ലണ്ടൻ - നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും അവർക്ക് ഏറ്റവും വെല്ലുവിളിയാവുമെന്ന് കരുതപ്പെടുന്ന ലിവർപൂളും ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ഉജ്വല ജയത്തോടെ തുടങ്ങി. ലിവർപൂൾ മറുപടിയില്ലാത്ത നാലു ഗോളിന് വെസ്റ്റ്ഹാം യുനൈറ്റഡിനെ കശക്കിയെറിഞ്ഞപ്പോൾ പുതിയ കോച്ചിനു കീഴിൽ പുതുയുഗം ആരംഭിച്ച ആഴ്‌സനലിനെ സിറ്റി 2-0 ന് തോൽപിച്ചു. 22 വർഷത്തെ ആഴ്‌സൻ വെംഗറുടെ വാഴ്ചക്കു ശേഷം ഉനായ് എമറിയുടെ പരിശീലനത്തിലാണ് ആഴ്‌സനൽ സ്വന്തം ഗ്രൗണ്ടിൽ കളിക്കാനിറങ്ങിയത്.
കഴിഞ്ഞ സീസണിൽ റെക്കോർഡായ 100 പോയന്റോടെ കിരീടത്തിലേക്ക് കുതിച്ച സിറ്റി തുടക്കം മുതൽ ഉജ്വല ഫോമിലായിരുന്നു. റഹീം സ്റ്റെർലിംഗിന്റെയും ബെർണാഡ് സിൽവയുടെയും എണ്ണം പറഞ്ഞ ഗോളുകളിൽ ആഴ്‌സനൽ വല കുലുക്കിയ അവർ കൂടുതൽ ഗോളിന് ജയിക്കാതെ പോയത് വെറ്ററൻ ഗോളി പീറ്റർ ചെക്കിന്റെ തകർപ്പൻ സെയ്‌വുകൾ കാരണമാണ്. ആഴ്‌സനലിന്റെ ഏതാനും അപകടകരമായ നീക്കങ്ങൾ അനായാസം നിർവീര്യമാക്കാൻ സിറ്റിയുടെ താരപ്പടക്കു സാധിച്ചു. റിയാദ് മഹ്‌റേസിന് അരങ്ങേറ്റത്തിന് അവസരമൊരുക്കിയ സിറ്റി കോച്ച് പെപ് ഗാഡിയോള കഴിഞ്ഞ സീസണിലെ ഹീറോ കെവിൻ ഡിബ്രൂയ്‌നെയും ലിറോയ് സാനെയും തുടക്കത്തിൽ ബെഞ്ചിലിരുത്തി. സ്റ്റെർലിംഗായിരുന്നു ആക്രമണത്തിന്റെ എഞ്ചിൻ. പതിനാലാം മിനിറ്റിലായിരുന്നു 18 വാര അകലെ നിന്നുള്ള വെടിയുണ്ടയോടെ ചെക്കിനെ സ്റ്റെർലിംഗ് കീഴടക്കിയത്. ചെക്കിന്റെ വിചിത്രമായ പാസ് സെൽഫ് ഗോളാവാതെ പോയത് തലനാരിഴക്കാണ്.
അറുപത്തിനാലാം മിനിറ്റിൽ മനോഹരമായ നീക്കത്തിനൊടുവിൽ അത്ര തന്നെ ചന്തമുള്ള ഷോട്ടിലൂടെ സിൽവ ലീഡുയർത്തി.
മാനെ ഡബ്ൾ
മുഹമ്മദ് സലാഹിന്റെയും സാദിയൊ മാനെയുടെയും മിന്നുന്ന പ്രകടനമാണ് വെസ്റ്റ്ഹാമിനെതിരെ ലിവർപൂളിന് വൻ വിജയം സമ്മാനിച്ചത്. സലാഹ് സ്‌കോറിംഗ് തുടങ്ങിവെച്ചപ്പോൾ മാനെ രണ്ട് ഗോളിലൂടെ വിജയം ആധികാരികമാക്കി. പകരക്കാരനായി കളത്തിലിറങ്ങി ഇരുപതാം സെക്കന്റിൽ ഡാനിയേൽ സ്റ്ററിജ് നാലാം ഗോളടിച്ചു.
കഴിഞ്ഞ സീസണിലെ പോലെ സലാഹും മാനെയും റോബർടൊ ഫിർമിനോയും തന്നെയാണ് ലിവർപൂളിന്റെ ആക്രമണം നയിച്ചത്. പത്തൊമ്പതാം മിനിറ്റിൽ ആൻഡി റോബർട്‌സന്റെ ക്രോസ് വലയിലേക്ക് തട്ടിയിടേണ്ട പണിയേ സലാഹിനുണ്ടായുള്ളൂ. ഇടവേളക്ക് മുമ്പ് റോബർട്‌സൻ തന്നെയാണ് മാനെയുടെ ആദ്യ ഗോളിനും വഴിയൊരുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തകർപ്പൻ ഫിനിഷോടെ മാനെ വീണ്ടും വല കുലുക്കി.