ന്യൂദല്‍ഹി- ദല്‍ഹിയിലെ അഫ്ഗാനിസ്ഥാന്‍ എംബസി സ്ഥിരമായി അടച്ചുപൂട്ടി. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിരന്തരമായ നിസ്സഹകരണത്തേയും വെല്ലുവിളികളേയും തുടര്‍ന്ന് 2023 നവംബര്‍ 23 മുതല്‍ ദല്‍ഹിയിലെ അഫ്ഗാന്‍ എംബസി അടച്ചുപൂട്ടുന്നതായി അധികൃതര്‍ പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
സെപ്റ്റംബര്‍ 30ന് എംബസിയുടെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ഥിരമായി അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. #
കഴിഞ്ഞ രണ്ടേകാല്‍ വര്‍ഷത്തിനിടെ അഫ്ഗാന്‍ അഭയാര്‍ഥികളും വിദ്യാര്‍ഥികളും വ്യാപാരികളുമായി വലിയ ജനവിഭാഗം രാജ്യം വിട്ടതോടെ ഇന്ത്യയിലെ അഫ്ഗാന്‍ സമൂഹത്തില്‍ ഗണ്യമായ കുറവുണ്ടായതായി എംബസി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 2021 ഓഗസ്റ്റ് മുതല്‍ ഈ എണ്ണം പകുതിയായി കുറഞ്ഞു. ഈ കാലയളവില്‍ വളരെ പരിമിതമായ പുതിയ വിസകള്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ അഫ്ഗാന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍ ഇന്ത്യയില്‍ ഇല്ല.