Sorry, you need to enable JavaScript to visit this website.

നവകേരള സദസ്സിലെ വിവാദ ഉത്തരവിൽ നിന്ന് സർക്കാർ പിൻവാങ്ങും; വിദ്യാർത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് കോടതിയിൽ ഉറപ്പ്‌

കൊച്ചി - പിണറായി സർക്കാറിന്റെ നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവും സ്‌കൂൾ ബസ് വിട്ടുനൽകണമെന്ന ഉത്തരവും പിൻവലിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തിങ്കളാഴ്ചക്കുള്ളിൽ ഉത്തരവ് പിൻവലിക്കുമെന്നാണ് സർക്കാർ കോടതിക്കു നൽകിയ ഉറപ്പ്. 
 വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് ചോദ്യം ചെയ്ത് കാസർകോട് സ്വദേശിയായ ഫിലിപ്പ് നൽകിയ ഉപഹരജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
സർക്കാരിന്റ ഉറപ്പ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രേഖപ്പെടുത്തി. നിലമ്പൂരിൽ കുട്ടികളെ പങ്കെടുപ്പിച്ച് നവകേരള സദസ്സ് വിളംബര ജാഥ നടത്തിയതിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തിരുന്നു. ദേശീയ ബാലവകാശ കമ്മിഷനും മറ്റൊരു കേസെടുത്തിട്ടുണ്ട്.
 നവകേരള സദസ്സിൽ വിദ്യാർത്ഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം നല്കിയിരുന്നു. ഒരു സ്‌കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണമെന്ന് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ചുചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിൽ നിർദേശിച്ചിരുന്നു. സ്‌കൂളുകൾക്ക് അവധി നൽകാനും നിർദേശമുണ്ടായിരുന്നു. സർക്കാറിന്റെ രാഷ്ട്രീയ ക്യാമ്പയിനുകൾ സ്‌കൂളിലേക്ക് വലിച്ചിഴച്ച് വിദ്യാർത്ഥികളെ രാഷ്ട്രീയ ചട്ടുകമാക്കുന്ന തീരുമാനം വലിയ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയതിന് പിന്നാലെയാണ് സർക്കാറിന്റെ പിൻവാങ്ങൽ.


 

Latest News