ടൊറണ്ടൊ- ടൊറണ്ടൊ മാസ്റ്റേഴ്‌സ് ടെന്നിസിൽ ഗ്രീക്ക് ടീനേജർ സ്റ്റെഫനോസ് സിറ്റ്‌സിപാസിന്റെ അവിശ്വസനീയമായ കുതിപ്പിൽ വിംബിൾഡൺ റണ്ണർഅപ് കെവിൻ ആൻഡേഴ്‌സനും അടി തെറ്റി. തന്റെ ഇരുപതാം ജന്മദിനത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ റഫായേൽ നദാലാണ് ഇനി സിറ്റ്‌സിപാസിന്റെ മുന്നിൽ. നദാൽ 7-6 (7-3), 6-4 ന് കാരൻ ഖചനോവിനെ തോൽപിച്ചു.
ലോക റാങ്കിംഗിൽ ആദ്യ പത്തിലുള്ള നാല് കളിക്കാരെ അട്ടിമറിച്ചാണ് സിറ്റ്‌സിപാസ് കരിയറിലെ രണ്ടാമത്തെ ഫൈനലിലെത്തിയത്. ലോക ഇരുപത്തേഴാം നമ്പറായ ടീനേജർ നിലവിലെ ചാമ്പ്യൻ അലക്‌സാണ്ടർ സ്വരേവിനെയും മുൻ ഒന്നാം നമ്പർ നോവക് ജോകോവിച്ചിനെയും ഏഴാം സീഡ് ഡൊമിനിക് തിയേമിനെയും മുൻ റൗണ്ടുകളിൽ അട്ടിമറിച്ചിരുന്നു. ലോക ആറാം റാങ്കായ ആൻഡേഴ്‌സനെ 6-7 (4-7), 6-4, 7-6 (9-7) നാണ് കീഴടക്കിയത്. 2014 ൽ ജോ വിൽഫ്രീഡ് സോംഗയാണ് അവസാനമായി ഒരു ടൂർണമെന്റിൽ ആദ്യ പത്തിലുള്ള നാല് കളിക്കാരെ തോൽപിച്ചത്. ഈ ടൂർണമെന്റിൽ തന്നെയായിരുന്നു അത്.
നദാൽ കഴിഞ്ഞ ഏപ്രിലിലെ ബാഴ്‌സലോണ ഓപൺ കലാശപ്പോരാട്ടത്തിൽ സിറ്റ്‌സിപാസിനെ തോൽപിച്ചിരുന്നു. ഈ സീസണിലെ 42 കളികളിൽ മൂന്നെണ്ണം നദാൽ മാത്രമാണ് തോറ്റത്.
മോൺട്രിയൽ വനിതാ ടെന്നിസിൽ ലോക ഒന്നാം നമ്പർ സിമോണ ഹാലെപ്പും യു.എസ് ഓപൺ ചാമ്പ്യൻ സ്ലോൻ സ്റ്റീഫൻസും ഫൈനലിൽ ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യൻ എലീന സ്വിറ്റോലിനയെയാണ് 6-3, 6-3 ന് സ്ലോൻ തോൽപിച്ചത്. ഓസ്‌ട്രേലിയയുടെ അഷ്‌ലെയ്ഗ് ബാർടിയെ 6-4, 6-1 ന് ഹാലെപ് തകർത്തു. ഫ്രഞ്ച് ഓപൺ ഫൈനലിന്റെ ആവർത്തനമാണ് ഹാലെപ്-സ്ലോൻ മത്സരം. ഹാലെപ്പായിരുന്നു മൂന്നു സെറ്റിൽ ആ ഫൈനൽ ജയിച്ചത്. എട്ടു തവണ ഹാലെപ്പിനെ നേരിട്ടതിൽ രണ്ടു പ്രാവശ്യമേ സ്ലോന് ജയിക്കാനായുള്ളൂ.