കോഴിക്കോട്- ബസിന്റെ ചില്ല് മാറ്റിയിട്ടാൽ എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ യാത്രയ്ക്ക് ഉപയോഗിക്കുന്ന ബസിന്റെ ചില്ല് മാറ്റിയിട്ട വാർത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബസിന്റെ ചില്ല് മാറ്റിയെന്ന് ഞാനറിഞ്ഞത് വാർത്തയിൽനിന്നാണ്. ബസിൽ കയറി നോക്കിയപ്പോൾ ഒരു മാറ്റവും കണ്ടില്ല. നവകേരള യാത്രയിലേക്ക് കൂടുതൽ ജനം ഒഴുകിയെത്തുകയാണെന്നും പിണറായി പറഞ്ഞു. അതേസമയം, കൊയിലാണ്ടിയിൽനിന്നു ബാലുശേരിയിലെ നവകേരള സദസ്സിന്റ വേദിയിലേക്ക് മുഖ്യമന്ത്രി സഞ്ചരിച്ചത് ഔദ്യോഗിക വാഹനത്തിലായിരുന്നു. ബാലുശേരിയിൽനിന്ന് എലത്തൂരിലേക്ക് മുഖ്യമന്ത്രി പോയത് ബസിലായിരുന്നു. ഈ ബസിനെ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പർ വാഹനം അനുഗമിച്ചു.