എടപ്പാൾ- യൂത്ത് കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യുവാവ് തടവിലാണെന്നും കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പോലീസിൽ പരാതി. കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റാഷിദിനെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടാണ് കോട്ടക്കൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കുറ്റിപ്പുറം സി.ഐക്ക് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റാഷിദിനെ ഇത്രയും ദിവസമായിട്ടും കണ്ടെത്താനായിട്ടില്ല. വിവാദങ്ങളും വെല്ലുവിളികളും സമൂഹ മാധ്യമങ്ങളിലൂടെയും പരസ്യമായും നടക്കുന്നതിനാൽ ആരെങ്കിലും തടങ്കൽ വെച്ചിരിക്കുകയാണെന്ന് സംശയിക്കുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 274 വോട്ടുകൾ നേടി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റാഷിദ് സംഘടനാ രംഗത്ത് ഉള്ളതായി പാർട്ടി നേതാക്കൾക്ക് അറിയുക പോലുമില്ല. അജ്ഞാതൻ ആണെന്ന് പരിഹാസത്തോടെ കുറ്റിപ്പുറം ടൗണിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് അടക്കം പഠിച്ചതായിരുന്നു. റാഷിദ് ബാംഗ്ലൂരിൽ ബിസിനസ് നടത്തുകയാണ്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആണ് വിജയിച്ചതായി താൻ അറിഞ്ഞതെന്നും അജ്ഞാതൻ അല്ലെന്നും ചൂണ്ടിക്കാട്ടി മുഹമ്മദ് റാഷിദിന്റെ പേരിൽ ഐ.ഡി കാർഡ് അടക്കമുള്ള കുറിപ്പുകൾ സഹിതം കത്ത് പുറത്തുവന്നിരുന്നു. പക്ഷേ കത്തുവന്ന ദിവസങ്ങൾ കഴിഞ്ഞിട്ടും മണ്ഡലം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ റാഷിദ് എത്തിയിട്ടില്ല. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഈ സാഹചര്യത്തിലാണ് മണ്ഡലം സെക്രട്ടറി ഇസ്സുദ്ദീൻ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മുഹമ്മദ് റാഷിദിനെ ആർക്കും അറിയില്ലെന്നും ഗ്രൂപ്പുകളിയുടെ പേരിൽ ഒരു പക്ഷം റാഷിദിന്റെ പേര് മത്സരരംഗത്തേക്ക് ഉയർത്തിക്കൊണ്ടു വരികയും ചെയ്തതാണ് വിവാദങ്ങൾക്കും പരാതികൾക്കും ഇടയാക്കിയത്. അതേസമയം മുഹമ്മദ് റാഷിദ് ബാംഗ്ലൂരിൽ ഉണ്ടെന്നും കടുത്ത പനി കാരണം യാത്ര ചെയ്യാൻ കഴിയാതെ അവിടെത്തന്നെ തന്നിരിക്കുകയാണെന്നും ഫോണിൽ ബന്ധപ്പെട്ടതായും യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂർ പറയുന്നു. എല്ലായിടത്തും സ്ഥാനാരോഹണം നടന്നെങ്കിലും അജ്ഞാതൻ വിജയിച്ച കുറ്റിപ്പുറത്ത് ഇതുവരെയും സ്ഥാനമേറ്റെടുക്കൽ നടന്നിട്ടില്ല.