തുമ്പോൾ തലസ്ഥാന നഗരിയിൽ ഒന്നും ബാക്കിയുണ്ടാകില്ല. എല്ലാ വകുപ്പുകളും തകർത്തു. എല്ലാം നശിപ്പിച്ചു. നികുതി പരിവിന്റെ സ്ഥിതിയെ കുറിച്ച് അറിയാതെയാണ് ധനമന്ത്രി നവകേരള സദസിനൊപ്പം യാത്ര ചെയ്യുന്നതെന്ന് സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നവകേരള സദസ്സിൽ പ്രധാനപ്പെട്ട യുഡിഎഫ് നേതാക്കളാരും ഇതുവരെ പങ്കെടുത്തിട്ടില്ല. പാർട്ടിയിൽനിന്ന് അകന്നുനിൽക്കുന്നവർ പോയിക്കാണും. പ്രാദേശികമായി പാർട്ടിയുമായി പിണങ്ങി നിൽക്കുന്ന ചിലരാണ് നവകേരള സദസിൽ പങ്കെടുക്കുന്നത്.  അല്ലാതെ പ്രധാനപ്പെട്ട ആരും പങ്കെടുത്തിട്ടില്ല. അങ്ങനെ ആരും പങ്കെടുക്കുകയുമില്ല. പങ്കെടുക്കേണ്ടെന്നത് രാഷ്ട്രീയ തീരുമാനമാണ്. ഈ അശ്ലീല നാടകത്തിന് പ്രതിപക്ഷം പോയിരുന്നെങ്കിൽ നിങ്ങൾ തന്നെ ഞങ്ങളെ പരിഹസിച്ചേനെയെന്ന് സതീശൻ പറഞ്ഞു.
നവകേരള സദസ്സെന്ന അശ്ലീല കെട്ടുകാഴ്ചയുടെ പേരിൽ മുഖ്യമന്ത്രിയെത്തുന്ന ജില്ലകളിൽ യു.ഡി.എഫ് പ്രവർത്തകരെ വ്യാപകമായി കരുതൽ തടങ്കലിലാക്കുകയും പോലീസും സി.പി.എം പ്രവർത്തകരും ആക്രമിക്കുകയും ചെയ്യുകയാണ്. കണ്ണൂരിലുണ്ടായ ആക്രമണത്തെ ന്യായീകരിക്കുകയും അത് ഇനിയും തുടരണമെന്ന് പറഞ്ഞ് കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് നിയമം കയ്യിലെടുക്കാൻ സി.പി.എം ക്രിമിനലുകൾക്കും പോലീസിനും പ്രചോദനമാകുന്നത്. വടകരയിൽ ഒരു സംഘർഷവും ഇല്ലാതെയാണ് പ്രവർത്തകരെ കരുതൽ തടങ്കലിലെടുത്തത്. പോലീസ് മനപ്പൂർവം സംഘർഷമുണ്ടാക്കുകയാണ്. മുഖ്യമന്ത്രിയുടെ പരിപാടി അവസാനിച്ചതിന് ശേഷമാണ് പ്രവർത്തകരെ വിട്ടയച്ചത്. അവരെ കൊണ്ടുവരാൻ പോയ യു.ഡി.എഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണനെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചു. കാർ അടിച്ചു തകർത്തു. വാഹനം എസ്.പി ഓഫീസിലേക്ക് കയറ്റിയതു കൊണ്ടാണ് ജീവൻ രക്ഷിക്കാനായത്. ഇതിൽ പ്രതിഷേധിച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകനെ ഡെപ്യൂട്ടി കമ്മിഷണർ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
അമേരിക്കയിലെ മിനെപോളിസിൽ വെളുത്ത വർഗക്കാരനായ പോലീസുകാരൻ ജോർജ് ഫ്‌ലോയിഡ് എന്ന കറുത്തവർഗക്കാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ദൃശ്യങ്ങൾ ലോകം മുഴുവൻ കണ്ടതാണ്. എനിക്ക് ശ്വാസം മുട്ടുന്നുവെന്നാണ് ഫ്‌ലോയിഡ് അവസാനമായി പറഞ്ഞ വാക്കുകൾ.  ഡെപ്യൂട്ടി കമ്മിഷണർ കഴുത്ത് ഞെരിക്കുമ്പോൾ ജോയൽ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പറഞ്ഞതും എനിക്ക് ശ്വാസം മുട്ടുന്നുവെന്നാണ്. അമേരിക്കയിലെ മിനെപോളിസിൽ നിന്നും കോഴിക്കോട്ടേക്കുള്ള ദൂരം അധികം ഇല്ലെന്ന് ബോധ്യപ്പെടുത്തിയ ക്രൂരമായ സംഭവമാണ്.
പടനിലത്ത് കരിങ്കൊടി കാട്ടിയ പ്രവർത്തകരെ ഡി.വൈ.എഫ്.ഐക്കാരും സി.പി.എമ്മുകാരും ചേർന്ന് ആക്രമിച്ചു. ഹെൽമെറ്റ് ഉപയോഗിച്ചായിരുന്നു ആക്രമണം. പോലീസ് കസ്റ്റഡിയിലും ആക്രമിച്ചു. മുഖ്യമന്ത്രിയുടെ മുന്നിൽ പോകുന്ന സുരക്ഷാ ഭടൻമാരുടെ വാഹനത്തിൽ മാരകായുധങ്ങളാണ്. ആ മാരകായുധങ്ങളാണ് റോഡ് വക്കത്ത് നിൽക്കുന്ന പ്രതിഷേധക്കാർക്കെതിരെ വീശുന്നത്. മാരകായുധങ്ങളുമായി മുഖ്യമന്ത്രിക്ക് എസ്‌കോർട്ട് പോകുന്നത് ക്രിമിനലുകൾ ആണോയെന്ന് വ്യക്തമാക്കണം. ഒരു പ്രകോപനവും ഇല്ലാതെ കെ.എസ്.യു പ്രവർത്തക നസിയയുടെ മുഖത്തടിച്ച് മൂക്കിന്റെ പാലം തകർത്ത പോലീസുകാരനെതിരെ ഒരു നടപടിയും എടുത്തില്ല. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനത്തിൽ നിന്നും ഇറങ്ങിയ ഉദ്യോഗസ്ഥർ വയർലെസ് സെറ്റ് ഉപയോഗിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ തലയിൽ ഇടിച്ചത്. ഇതിലും നടപടിയില്ല. ഇതിനൊക്കെ പിന്നാലെയാണ് ഡെപ്യൂട്ടി കമ്മിഷണർ പ്രവർത്തകനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചത്. കാലം നിങ്ങളോടും കണക്ക് ചോദിക്കുമെന്നാണ് രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന പോലീസുകാരെ ഓർമ്മപ്പെടുത്താനുള്ളത്. രാജാവിനേക്കാൾ വലിയ രാജഭക്തിയുമായാണ് കുറെ ക്രിമിനലുകളും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നത്. എല്ലാവരെയും കരുതൽ തടങ്കലിലാക്കാൻ പിണറായി വിജയൻ രാജാവാണോ? ഫറോക്കിൽ നിന്നും ശബരിമലയ്ക്ക് പോകാൻ നിന്നവരെ പോലും അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പോകുന്ന ദിവസം കറുത്ത വസ്ത്രം ധരിച്ച ശബരിമല ഭക്തർക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാൽ കലിയിളകും. എല്ലാവരെയും കരുതൽ തടങ്കലിലാക്കുന്നത് തെറ്റായ രീതിയാണ്. ഇതിൽനിന്നും പിന്മാറണം- സതീശൻ ആവശ്യപ്പെട്ടു.

 

Latest News