മലപ്പുറം - നവകേരള സദസിന്റെ വിളംബര ജാഥയില്‍ പങ്കെടുക്കാത്ത അംഗന്‍വാടി ജീവനക്കാരോട് വിശദീകരണം ചോദിച്ചു. മലപ്പുറം പൊന്‍മള്ള ഗ്രാമ പഞ്ചായത്തിലെ അംഗന്‍വാടി ജീവനക്കാരോടാണ് വിശദീകരണം ചോദിച്ചത് ഐ.സി.ഡി.എസ് സൂപ്രവൈസറാണ് വിളംബര ജാഥയില്‍ പങ്കെടുക്കാത്തവരോട് വിശദീകരണം ചോദിച്ചത്. വിളംബര ജാഥയില്‍ പങ്കെടുക്കാതെ വീട്ടിലേക്ക് പോയവര്‍ വ്യക്തമായ കാരണം എഴുതി തരണമെന്നാണ് സൂപ്പര്‍ വൈസര്‍ ആവശ്യപ്പെട്ടത്. ജീവനക്കാരുടെ വാട്‌സ്ആപ് ഗ്രൂപ്പിലായിരുന്നു സന്ദേശം. പൊന്മള പഞ്ചായത്തില്‍ ഇന്നലെ വൈകിട്ടാണ് നവകേരള സദസുമായി ബന്ധപ്പെട്ട വിളംബര ജാഥ നടന്നത്. ജാഥയില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് നേരത്തെ തന്നെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നവകേരള സദസ്സിലേക്ക് ആളെക്കൂട്ടാന്‍ ആളുകളെ ഭീഷണിപ്പെടുത്തി എത്തിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെയാണ് സംഭവം.