Sorry, you need to enable JavaScript to visit this website.

കുസാറ്റ് ദുരന്തം: മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി കളമശ്ശേരി കാംപസില്‍ 

കൊച്ചി- കുസാറ്റില്‍ ഗാനസന്ധ്യക്കിടെ ഉണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി കുസാറ്റ് കാംപസില്‍ എത്തിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സാറാ തോമസ്, അതുല്‍ തമ്പി, ആന്‍ റുഫ്ത എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദര്‍ശനത്തിനായി കുസാറ്റ് കാംപസില്‍ എത്തിച്ചത്. കുസാറ്റിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.ആന്‍ റുഫ്തയുടെ സംസ്‌കാരം ചൊവ്വാഴ്ചയേ ഉണ്ടാകൂ എന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇറ്റലിയിലുള്ള അമ്മ തിരികെ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരം. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചശേഷം പറവൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റും.
സാറയുടെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. രാവിലെ പത്ത് മണിക്ക് ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വെച്ചായിരിക്കും സംസ്‌കാരം. കുസാറ്റിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം താമരശ്ശേരിയിലെ കോരങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടുപോകും.
കുസാറ്റിലെ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു നിര്‍ദേശം നല്‍കി. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കുസാറ്റ് വി.സിക്കും രജിസ്ട്രാര്‍ക്കുമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
കിന്‍ഡര്‍ ആശുപത്രിയില്‍ 18 പേരെ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ 16 പേരെ നിലവില്‍ ഡിസ്ചാര്‍ജ്ജ് ചെയ്തു. രണ്ടുപേര്‍ മാത്രമാണ് ഇപ്പോള്‍ കിന്‍ഡര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവര്‍ക്ക് ഏറ്റവും വിദഗ്ദമായ ചികിത്സ ഏര്‍പ്പെടുത്താനുള്ള ക്രമീകരണങ്ങള്‍ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കളമശ്ശേരി കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) കാമ്പസില്‍ ടെക്ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെയുണ്ടായ അപകടത്തിലാണ് വിദ്യാര്‍ഥികളടക്കം നാലുപേര്‍ മരിച്ചത്. സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്ങിലെ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥി കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്റിഫ്റ്റ, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്.

Latest News