Sorry, you need to enable JavaScript to visit this website.

സി.ജെ.എമ്മിനെതിരെ അസഭ്യവർഷം; മുഖം രക്ഷിക്കാൻ അഭിഭാഷകരുടെ ശ്രമം

കോട്ടയം- കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ വനിത മജിസ്‌ട്രേട്ടിനെതിരെ പ്രകടനം നടത്തുകയും അസഭ്യം വിളിക്കുകയും ചെയ്ത സംഭവം വാർത്തയായതോടെ മുഖം രക്ഷിക്കാൻ അഭിഭാഷകർ ശ്രമം തുടങ്ങി. കോടതി വരാന്തയിലൂടെ മുദ്രാവാക്യം വിളിച്ച് നീങ്ങുന്ന അഭിഭാഷകരുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിയമ സംവിധാനത്തിൽ നിന്നു തന്നെ വിമർശനം ഉയർന്നു. പല സീനിയർ അഭിഭാഷകരും തങ്ങളുടെ വിയോജിപ്പ് അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ജൂനിയർ അഭിഭാഷകരാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതെന്ന നിലപാടിലേക്ക് ബാർ അസോസിയേഷൻ മാറിയത്. വിഷയത്തിൽ ബാർ കൗൺസിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാവും. നാലംഗ സമിതിയെയാണ് നിയോഗിച്ചത്. കൗൺസിൽ നേരിട്ട് അന്വേഷണം നടത്തി. കോട്ടയത്ത് എത്തി അഭിഭാഷകരെ കാണും.
അതിനിടെ അഭിഭാഷകരും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് (സി.ജെ.എം) കോടതിയും തമ്മിലുള്ള തർക്കത്തിൽ ഇരുകൂട്ടരും ഹൈക്കോടതിയെ സമീപിച്ചു. വ്യാജ ജാമ്യക്കാരനെ ഹാജരാക്കിയെന്നാരോപിച്ചു സി.ജെ.എം കോടതിയുടെ നിർദേശപ്രകാരം അഡ്വ. എം.പി. നവാബിനെ പ്രതിയാക്കി പോലീസ് കേസെടുത്ത സംഭവത്തിലാണു തർക്കം. കോട്ടയത്തു കഴിഞ്ഞ ദിവസം കോടതി നടപടികൾ ബഹിഷ്‌കരിച്ച് അഭിഭാഷകർ പ്രകടനം നടത്തുകയും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.  ഇതുസംബന്ധിച്ചു സി.ജെ.എം വിവീജ സേതുമോഹൻ തയാറാക്കിയ റിപ്പോർട്ട് ജില്ലാകോടതി മുഖേന ഹൈക്കോടതിയിൽ സമർപ്പിച്ചു. 
കോടതിക്കുള്ളിൽ തന്നെ അസഭ്യം പറഞ്ഞു എന്നതടക്കമുള്ള റിപ്പോർട്ടാണു സി.ജെ.എം നൽകിയതെന്ന് അറിയുന്നു. ഇതേസമയം അഭിഭാഷകർ ഹൈക്കോടതി രജിസ്ട്രാറെ നേരിട്ടു കണ്ടു വിവരം ധരിപ്പിച്ചു. തങ്ങൾക്കെതിരെ സി.ജെ.എം മോശം പരാമർശങ്ങൾ നടത്തുന്നുവെന്ന് അഭിഭാഷകർ പരാതിപ്പെട്ടതായും അറിയുന്നു. അഭിഭാഷകർക്കു പിന്തുണ അറിയിച്ച് ജില്ലയിലെ ഇതര ബാർ അസോസിയേഷനുകൾ പ്രകടനവും സമ്മേളനവും നടത്തി. 
സി.ജെ.എമ്മിനെതിരെയുള്ള അഭിഭാഷകരുടെ നീക്കത്തിൽ കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് കൗൺസിൽ പ്രതിഷേധിച്ചു. 
അതേ സമയം പ്രശ്‌നം വഷളാവാതിരിക്കുന്നതിനായുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. അഭിഭാഷകർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചു. 2013 ലെ ഒരു കേസിൽ അഭിഭാഷകൻ വ്യാജ ജാമ്യക്കാരനെ ഹാജരാക്കിയെന്നാണു കേസ്. എന്നാൽ ഇത്തരം സംഭവങ്ങളിൽ അഭിഭാഷകരെ പ്രതിയാക്കുന്ന കീഴ്വഴക്കം ഇല്ലെന്നാണ് അഭിഭാഷകരുടെ വാദം. കോട്ടയത്തിനു പിന്നാലെ കഴിഞ്ഞ ദിവസം ഏറ്റുമാനൂർ കോടതിയിലും അഭിഭാഷകർ പ്രതിഷേധിച്ചിരുന്നു.

Latest News