തലശ്ശേരി- പ്രളയം ദുരന്തം വിതച്ച മേഖലകളിൽ കൈത്താങ്ങായി പാനൂർ പോലീസ്. ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിൽ സഹായം എത്തിക്കണമെന്ന് സി.ഐ വി.വി.ബെന്നിയാണ് നിർദേശം മുന്നോട്ടു വെച്ചത്. അന്നു മുതൽ മുന്നിൽ നിന്ന് പ്രവർത്തിക്കുകയായിരുന്നു പാനൂർ ജനമൈത്രി പോലീസ്. പ്രിൻസിപ്പൽ എസ്.ഐ വി.കെ.ഷൈജിത്ത്, എസ്‌ഐ കെ.സന്തോഷ്, ദേവദാസ്, പി.ജനമൈത്രി സമിതി അംഗങ്ങളായ ഇ.സുരേഷ് ബാബു മാസ്റ്റർ, ഒ.ടി നവാസ് എന്നിവർ ചേർന്ന് സുമനസ്സുകളായ വ്യാപാരികളിൽ നിന്നും രാഷ്ടീയ സാമൂഹിക നേതാക്കളിൽ നിന്നും പ്രവർത്തകരിൽ നിന്നുമൊക്കെ സാധന സാമഗ്രികൾ സമാഹരിച്ച് പ്രളയ ദുരിതപ്രദേശങ്ങളിൽ നേരിട്ട് എത്തിക്കുകയായിരുന്നു.
പ്രളയത്തോടെ സർവതും നഷ്ടപ്പെട്ട് കണ്ണൂരിലെ മലയോര മേഖലകളിലെ താൽകാലിക ഷെൽട്ടറുകളിൽ താമസമാക്കിയവർക്ക് ഈ സഹായം ചെറുതെങ്കിലും വലിയ അനുഗ്രഹമായി. പ്രളയബാധിത പ്രദേശങ്ങളിലെ കർമനിരതരയിട്ടുള്ള ജനപ്രധിനിതികളുമായും ഉദ്യോഗസ്ഥൻമാരുമായും സംസാരിച്ച് ദുരിതങ്ങളും പ്രയാസങ്ങളും മനസ്സിലാക്കിയാണ് ജനമൈത്രി പോലീസ് സംഘം പാനുരിൽ തിരിച്ചെത്തിയത്. ചില വീടുകളിലെ അവസ്ഥ ദയനീയമാണെന്ന് പോലീസ് സംഘം പറഞ്ഞു. ഇനിയും സഹായങ്ങൾ ആവശ്യമാണെങ്കിൽ എത്തിക്കാമെന്നും പാനൂർ എസ്.ഐ കെ.സന്തോഷ് ചുമതലയുള്ള ഉദ്യോഗസ്ഥൻമാരെ അറിയിച്ചു. ഭക്ഷ്യവസ്തുക്കളും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള തുണിത്തരങ്ങളുമാണ് പോലീസ് ദുരിതം വിതച്ച മേഖലയിലെത്തിച്ചത്.