Sorry, you need to enable JavaScript to visit this website.

എം.ടിയുടെ നാലുകെട്ടിലെ യൂസഫ് വിട പറഞ്ഞു

തൃത്താല- യൂസഫ് വിട പറഞ്ഞു, കൂടല്ലൂരിന്റെ മണ്ണിൽ എം.ടിയുടെ തൂലികയിൽ പിറന്ന മറ്റൊരു കഥാപാത്രം കൂടി ഓർമ്മയായി. എം.ടിയുടെ അതിപ്രശസ്തമായ നാലുകെട്ട് എന്ന നോവലിലെ യൂസഫ് എന്ന കഥാപാത്രം കൂട്ടക്കടവിൽ കച്ചവടം നടത്തിയിരുന്ന യൂസഫ് ഹാജിയാണെന്ന് എം.ടി പല തവണ വ്യക്തമാക്കിയിരുന്നു. കൂടല്ലൂരിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. എം.ടിയുമായി ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന് നാലുകെട്ട് എന്ന നോവലിന്റെ അമ്പതാം വാർഷികാഘോഷവേളയിൽ തൃശൂരിൽ വെച്ച് വലിയ സ്വീകരണം നൽകിയിരുന്നു. കോഴിക്കോട്ട് എം.ടിയെ ആദരിക്കുന്ന മറ്റൊരു പരിപാടിയിലും അദ്ദേഹം ക്ഷണമനുസരിച്ച് പങ്കെടുത്തു. മലയാളത്തിന്റെ പ്രിയ കഥാകാരൻ ജന്മനാട്ടിലെത്തുമ്പോഴെല്ലാം പ്രിയസുഹൃത്തിനെ കാണാൻ എത്താറുണ്ടായിരുന്നു. നാലുകെട്ട് ഉൾപ്പെടെയുള്ള പല കൃതികളിലേയും കഥാപാത്രങ്ങളെ എം.ടി തന്റെ ജന്മനാട്ടിൽ നിന്ന് കണ്ടെടുത്തതാണ്. അത് അദ്ദേഹം മറച്ചു വെച്ചിട്ടുമില്ല. പകിടകളിക്കാരൻ കോന്തുണ്ണി നായരും അപ്പുണ്ണിയും കടത്തുകാരൻ കുഞ്ഞയമ്മതുമെല്ലാം കൂടല്ലൂരിന്റെ മണ്ണിൽ ജീവിച്ചു മരിച്ചവരാണ്. ആ പട്ടികയിലേക്ക് കണ്ണി ചേർന്നിരിക്കുകയാണ് 95കാരൻ യൂസഫ് ഹാജിയും. 
പാരമ്പര്യമായി ലഭിച്ച പലചരക്ക് കച്ചവടവും സ്റ്റേഷനറി കച്ചവടവുമായി മുന്നോട്ടു പോകുകയായിരുന്നു യൂസഫ് ഹാജി. നാലുകെട്ട് എന്ന നോവലിൽ പുളിക്കൽ യൂസഫ് എന്ന കച്ചവടക്കാരന് നായകപരിവേഷമായിരുന്നു. എം.ടിയുടെ മറ്റു ചില കഥകളിലും അദ്ദേഹം കഥാപാത്രമായി കടന്നു വരുന്നുണ്ട്. 
ഫാത്തിമയാണ് യൂസഫ് ഹാജിയുടെ ഭാര്യ. മക്കൾ- അബ്ദുൾ ജബ്ബാർ, ഷൗക്കത്ത്, അബ്ദുൾ ജമാൽ, അബ്ദുൾ നാസർ, കുഞ്ഞുതുട്ടി, അബ്ദുൾ ജലീൽ, സുബൈദ, ഹഫ്‌സ, റംല. മരുമക്കൾ- ജമീല, സുബൈദ, ഖൈറുന്നീസ, ഷെമീറ, സുഹ്‌റ, ഷെറീന, കുഞ്ഞുമുഹമ്മദ്, അബ്ദുൾ ജലീൽ പൊന്നേരി, അലി നാലകത്ത്. ഖബറടക്കം ഞായറാഴ്ച രാവിലെ കൂടല്ലൂർ ജുമാ മസ്ജിദിൽ.
 

Latest News