കൊണ്ടോട്ടി- കേരള ഹജ് കമ്മിറ്റി ചെയർമാനായി കോഴിക്കോട് മർകസ് മാനേജർ സി. മുഹമ്മദ് ഫൈസിയെ തെരഞ്ഞെടുത്തു. കാന്തപുരം അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന സമസ്തയുടെ നേതാവാണ്. തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയുടെ കാലാവധി തീർന്നതിനെ തുടർന്നാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. ഒരു വനിത ഉൾപ്പെടെ പുതിയ സംസ്ഥാന ഹജ് കമ്മിറ്റി അംഗങ്ങളെ സർക്കാർ നേരത്തെ തെരഞ്ഞെടുത്തിരുന്നു. നിലവിലെ കമ്മിറ്റി അംഗങ്ങളിൽ ആർക്കും ഇടം കിട്ടാത്ത പുതിയ കമ്മിറ്റിയിൽ മുൻവർഷങ്ങളിൽ കമ്മിറ്റിയിലുണ്ടായിരുന്നവരുണ്ട്.
കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്‌സൺ എൽ. സുലൈഖയാണ് സംസ്ഥാന ഹജ് കമ്മിറ്റിയിലെ ആദ്യ വനിത അംഗം. കേന്ദ്ര ഹജ് കമ്മിറ്റിയിൽ വനിതാ സാന്നിധ്യമുണ്ടായിട്ടുണ്ടെങ്കിലും സംസ്ഥാന ഹജ് കമ്മിറ്റിയിൽ ഇതാദ്യമായാണ് വനിത ഉൾപ്പെടുന്നത്. ഈ വർഷം മുതൽ ഹജിന് വളണ്ടിയർമാരായി വനിതകളും വേണമെന്ന് കേന്ദ്ര ഹജ് കമ്മിറ്റി നിർദ്ദേശിച്ചിരുന്നു.
പി.വി. അബ്ദുൽ വഹാബ് എം.പി, എം.എൽ.എമാരായ കാരാട്ട് റസാഖ് (കൊടുവളളി), മുഹമ്മദ് മുഹ്‌സിൻ (പട്ടാമ്പി), ഡോ. ബഹാവുദ്ദീൻ നദ്‌വി (ചെമ്മാട്), കൊണ്ടോട്ടി നഗരസഭ കൗൺസിലർ പി. അബ്ദുറഹിമാൻ (ഇണ്ണി), മുസ്‌ലിയാർ സജീർ (മലപ്പുറം), കടക്കൽ അബ്ദുൽ അസീസ് മൗലവി (കൊല്ലം), എം.എസ്. അനസ് (അരൂർ), സി. മുഹമ്മദ് ഫൈസി (കൊടുവള്ളി), മുഹമ്മദ് കാസിം കോയ (പൊന്നാനി), വി.ടി അബ്ദുല്ലക്കോയ തങ്ങൾ (കാടാമ്പുഴ), എച്ച്. മുസമ്മിൽ ഹാജി (ചങ്ങനാശ്ശേരി), പി.കെ. അഹമ്മദ് (കോഴിക്കോട്) എന്നിവരെയാണ് തെരഞ്ഞെടുത്തത്. പുറമെ മലപ്പുറം ജില്ലാ കലക്ടർ അമിത് മീണ ഐ.എ.എസ,് സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ എന്നിവർ സ്ഥിരം അംഗങ്ങളാണ്. 16 അംഗ കമ്മിറ്റിയുടെ കാലാവധി മൂന്ന് വർഷമാണ്.