കോഴിക്കോട് - കളമശ്ശേരി കുസാറ്റ് ക്യാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചതില്‍ ദുഃഖ സൂചകമായി നാളെ നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ മന്ത്രിമാരുടെ അടിയന്തരയോഗം ചേര്‍ന്നു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജറി, ഓര്‍ത്തോപീഡിക്സ് വിഭാഗം ഡോക്ടര്‍മാരുടെ സംഘം എറണാകുളത്ത് ഉടന്‍ എത്തിച്ചേരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. വ്യവസായ മന്ത്രി പി രാജീവിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവിനെയും കളമശ്ശേരിയിലേക്ക് നിയോഗിച്ചിരുന്നു. ഇരുവരും കളമശ്ശേരിയിലെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.