Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയിൽ പ്രതീക്ഷയെന്ന് പരാതിക്കാരൻ, മന്ത്രിക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നു

കോഴിക്കോട് - തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിലിനെതിരായ പരാതി ഗൗരവകരമാണെന്നും ഏതറ്റംവരേയും മുന്നോട്ട് പോകുമെന്നും പരാതിക്കാരൻ. നവകേരള സദസ്സിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. കേരള മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്നും വടകര മുട്ടുങ്ങൽ സ്വദേശി എ.കെ.യൂസഫ്. അതേസമയം മന്ത്രിക്കെതിരായ പരാതി താൻ കണ്ടിട്ടില്ലെന്നും നിയമപരമായി നീങ്ങുന്നതിനാൽ അത് സംബന്ധിച്ച മറുപടിയും തീരുമാനവും കോടതിയുടേതാണെന്നും മുഖ്യമന്ത്രി ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി കോഴിക്കോട്ട് പറഞ്ഞു. പ്രത്യക്ഷത്തിൽ മന്ത്രി കേസിൽ പങ്കാളിയല്ലെന്നും അദ്ദേഹത്തിന് ഇതുമായി ബന്ധമില്ലെന്നുമാണ് അറിഞ്ഞതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
2011 ലാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്. പ്രവാസിയും വടകര സ്വദേശിയുമായ യൂസഫിൽ നിന്നും വിൻവേ ഓട്ടോ ഇൻഡസ്ട്രീസിന്റെ പാർട്ണർമാരും വടകര സ്വദേശികളുമായ സലീമും അംഷാദും ചേർന്ന് റെയിൽവേയ്ക്ക് സാധനങ്ങൾ നിർമിച്ച് നൽകുന്ന മഞ്ചേരിയിലെ സ്ഥാപനത്തിൽ പാർട്‌നണാറാക്കാമെന്നും 25 ശതമാനം ലാഭവിഹിതം നൽകാമെന്നു ീ വാഗ്ദാനം നൽകി 50 ലക്ഷം രൂപവാങ്ങിക്കുകയായിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഒന്നും നടക്കാതായതോടെ പണം തിരിച്ചുകിട്ടണമെന്ന്  യൂസഫ് ത്തവശ്യപ്പെട്ടു. മധ്യസ്ഥർ ഇടപെട്ട് ഉടൻ പണം തിരിച്ചുകൊടുക്കാൻ ധാരണായായെങ്കിലും യൂസഫിന് കൊടുത്ത പത്ത് ലക്ഷം രൂപയുടെ അഞ്ച് ചെക്കുകൾ പണമില്ലാത്തതിനാൽ മടങ്ങി. യൂസഫ് വടകര കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കവെയാണ്  മന്ത്രി അഹമ്മദ് ദേവർകോവിലിൽ ഇടപെടുന്നത്. കേസിൽ മൂന്നാംപ്രതിയായ വിൻവേ ഓട്ടോ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണർ എന്ന നിലയിൽ അഹമ്മദ് ദേവർകോവിൽ കോടതിയിൽ വിചാരണ നേരിടുകയും ചെയ്തു. വടകരയിലെ വിചാരണക്കോടതി അഹമ്മദ് ദേവർകോവിലിന്റെയും പാർട്ണർമാരടേയും വാദം തള്ളി. അഹമ്മദ് ദേവർകോവിൽ അടക്കം മൂന്ന് പ്രതികൾക്കും കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചു. അഹമ്മദ് ദേവർകോവിൽ സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണർ എന്ന നിലയിൽ 63 ലക്ഷം പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു. അപ്പീൽ പരിഗണിച്ച കോഴിക്കോട് സ്‌പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി 2019ൽ രണ്ടു പ്രതികളുടെയും തടവ് ശിക്ഷ ഓരോ വർഷമായി കുറച്ചു. അഹമ്മദ് ദേവർകോവിലിന്റെ തടവ് ശിക്ഷ റദ്ദാക്കിയ അപ്പീൽ കോടതി 63 ലക്ഷം രൂപ പിഴ അടക്കാനുള്ള ഉത്തരവ് നിലനിർത്തി. നിശ്ചിത സമയത്ത് അഹമ്മദ് ദേവർകോവിലിന്റെ സ്ഥാപനം പിഴ ഒടുക്കിയില്ല. കൂട്ടുപ്രതികളെ അറസ്റ്റും ചെയ്തില്ല. അഹമ്മദ് ദേവർകോവിലിന്റെ സ്ഥാപനത്തിൽ നിന്ന് പിഴത്തുക ഈടാക്കുന്നതിന്റെ ഭാഗമായി ഡിസ്ട്രസ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും മന്ത്രിയായതിനാൽ ഒരു നടപടിയുമുണ്ടായില്ല. അതേസമയം കമ്പനിയുമായി ഇപ്പോൾ ബന്ധമില്ലെന്നും വ്യക്തിപരമായി ബാധ്യതയില്ലെന്നും കേസ് കോടതിയുടെ പരിഗണനയിൽ ആണെന്നുമാണ് മന്ത്രിയുടെ വിശദീകരണം. പണം വാങ്ങി വഞ്ചിച്ചു എന്നതാണ് മന്ത്രിയുടെ സ്ഥാപനത്തിന് എതിരായ കോടതി ഉത്തരവ്. നേരത്തെ പരാതിക്കാരൻ മുഖ്യമന്ത്രിക്ക് ഇ മെയിൽ വഴി പരാതി നൽകിയിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് പ്രതീക്ഷയോടെ നവകേരള സദസ്സിലെത്തി പരാതി നൽകിയെന്നത് പരാതിക്കാരൻ യൂസഫ് പറഞ്ഞു. കോടതി വിധി പ്രകാരം പണം നൽകാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും മുഖ്യ മന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നുണ്ട്.
 

Latest News