Sorry, you need to enable JavaScript to visit this website.

മുസ്‌ലിം സ്ത്രീകൾക്ക് 10 പ്രസവിച്ചിട്ടും പോര; ബി.ജെ.പി നേതാക്കളും പിതാക്കളും ഒരുമിച്ച് നിൽക്കണമെന്ന് പി.സി ജോർജ് 

- മുസ്‌ലിം ഭീകരതക്കെതിരെ ഹൈന്ദവ സമൂഹത്തെ മുന്നിൽനിർത്തി പോരാടണം. രാഷ്ട്രീയമായി ബി.ജെ.പിക്കാണ് ആ സ്ഥാനം ഏറ്റെടുക്കാൻ കഴിയുക. അവരുടെ തണലിൽനിന്ന് ക്രിസ്ത്യാനികളും പിന്നാക്ക വിഭാഗക്കാരും മുന്നോട്ടുപോയില്ലെങ്കിൽ കിടന്നുറങ്ങിയാൽ രാവിലെ തല കാണാത്ത നില വരുമെന്നും പി.സി ജോർജ് ആരോപിച്ചു.

(തിരുവല്ല) പത്തനംതിട്ട - മുസ്‌ലിം ഭീകരതക്കെതിരെ ഹൈന്ദവ സമൂഹത്തെ മുന്നിൽനിർത്തി പോരാടണമെന്നും 2060-ഓടെ ഇന്ത്യ പിടിച്ചെടുക്കുമെന്ന അഹങ്കാരത്തിലാണ് മുസ്‌ലിം ഭീകരവാദികൾ പ്രവർത്തിക്കുന്നതെന്നും ഗവ. മുൻ ചീഫ് വിപ്പ് പി.സി ജോർജ് ആരോപിച്ചു. ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിലെ സ്ത്രീകൾ പ്രസവിക്കാൻ തയ്യാറാകാതിരിക്കുമ്പോൾ, മുസ്‌ലിം സ്ത്രീകൾക്ക് എട്ടും പത്തും പ്രസവിച്ചിട്ടും പോരാ എന്ന സ്ഥിതിയാണെന്നും പി.സി ജോർജ് കുറ്റപ്പെടുത്തി. തിരുവല്ലയിൽ ഹമാസ് ഭീകരതക്കെതിരെ ജനകീയ കൂട്ടായ്മ എന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു പി.സി ജോർജ്.
  ഹിന്ദു, ക്രിസ്ത്യൻ ജനസംഖ്യ കുറയുകയാണ്. ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിലെ സ്ത്രീകൾ പ്രസവിക്കാൻ തയ്യാറാകുന്നില്ല. താൻ പങ്കെടുക്കുന്ന വിവാഹങ്ങളിലെല്ലാം വരനോടും വധുവിനോടും നാലിൽ കൂടുതൽ മക്കൾ വേണമെന്ന് പറയാറുണ്ട്. ഹിന്ദു, ക്രിസ്ത്യൻ കുടുംബങ്ങളിൽ ചുരുങ്ങിയത് നാല് കുട്ടികളെങ്കിലും വേണം. ഈരാറ്റുപേട്ടയിൽ ആകെയുള്ള ജനസംഖ്യ 40,000 ആണ്. അതിൽ 38,500ഉം മുസ്‌ലിംകളാണെന്നും ജോർജ് പറഞ്ഞു. 
 ഹിന്ദു ജനസംഖ്യ പത്തു വർഷത്തിനകം ഒമ്പത് ശതമാനം കുറഞ്ഞപ്പോൾ 16 ശതമാനമുണ്ടായിരുന്നു മുസ്‌ലിംകൾ 32 ശതമാനമായി ഉയർത്തി. ഇത് അപകടകരമായ നിലയിലേക്ക് നീങ്ങുകയാണ്. മുസ്‌ലിം ഭീകരതക്കെതിരെ ഹൈന്ദവ സമൂഹത്തെ മുന്നിൽ നിർത്തി പോരാടണം. രാഷ്ട്രീയമായി ബി.ജെ.പിക്കാണ് ആ സ്ഥാനം ഏറ്റെടുക്കാൻ കഴിയുക. അവരുടെ തണലിൽനിന്ന് ക്രിസ്ത്യാനികളും പിന്നാക്ക വിഭാഗക്കാരും മുന്നോട്ടുപോയില്ലെങ്കിൽ കിടന്നുറങ്ങിയാൽ രാവിലെ തല കാണാത്ത നില വരുമെന്നും പി.സി ജോർജ് ആരോപിച്ചു.
 മോഡി ഇപ്പോൾ അധികാരത്തിൽ ഇല്ലായിരുന്നുവെങ്കിൽ ഹമാസ് ഭീകരതയുമായി മുന്നോട്ട് പോയാൽ ചോദ്യം ചെയ്യാൻ ആരുമില്ലെന്ന സ്ഥിതി വരുമായിരുന്നു. എൻ.ഐ.എയും ഇ.ഡിയും ഇല്ലായിരുന്നെങ്കിൽ ജീവിക്കാൻ പോലും സാധ്യമല്ലാത്ത നിലയിലേക്ക് ഈ നാട് മാറുമായിരുന്നു.
 ഹിന്ദുക്കൾ ഒരുമിച്ച് നിൽക്കണമെന്ന് പറഞ്ഞതിനാണ് തന്നെ അറസ്റ്റ് ചെയ്തത്. കേരളത്തിൽ മനസ്സമാധാനത്തോടെ ജീവിക്കണം. പെൺമക്കളെ ഈ കശ്മലൻമാർ തട്ടിക്കൊണ്ടുപോകാത്ത സാഹചര്യമുണ്ടാകണമെങ്കിൽ ഹിന്ദുക്കൾ ഒരുമിച്ച് നിൽക്കണം. പെൺകുട്ടികളെ കൊണ്ടുപോകുന്നതിനെതിരെ സംസാരിച്ചതാണ് കല്ലറങ്ങാട്ട് പിതാവ് ചെയ്ത തെറ്റ്. 3000 ആൾക്കാരാണ് അന്ന് അരമനയിലേക്ക് വന്നത്. അന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഹരിയുടെ നേതൃത്വത്തിൽ ആർ.എസ്.എസുകാർ എത്തിയാണ് രക്ഷപ്പെടുത്തിയത്. വെടിവെപ്പ് നടക്കട്ടെ എന്ന് വിചാരിച്ചാണ് താൻ നിന്നിരുന്നത്. തന്നെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ ആർ.എസ്.എസുകാർ തടഞ്ഞു. അവരുടെ ക്യാമ്പിൽ സംസാരിച്ചിട്ട് കൊണ്ടുപോയാൽ മതിയെന്നായിരുന്നു ആവശ്യം. അന്ന് പോലീസുകാർക്ക് ഒന്നും ചെയ്യാനായില്ല. അവർ ഭയന്നു നിൽക്കുകയായിരുന്നു. ഒടുവിൽ ആർ.എസ്.എസ് പ്രവർത്തകരോട് പിരിഞ്ഞുപോകാൻ പറയണമെന്ന് പൊലീസ് തന്നോട് അഭ്യർത്ഥിച്ചു. താൻ പറഞ്ഞിട്ടാണ് അന്ന് ആർ.എസ്.എസുകാർ പിരിഞ്ഞുപോയത്. അതുകൊണ്ട് ബി.ജെ.പിയോടും ആർ.എസ്.എസിനോടും തനിക്ക് നന്ദിയുണ്ട്. 
 ഹിന്ദുക്കളും ക്രൈസ്തവരും ഒരുമിച്ച് നിൽക്കണം. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ പോലീസ് സ്റ്റേഷനിൽ പോലും പോകരുത്. നമ്മുടെ ഉള്ളിൽ തന്നെ തീർക്കണം. ബി.ജെ.പി നേതാക്കളും പിതാക്കളും എല്ലാം ഒരുമിച്ച് നിൽക്കണമെന്നും പി.സി ജോർജ് ആഹ്വാനംചെയ്തു.

Latest News