(വട്ടംകുളം) മലപ്പുറം - സർക്കാർ, എയ്ഡഡ് സ്‌കൂൾ അധ്യാപകർ നവകേരള സദസ്സിൽ നിര്ബന്ധമായും പങ്കെടുക്കണമെന്ന് നിർദേശം. വട്ടംകുളം പഞ്ചായത്ത് സെക്രട്ടറിയുടേതാണ് ഇത്തരവ്. തവനൂർ മണ്ഡലത്തിലെ നവകേരള സദസ്സിൽ പങ്കെടുക്കണമെന്ന് അറിയിച്ചാണ് ഉത്തരവ്.
സഫാരി ഗ്രൗണ്ടിൽ ഇന്നാണ് നവകേരള സദസ്സ്. എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂൾ അധ്യാപകർ, ജീവനക്കാർ എന്നിവരുടെ നിർബന്ധിത പങ്കാളിത്തം ഉണ്ടാവണമെന്നും നിർദേശം കർശനമായി പാലിക്കണമെന്നും വട്ടംകുളം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ പര്യടനം പൂർത്തിയാക്കി ഇന്ന് മുതൽ നാലുദിവസം മലപ്പുറം ജില്ലയിലാണ് നവ കേരളസദസ്സ് പര്യടനം നടത്തുന്നത്. 16 മണ്ഡലങ്ങളിലാണ് മലപ്പുറം ജില്ലയിലെ പര്യടനം.
മൂന്ന് പ്രഭാത സദസ്സുകൾ അടക്കം 19 പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. പൊന്നാനി, തവനൂർ, തിരൂർ, താനൂർ മണ്ഡലങ്ങളിലാണ് ആദ്യ ദിവസത്തെ പരിപാടികൾ. നാളെ തിരൂരിൽ വച്ച് പിണറായി സർക്കാർ മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്.
നവകേരള സദസ്സിൽ സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്നും സ്‌കൂൾ ബസ്സുകൾ പരിപാടിക്കായി വിട്ടുനൽകണമെന്നുമുള്ള വിവാദ ഉത്തരവുകൾ പിണറായി സർക്കാർ ഇന്ന് കേരള ഹൈക്കോടതിയിൽ പിൻവലിച്ചിരുന്നു. സ്‌കൂൾ കുട്ടികളെയും ബസ്സുകളും രാഷ്ട്രീയ ക്യാമ്പയിന് ഉപയോഗിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമെന്യേ രൂക്ഷ വിമർശങ്ങൾ ഉയർന്നിരുന്നു. തുടർന്നാണ് സർക്കാർ മുൻ നിലപാടിൽനിന്ന് പിന്നാക്കം പോയത്.