Sorry, you need to enable JavaScript to visit this website.

ഓസീസിനെതിരെ ഇന്ത്യക്ക് 44 റൺ ജയം

തിരുവനന്തപുരം- ഓസീസിന് എതിരായ രണ്ടാമത്തെ ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് ആധികാരിക ജയം. 44 റൺസിനാണ് ഇന്ത്യ ജയിച്ചത്. ആദ്യ ഏകദിനത്തിൽ അവസാന പന്തിൽ സിക്‌സറിടിച്ച് ജയിച്ച ഇന്ത്യക്ക് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആധികാരിക ജയമാണ് ലഭിച്ചത്. നാലു വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് നേടിയ ഇന്ത്യയെ പിന്തുടർന്ന ഓസീസ് താരങ്ങൾക്ക് ഇരുപതോവറിൽ 191 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്ക് വേണ്ടി യശ് വി ജയ്‌സ്വാൾ 25 പന്തിൽ 53 റൺസ് നേടി. ഋതുരാജ് ഗെയ്ക് വാദ് 58 ഉം ഇഷാൻ കിഷൻ 52 റൺസും നേടി. റിങ്കു സിംഗ് പുറത്താകാതെ 9 പന്തിൽ 31 റൺസ് നേടി. സൂര്യകുമാർ യാദവ് 19 റൺസാണ് നേടിയത്. 
ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ബാറ്റിംഗ് കരുത്തിലും മധ്യ നിരയുടെ പിൻബലത്തിലുമാണ് ഇന്ത്യക്ക് കൂറ്റൻ സ്‌കോർ കണ്ടെത്താനായത്. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്‌വാദും യശ്വവി ജയ്സ്വാളും പിന്നാലെയെത്തിയ ഇഷാൻ കിഷനും അർധസെഞ്ചുറിയുമായി മിന്നും പ്രകടനം നടത്തിയപ്പോൾ ഒൻപതു പന്തിൽ 31 റൺസ് നേടിയ റിങ്കു സിംഗ് ഇന്ത്യന് സ്‌കോർ 235-ൽ എത്തിച്ചു.
മാർക്കസ് സ്റ്റോയിൻസ് എറിഞ്ഞ ആദ്യ ഓവറിൽ രണ്ടാം പന്ത് ഡീപ് പോയിന്റിലേയക്ക് തട്ടിയിട്ട്  ജയ്സ്വാൾ ഇന്ത്യയുടെ സ്‌കോർബോർഡ് തുറന്നു.  നേരിട്ട ആദ്യ പന്തിൽ ഋതുരാജ് ബൗണ്ടറിയോടെ തന്റെ വരവ് അറിയിച്ചു. രണ്ടാം ഓവർ എറിഞ്ഞ നഥാൻ ഇല്ലിസ് ഇന്ത്യൻ ബാറ്റ്സ്മാൻമാരെ വരിഞ്ഞു മുറുക്കി. മൂന്നു റൺസ് മാത്രമാണ് വിട്ടുനൽകിയത്. എന്നാൽ മൂന്നാം ഓവറിൽ കളി മാറി. ഈ ഓവറിൽ  മാക്സ് വെല്ലിനെതിരെ ജയ്സ്വാൾ രണ്ട് ബൗണ്ടറിയും ഗെയ്ക് വാദ് ഒരു ബൗണ്ടറിയും ഉൾപ്പെടെ 15 റൺസ്. ബൗളിംഗ് മാറ്റം വരുത്തി സീൻ ആബോട്ടിന്റെ കൈയ്യിൽ പന്ത് നല്കിയെങ്കിലും ജയ്സ്വാളിന്റെ ബാറ്റിംഗ് പ്രഹരം ആബോട്ടിന് നേരിടേണ്ടി വന്നു.
മൂന്നു ബൗണ്ടറിയും രണ്ട് സിക്സറുകളും ഉൾപ്പെടെ 24 റൺസാണ് ജയ്സ്വാൾ ഈ ഓവറിൽ അടിച്ചുകൂട്ടിയത്. നാലു ഓവറിൽ ഇന്ത്യ 50 കടന്നു. നഥാൻ ഇല്ലിസ് എറിഞ്ഞ ആറാം ഓവറിൽ തുടർച്ചയായ മൂന്നു ബൗണ്ടറികൾ നേടിയ ജയ്സ്വാൾ ഈ ഓവറിൽ അർധ സെഞ്ചുറിയും തികച്ചു. 24പന്തിൽ രണ്ടു  സിക്സറും ഒൻപതു ബൗണ്ടറിയും ഉൾപ്പെടെയായിരുന്നു അർധ സെഞ്ചുറി. ഇതേ ഓവറിലെ അവസാന പന്തിൽ ആദം സാംപ പിടിച്ച് ജയ്സാൾ പുറത്തായി. ഇന്ത്യൻ സ്‌കോർ ഒരുവിക്കറ്റ് നഷ്ടത്തിൽ 77 റൺസ്.  തുടർന്നെത്തിയ ഇഷാൻ കിഷൻ പതുക്കെ ബാറ്റിംഗ് താളം കണ്ടെത്തി. 9.4 -ാം ഓവറിൽ ഇന്ത്യൻ സ്‌കോർ 100 ലെത്തി. 
ആദ്യ10 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യൻ സ്‌കോർ ഒരുവിക്കറ്റ് നഷ്ടത്തിൽ 101 എന്ന നിലയിൽ. 14-ാം ഓവറിൽ മാക്സ് വെൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ പ്രഹരം ഏൽക്കേണ്ടി വന്നു. രണ്ട് സിക്സറും ഒരു ബൗണ്ടറിയും ഉൾപ്പെടെ 23 റൺസാണ് ഈ ഓവറിൽ ഇന്ത്യ നേടിയത്. 14.4-ാം ഓവറിൽ ഇഷാൻ കിഷൻ അർധസെഞ്ചുറി നേടി. തൻവീർ സംഗയുടെ പന്ത് സിക്സർ പറത്തിയാണ് ഇഷാൻ 50 കടന്നത്. 29 പന്തിലായിരുന്നു ഈ നേട്ടം. 16-ാം ഓവറിലെ രണ്ടാം പന്തിൽ നഥാൻ ഇല്ലീസ് ബൗണ്ടറി ലൈനിൽ ക്യാച്ച് എടുത്ത് ഇഷാനെ പുറത്താക്കി. സ്റ്റോയിൻസിനായിരുന്നു വിക്കറ്റ്. തുടർന്നെത്തിയ സൂര്യകുമാര് യാദവ് നേരിട്ട ആദ്യപന്ത് സിക്സർ പറത്തി. ഓപ്പണർ ഗെയ്ക് വാദ് 17.1 -ാം ഓവറിൽ അർധസെഞ്ചുറു നേടി(  39 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ).ആദ്യ മൂന്നു ബാറ്റ്സ്മാൻമാർ അർധസെഞ്ചുറിയുമായി ഇന്ത്യയ്ക്ക് മികച്ച റൺസ് സമ്മാനിച്ചു. 17.4-ാം ഓവറിൽ സൂര്യകുമാറിനെ സ്റ്റോയിൻസ് പിടിച്ചു പുറത്താക്കിയപ്പോൾ ഇന്ത്യ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എന്ന നിലയിൽ. 
തുടർന്നെത്തിയ റിങ്കു സിംഗ് അതിവേഗം സ്‌കോർബോർഡ് ചലിപ്പിച്ചു. 19-ാം ഓവറിൽ ഇന്ത്യൻ സ്‌കോർ 200 കടന്നു. ഓസ്ല്രേിയയ്ക്കെതിരേ ട്വിന്റി 20യിലെ ഏറ്റവും വലിയ സ്‌കോറിനാണ് കാര്യവട്ടം സാക്ഷ്യം വഹിച്ചത്. 19.2-ാം ഓവറിൽ 58 റൺസ് എടുത്ത ഗെയ്ക് വാദിനെ നഥാൻ ഇല്ലിസിന്റെ പന്തിൽ ടിം ഡേവിഡ് പിടിച്ച് പുറത്താക്കി. ഒൻപതു പന്ത് നേരിട്ട റിങ്കു സിംഗ് 31 റൺസുമായും രണ്ടു പന്ത് നേരിട്ട തിലക് വർമ്മ ഏഴുറൺസുമായും പുറത്താകാതെ നിന്നു

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന് വേണ്ടി ഒരാൾക്കും അർധശതകം പോലും തികയ്ക്കാനായില്ല. മാർക്‌സ് സ്‌റ്റോണിനസ് 25 പന്തിൽ 45 ഉം മാത്യു വെയ്ഡ് 23 പന്തിൽ 42 ഉം ടിം ഡേവിഡ് 22 പന്തിൽ 37 റൺസും നേടി. ഇന്ത്യക്ക് വേണ്ടി പ്രസീദ് കൃഷ്ണയും രവി ബിഷ്‌ണോയിയും മൂന്നു വീതം വിക്കറ്റ് നേടി.
 

Latest News