കൊച്ചി- കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ നാലു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ 46 പേർ ആശുപത്രിയിൽ. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് കലക്ടര്‍ അറിയിച്ചു. മരിച്ചവരെ ഇതേവരെ തിരിച്ചറിഞ്ഞിട്ടില്ല. മന്ത്രിമാരായ വീണ ജോർജ്, പി. രാജീവ്, പ്രൊഫ. പി. ബിന്ദു എന്നിവർ കൊച്ചിയിലേക്ക് തിരിച്ചു.
ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി. ഇതിനിടെ തിരക്കിൽപ്പെട്ട് പടിക്കെട്ടിൽ വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീണായിരുന്നു അപകടം.
ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായ ഇന്ന് പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർഥിളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്യുകയും നിരവധി ആളുകൾ കൂട്ടമായി ഇവിടേക്ക് ഓടിക്കയറുകയും ചെയ്തു. ഇതോടെയാണ് അപകടമുണ്ടായത്.
ആളുകൾ കൂട്ടത്തോടെ ഓടിക്കയറിയതോടെ ചിലരുടെ ദേഹത്തേക്ക് ആളുകൾ വീഴുകയായിരുന്നു. മരിച്ചവരെ ഇതേവരെ തിരിച്ചറിഞ്ഞിട്ടില്ല. വിവിധ കോളേജുകളിൽനിന്നുള്ളവരാണ് ടെക് ഫെസ്റ്റിനായി എത്തിയിരുന്നത്. കൂടുതൽ പേരെ ആശുപത്രിയിലേക്ക് എത്തിക്കുന്നുണ്ട്. പരിക്കേറ്റവരുടെ എണ്ണം കൂടുമെന്നാണ് വിവരം.