തിരുവനന്തപുരം- സംസ്ഥാനത്തെ ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. ഷവര്‍മയുണ്ടാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായാണ് പരിശോധന നടത്തിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 88 സ്‌ക്വാഡുകളാണ് സംസ്ഥാനത്തെ 1287 കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച പരിശോധന നടത്തിയത്.
മാനദണ്ഡങ്ങള്‍ ലംഘിച്ച് ഷവര്‍മ വില്‍പ്പന നടത്തിയെന്ന് കണ്ടെത്തിയ 148 കടകളിലെ ഷവര്‍മ വില്‍പ്പന നിര്‍ത്തിവെപ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസും നല്‍കി. മയൊണൈസ് തയാറാക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ വീഴ്ചവരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെരെയും നടപടിയെടുത്തു. പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ എസ്. അജി, ജി. രഘുനാഥക്കുറുപ്പ്, വി.കെ. പ്രദീപ് കുമാര്‍ എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.