കൊച്ചി - കുസാറ്റില്‍ നടന്ന ടെക്‌ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ച സംഭവം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. സാങ്കേതിക വിദഗ്ധരടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുക. രണ്ടു ദിവസത്തിനകം സമിതിയിലെ അംഗങ്ങളെ തീരുമാനിക്കും. കോളേജുകളിലെ ടെക്‌ഫെസ്റ്റ് ഉള്‍പ്പടെയുള്ള പരിപാടികള്‍ക്ക് മാര്‍ഗ്ഗരേഖയുണ്ടാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. പരിപാടി പൊലീസിനെ അറിയിക്കാത്തത് ഗുരുതരമാണ്. പരിപാടിയില്‍ പൊലീസ് ഇല്ലാതെപോയതെന്താണെന്ന് പരിശോധിക്കേണ്ടതാണ്. പൊലീസിനെ അറിയിച്ചില്ലെന്നത് ഗുരുതമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊച്ചി സര്‍വ്വകലാശാല ക്യാമ്പസില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായ സംഗീത നിശക്ക് തൊട്ടുമുമ്പുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളടക്കം നാല് പേരാണ് മരണമടഞ്ഞത്. രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റൂഫ്, താമരശ്ശേരി സ്വദേശിനി സാറ തോമസ്, കുസാറ്റില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്. നാല്‍പ്പതോളം പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് പെണ്‍കുട്ടികളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.