പത്തനംതിട്ട- പശ്ചിമ ബംഗാൾ സ്വദേശികളുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ മൂന്നുപേർ ആറന്മുള പോലീസിന്റെ പിടിയിലായി. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ അതിഥിത്തൊഴിലാളികളുടെ താൽക്കാലിക താമസസ്ഥലത്താണ് മോഷണം നടന്നത്. കോഴഞ്ചേരി കീഴുകര സെന്റ് മേരീസ് സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തി പുതുതായി പണിയുന്ന വീടിന്റെ താഴത്തെ നിലയിൽ ഏണിവച്ചുകയറിയാണ് ഉറക്കത്തിലായിരുന്ന അതിഥിത്തൊഴിലാളികളായ പശ്ചിമബംഗാൾ ജയ്പ്പാൽ ഗുഡി ജാർസാൽവരി റഷീദുൽ ഇസ്‌ലാമിന്റെയും സുഹൃത്ത് അനാമുൽ ഹക്കിന്റെയും ഫോണുകൾ മോഷ്ടിച്ചത്. കൊല്ലം ആര്യങ്കാവ് കഴുതുരുട്ടി ഈട്ടിവിള വീട്ടിൽ നിന്നും കോഴഞ്ചേരി ഈസ്റ്റ് പനച്ചക്കുഴി സജി വിലാസത്തിൽ വാടകക്ക് താമസിക്കുന്ന ബിബിൻ കുമാർ (18),കോയിപ്രം പുല്ലാട് തെറ്റുപാറ ബിജു ഭവനിൽ ബിജിത്ത് (18), നാരങ്ങാനം വലിയകുളം നെടിയമഞ്ഞപ്ര വീട്ടിൽ അജു അജയൻ (18)എന്നിവരാണ് പിടിയിലായത്.
റഷീദിന്റെ 13000 രൂപ വിലയുള്ളതും അനാമുലിന്റെ 18000 രൂപ വിലവരുന്നതുമായ മൊബൈൽ ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്. റഷീദിന്റെ 600 രൂപയും നഷ്ടമായി. റഷീദുൽ ഇസ്‌ലാമിന്റെ പരാതിപ്രകാരം കേസെടുത്ത ആറന്മുള പോലീസ്, നാട്ടുകാർ തടഞ്ഞുവച്ച മോഷ്ടാക്കളെ പുലർച്ചെ അഞ്ചു മണിയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച മോട്ടോർ സൈക്കിളും പിടിച്ചെടുത്തു.