കോഴിക്കോട്- സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങിന് വിസ ഫെസിലിറ്റേഷന്‍ സെന്ററില്‍ അപ്പോയിന്റ്‌മെന്റ് എടുക്കുമ്പോള്‍ സംഭവിക്കുന്ന ചെറിയ അശ്രദ്ധ പലര്‍ക്കും സമയവും പണവും നഷ്ടമാക്കുന്നു. സൗദി വിസ സര്‍വീസ് സെന്ററായ താശീറില്‍ അപ്പോയിന്റ്മന്റിനായി ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുമ്പോള്‍ പേരിന്റെ അക്ഷരങ്ങളിലോ തീയതികളിലോ പിശക് പറ്റിയാല്‍ ഒരു തരത്തിലുള്ള എഡിറ്റിംഗും വി.എഫ്.എസ് കേന്ദ്രത്തിലെത്തിയാല്‍ സാധ്യമല്ല. പിശക് കാരണം അപ്പോയിന്റ്‌മെന്റ് ലഭിച്ച ദിവസം മടങ്ങേണ്ടി വരുന്നവര്‍ക്ക് പുതിയ അപ്പോയിന്റ്‌മെന്റ് ഒരാഴ്ച കഴിഞ്ഞാണ് ലഭിക്കുക.
മലബാറിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കോഴിക്കോട് വി.എഫ്.എസ് കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് അന്നു തന്നെ ബയോമെട്രിക്‌സ് നല്‍കി മടങ്ങണമെങ്കില്‍ ലോഞ്ച് സര്‍വീസ് ആശ്രയിക്കേണ്ടിവരും. വാറ്റ് അടക്കം 3868 രൂപയാണ് ലോഞ്ചില്‍ സര്‍വീസ് ഫീസായി നല്‍കേണ്ടത്. സാധാരണ ഗതിയിലുള്ള ഫീസായ 2579 രൂപക്ക് പുറമെയാണിത്.
പന്തീരാങ്കാവ് മിനി ബൈപാസ് റോഡില്‍ ഹൈലൈറ്റ് മാളിനു സമീപം പുതുതായി ആരംഭിച്ച വി.എഫ്.എസ് സെന്ററിലാണ് ലോഞ്ച് സര്‍വീസ്. ആദ്യം ആരംഭിച്ച പുതിയറയിലെ സെന്ററിലും പന്തീരാങ്കാവ് സെന്ററിലും സൗദി വിസ സ്റ്റാമ്പിങിന് അപ്പോയിന്റ്‌മെന്റ് നല്‍കുന്നുണ്ട്.
താശീര്‍ ഫോമിലെ പിശകുകള്‍ കാരണം അപേക്ഷ തള്ളപ്പെടുന്നവര്‍ക്ക് ലോഞ്ച് സര്‍വീസ് കേന്ദ്രത്തിലെത്തിയാല്‍ അപ്പോള്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാം. വീണ്ടുമൊരു യാത്രയും സമയനഷ്ടവും ഒഴിവാക്കാന്‍ പലരും ലോഞ്ച് സര്‍വീസ് സ്വീകരിക്കാന്‍ നിര്‍ബന്ധിതരാണ്.
അനാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ താശീര്‍ ഫോം പൂരിപ്പിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തുക മാത്രമാണ് പരിഹാരം. പേരുകള്‍, പാസ്‌പോര്‍ട്ട് തീയതികള്‍ തുടങ്ങിയവ വീണ്ടും പരിശോധിച്ച ശേഷമേ സബ്മിറ്റ് ചെയ്യാവൂ.
മുംബൈ കോണ്‍സുലേറ്റില്‍ തൊട്ടുമുമ്പുള്ള കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടും ആവശ്യമായതിനാല്‍ അതു കൂടി കൊണ്ടുപോയില്ലെങ്കില്‍ വി.എഫ്.എസ് കേന്ദ്രത്തില്‍നിന്ന് മടങ്ങേണ്ടിവരും.