കാസർകോട്- കാസർക്കോട്ടെ കേരള കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപകൻ ഡോ. ഇഫ്തിഖർ അഹമ്മദിനെതിരെ വിദ്യാർഥിനികളുടെ ലൈംഗികാതിക്രമ പരാതി. പരീക്ഷയ്ക്കിടെ തല കറങ്ങി വീണ വിദ്യാർഥിനിയോട് അധ്യാപകൻ ലൈംഗികാതിക്രമം കാട്ടിയെന്ന് എം.എ ഇംഗ്ലിഷ് ഒന്നാം വർഷ വിദ്യാർഥികൾ പരാതി നൽകി. ഏഴു പേജുള്ള പരാതിയിൽ ക്ലാസിലെ 41 വിദ്യാർഥികളിൽ 33 പേരും ഒപ്പിട്ടു. നവംബർ 15 ന് നൽകിയ പരാതി സർവകലാശാലയിലെ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിക്ക് (ഐ.സി.സി) കൈമാറി.
പരാതി ഐ.സി.സിയുടെ പരിഗണനയിലാണെന്നും പ്രതികരിക്കുന്നില്ലെന്നും വൈസ് ചാൻസലർ ഇൻ ചാർജ് പ്രഫ. കെ.സി.ബൈജു വ്യക്തമാക്കി. എല്ലാ അതിർവരമ്പുകളും ലംഘിച്ചതോടെയാണ് ഇഫ്തിഖറിനെതിരെ പരാതി നൽകാൻ തീരുമാനിച്ചതെന്ന് വിദ്യാർഥിനികൾ പറയുന്നു. ക്ലാസിൽ ഇംഗ്ലിഷ് കവിതകൾ വ്യാഖ്യാനിക്കുന്നതിനിടെ ഇദ്ദേഹം ലൈംഗികച്ചുവയുള്ള സംഭാഷണങ്ങൾ നടത്താറുണ്ടെന്നും അശ്ലീലം പറയാറുണ്ടെന്നും വിദ്യാർഥിനികൾ പറയുന്നു.
പരാതി നൽകിയതിനു പിറ്റേന്ന്, വിദ്യാർഥികളുമായി നേരിട്ട് ഇടപെടുന്നതിൽനിന്ന് ഇഫ്തിഖറിനെ വിലക്കി ഇംഗ്ലിഷ് വിഭാഗം മേധാവി ഡോ. ആശ കുറിപ്പു കൈമാറിയിരുന്നു.
നവംബർ 13ന്, ഇഫ്തിഖർ അഹമ്മദ് പഠിപ്പിക്കുന്ന വിഷയത്തിന്റെ മിഡ് ടേം ഇന്റേണൽ പരീക്ഷയ്ക്കിടെ ഒന്നാം വർഷ എം.എ വിദ്യാർഥിനി തലകറങ്ങി വീണുവെന്നും തുടർന്ന് പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നുമാണ് പരാതി. കുട്ടിയെ ആശുപത്രിയിൽ എത്തിച്ച ശേഷവും ഇദ്ദേഹം മോശമായി പെരുമാറിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു. അധ്യാപകന്റെ പെരുമാറ്റം മോശമായിരുന്നുവെന്ന് ഡോക്ടറും സ്ഥിരീകരിച്ചു.
ഡോക്ടറുടെ വാക്കുകൾ:
സാധാരണ ഗതിയിൽ താൻ മുറിയിലെത്തുമ്പോൾ രോഗിക്ക് ഒപ്പമുള്ളവർ അവിടെനിന്ന് മാറിനിൽക്കാറുണ്ട്. എന്നാൽ, അന്ന് ഞാൻ റൂമിലെത്തിയിട്ടും ഇഫ്തിഖർ മാറാൻ കൂട്ടാക്കിയില്ല. അതിനാൽ അൽപം മാറിനിൽക്കാൻ പറയേണ്ടി വന്നു. അപ്പോഴും ഒരു ചുവടു മാത്രമാണ് ഇഫ്തിഖർ മാറിയത്. ഇടുങ്ങിയ ആ റൂമിൽ അയാൾ എനിക്കു തൊട്ടുപിന്നിലായാണ് നിന്നത്. അയാളെ മദ്യം മണക്കുന്നുണ്ടായിരുന്നു. ആരോഗ്യകേന്ദ്രത്തിലെ നഴ്‌സ് അന്ന് അവധിയായിരുന്നതിനാൽ, പെൺകുട്ടിയെ അധ്യാപകനൊപ്പം ഒറ്റയ്ക്കു നിർത്തിയിട്ടു പോകാൻ മനസ്സു വന്നില്ല. അതുകൊണ്ട് ജില്ലാ ആശുപത്രിയിലേക്കു റഫർ ചെയ്തു. വൈകിട്ട് 4.30ഓടെ വിദ്യാർഥിനി ആശുപത്രിയിൽനിന്ന് തിരിച്ചെത്തി. ശ്വാസമെടുക്കാൻ അപ്പോഴും അവൾക്കു ബുദ്ധിമുട്ടുണ്ടായിരുന്നു. ആശുപത്രിയിൽ പരിശോധിച്ചതിന്റെ രേഖകൾ നോക്കിയപ്പോൾ കുഴപ്പമൊന്നും കണ്ടില്ല.
ആശ്വസിപ്പിക്കാൻ ശ്രമിച്ചതോടെ ആ പെൺകുട്ടി പൊട്ടിക്കരഞ്ഞു. ഇംഗ്ലിഷ് വിഭാഗം മേധാവിയായ ഡോ. ആശയെ കാണണമെന്നും ആവശ്യപ്പെട്ടു. ഡോ. ആശ വന്നപ്പോൾ, ആ പെൺകുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ വിഷമമെല്ലാം പങ്കുവച്ചു. കോഴ്‌സിനു ചേർന്നതു മുതൽ ഇഫ്തിഖർ അവളെ നോട്ടമിട്ടിരിക്കുകയായിരുന്നുവെന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്.
അതേസമയം, ക്ലാസിൽ തലകറങ്ങി വീണ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നത് ഉൾപ്പെടെയുള്ള പരാതികൾ വ്യാജമാണെന്ന് ഡോ. ഇഫ്തിഖർ അഹമ്മദ് പ്രതികരിച്ചു. ഹെൽത്ത് സെന്ററിലെ വനിതാ ഡോക്ടറാണ് ഇതിനെല്ലാം പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ആ പെൺകുട്ടിയുടെ മുഖത്ത് വെള്ളമൊഴിച്ച് ഉണർത്താൻ മാത്രമാണ് താൻ ശ്രമിച്ചതെന്നും തനിക്കൊപ്പമുണ്ടായിരുന്ന ഗവേഷക വിദ്യാർഥിനി ഇതിനെല്ലാം സാക്ഷിയാണെന്നും പറഞ്ഞ ഇഫ്തിഖർ, മേൽപറഞ്ഞ ആരോപണങ്ങളെല്ലാം ഈ വിദ്യാർഥിനി തന്നെ തള്ളിയതാണെന്നും വിശദീകരിച്ചു.
പരാതിയുമായി ബന്ധപ്പെട്ട് തന്റെ ഭാഗം ഐസിസിയെ അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഞാൻ മദ്യപിച്ചുവെന്നതും വലിയ കള്ളമാണ്. അന്നു രാവിലെ 9.30 മുതൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ എനിക്കൊപ്പമുണ്ടായിരുന്നു. അവരിലാർക്കും അത്തരമൊരു പരാതിയില്ല. പാഠ്യപദ്ധതിയിലുള്ള 22 കവിതകളിൽ നാലോ അഞ്ചോ എണ്ണത്തിൽ മാത്രമാണ് ലൈംഗിക പരാമർശങ്ങളുള്ളത്. ആ കവിതകൾ വ്യാഖ്യാനിക്കുന്ന സമയത്ത് പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് ഉപയോഗിക്കരുത്. ശരീര ഭാഗങ്ങളെക്കുറിച്ച് പ്രതിപാദിക്കാതെ അനാട്ടമി ക്ലാസ് എടുക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.