Sorry, you need to enable JavaScript to visit this website.

മകനോടുള്ള വൈരാഗ്യത്തിന് മാതാവിനെ കാർകയറ്റി കൊന്നു, കരുനാഗപ്പള്ളിയെ ഞെട്ടിച്ച കേസിൽ ജീവപര്യന്തം

കൊല്ലം-മകനോടുള്ള വൈരാഗ്യത്തിന് മാതാവിനെ കാർകയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും കോടതി വിധിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം നീലികുളം വയ്യാവീട്ടിൽ ഷീലയെ കാർ ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി. 2014ൽ കരുനാഗപ്പള്ളി പുതിയകാവിനടുത്ത് താജ്മഹൽപള്ളിക്ക് സമീപം വച്ച് അപകട മരണമെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം നടന്ന അരുംകൊലയാണ് മക്കളുടെ സംശയം മൂലം നടന്ന അന്വേഷണത്തിൽ സത്യം വെളിച്ചത്തുവന്നത്. ഒന്നാംപ്രതി നീലികുളം ചെമ്പഞ്ചേരി തറയിൽ അനിൽകുമാർ(50),സഹോദരന്മാരായ അനിരുദ്ധൻ(47), ഓച്ചിറ ചങ്ങൻകുളങ്ങര ചിത്തിരയിൽ ഹരിസുതൻ(52), ഭാര്യാപിതാവ് ഹരിപ്പാട് മുട്ടം ഇഞ്ചകോട്ടയിൽ ശിവൻകുട്ടി(61) എന്നിവരെയാണ് കൊല്ലം മൂന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഉഷാനായർ ശിക്ഷിച്ചത്.
മുൻ വൈരാഗ്യം മൂലം വാഹനം ഇടിച്ചുകൊലപ്പെടുത്താൻ ഉദ്ദേശിച്ച് ടവേര കാർ വാങ്ങി സുഹൃത്തിന്റെ വീട്ടിൽ ഒളിച്ചു സൂക്ഷിച്ചിരുന്നു. 2014 ഡിസംബർ 11ന് കൊല്ലപ്പെട്ട ഷീല(52)യും ഇളയമകൻ അനീഷ്‌കുമാറുമായി(26) കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ട് തിരികെ മടങ്ങും വഴിയാണ് ആക്രമണം നടന്നത്. ബൈക്കിൽ പോയ ഇവരുടെ നേർക്ക് വാഹനം ഓടിക്കുന്നതിനിടയിൽ ബദറുദ്ദീൻ എന്ന സൈക്കിൾ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി വീണ്ടും മുന്നോട്ടുപോയി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയേറ്റ് പരുക്കേറ്റുവീണ ഷീലയെ വീണ്ടും കാർ വളച്ചെടുത്ത് ദേഹത്തുകൂടി കയറ്റി കൊലപ്പെടുത്തിയതാണ് ഇതൊരു അപകടമരണമല്ലെന്ന് സംശയിക്കാനിടയാക്കിയതെന്ന് മക്കൾ വെളിപ്പെടുത്തിയിരുന്നു.
കൊലക്കുശേഷം കാർ ഓടിച്ച് ഇവർ ഒന്നാംപ്രതിയുടെ ഭാര്യാപിതാവിന്റെ വീടായ ഹരിപ്പാട് മുട്ടത്ത് വീട്ടിൽ പാർക്കു ചെയ്തശേഷം തെങ്കാശിയിലേക്കു കടന്ന് അവിടെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ.
അന്വേഷണം നടന്നതോടെ നാലാംപ്രതി പോലീസിൽ ഹാജരായി താനാണ് വാഹനം ഇടിപ്പിച്ചതെന്നും മറ്റുള്ളവർക്ക് പങ്കില്ലെന്നും വ്യക്തമാക്കി കേസ് വഴി തിരിച്ചുവിടാൻ ശ്രമം നടത്തി.
പോലീസിൽ ചിലരെ സ്വാധീനിച്ചതായും ആക്ഷേപമുയർന്നു. ഷീലയുടെ മക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഗൂഡാലോചന നടത്തിയാണ് കൊല നടത്തിയതെന്നും അതിന് പിന്നിൽ പൂർവ വൈരാഗ്യമാണെന്നും വ്യക്തമായത്.
ഷീലയുടെ മൂത്തമകൻ അരുൺകുമാറും ഒന്നാംപ്രതിയുടെ ഭാര്യ സിജിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രശ്നങ്ങൾ നിലനിന്നിരുന്നു. സിജി സൗദിയിൽ ജീവനൊടുക്കിയിരുന്നു. ഇത് കൊലപാതകമാണെന്നാരോപിച്ച് ഷീല ഉന്നതങ്ങളിൽ പരാതിനൽകിയിരുന്നു. ഇതാണ് വൈരാഗ്യത്തിനു കാരണമായി ബന്ധുക്കൾ ആരോപിച്ചത്.
ഒന്നുമുതൽ മൂന്നുവരെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയും അരലക്ഷം രൂപവീതം പിഴയും ശിക്ഷിച്ചു. സാക്ഷി ബദറുദ്ദീനെ ഇടിച്ചുവീഴ്ത്തിയതിന് ഇവർക്ക് 25000 രൂപവീതംപിഴയും ആറുമാസം തടവും വേറെയുണ്ട്. നാലാംപ്രതി ശിവൻകുട്ടിയെ മൂന്നുവർഷം കഠിന തടവിനും 25000 രൂപ പിഴയും വിധിച്ചു. കരുനാഗപ്പള്ളി ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.പ്രോസിക്യൂഷന് വേണ്ടിഅഡ്വ. പാലക്കത്തറ ബി ശ്യാമപ്രസാദ് ഹാജരായി.
 

Latest News