കൊച്ചി- പണം വാങ്ങി വഞ്ചിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വ്യാജ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ക്രിക്കറ്റ് താരം ശ്രീശാന്ത് പറഞ്ഞു. പരാതിക്കാരനെ കണ്ടിട്ടു പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീശാന്ത് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ കഴിഞ്ഞ ദിവസമാണ് കോടതി നിര്‍ദേശ പ്രകാരം കണ്ണൂര്‍ പോലീസ് എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയിലാണ് കേസ്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാറും വെങ്കിടേഷ് കിനിയുമാണ് ഒന്നും രണ്ടും പ്രതികള്‍.
2019ലാണ് കേസിനാസ്പദമായ സംഭവം. വെങ്കിടേഷ് കിനിയുടെ ഭൂമിയില്‍ നിര്‍മിക്കുന്ന വില്ല വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ വാങ്ങിയെന്നു പരാതിയില്‍ പറയുന്നു. എന്നാല്‍ വില്ലയുടെ നിര്‍മാണം നടന്നില്ല. വില്ല നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്ന സ്ഥലത്ത് ശ്രീശാന്ത് കായിക അക്കാദമി തുടങ്ങുമെന്നും അതില്‍ പങ്കാളിയാക്കാമെന്നും രാജീവും വെങ്കിടേഷും സരീഗിനെ അറിയിച്ചു. ശ്രീശാന്ത് നേരിട്ടു വിളിച്ച് ഉറപ്പു തന്നിരുന്നതായും സരീഗ് വ്യക്തമാക്കുന്നു. എന്നാല്‍ ഇതിലും നടപടി ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് കണ്ണൂര്‍ ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ശ്രീശാന്ത് അടക്കം മൂന്നു പേര്‍ക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു. ഇതോടെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്.