ജിദ്ദ- അൽവാഹ ഡിസ്ട്രിക്ടിലെ ഉൾഭാഗങ്ങളിലെ റോഡുകളിലെ കുഴികളും വിള്ളലുകളും ബന്ധപ്പെട്ട വകുപ്പുകൾ എത്രയും വേഗം അടക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
അൽവാഹയിലെ ഉൾപ്രദേശങ്ങളിലെ റോഡുകളിൽ നിറയെ കുഴികളും വിള്ളലുകളുമാണ്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും ആളുകൾ വീണ് പരിക്കേൽക്കാനും മറ്റും ഇവ ഇടയാക്കുന്നു. റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴികൾ തിരിച്ചറിയാൻ സാധിക്കുന്നില്ല. കുഴികളിൽ പതിച്ച ശേഷം മാത്രമാണ് റോഡുകളിൽ കുഴികളുള്ളതായി അറിയുകയെന്നും പ്രദേശവാസികൾ പറയുന്നു. ഡ്രൈവർമാരെ ഉണർത്താൻ കുഴികളിലും വിള്ളലുകളിലും ചിലർ ചില അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ പ്രദേശവാസികൾക്ക് വലിയ അതൃപ്തിയുണ്ട്.