കൽപറ്റ- കോട്ടത്തറ, പടിഞ്ഞാറത്തറ പഞ്ചായത്തുകൾ അതിരിടുന്ന കുറുമണി ഗ്രാമവും സമീപ പ്രദേശങ്ങളും ദുരിത സാഗരത്തിൽ. വെണ്ണിയോട് വലിയപുഴയും ചെറുപുഴയും കരകവിഞ്ഞ് പാടങ്ങൾ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ ദ്വീപുകൾക്കു സമാനമായ കുന്നുകളിൽ കഴിയുന്നത് ഇരുനൂറോളം കുടുംബങ്ങൾ. ഇവർക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനും മറ്റും പുറത്തു പോകുന്നതിനു ആശ്രയം പൈപ്പുകൾ കൂട്ടിക്കെട്ടി നിർമിച്ച ചങ്ങാടങ്ങളും കോട്ടത്തറ പഞ്ചായത്ത് അനുവദിച്ച ഒരു തുഴ ബോട്ടും മാത്രം. ഇവയിൽ ജീവൻ പണയപ്പെടുത്തിയാണ് കുന്നുകളിൽനിന്നു പുറത്തേക്കും തിരിച്ചും ആളുകളുടെ യാത്ര. ബോട്ടും ചങ്ങാടങ്ങളുമാണ് അവശ്യ ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ശരണം.
കാലവർഷം തുടങ്ങിയതിനു പിന്നാലെ വെള്ളത്തിലായതാണ് കുറുമണി പ്രദേശം. ബാണാസുര അണയുടെ മുഴുവൻ ഷട്ടറുകളും തുറന്ന് കരമാൻ തോട്ടിലേക്കു വെള്ളം ഒഴുക്കിയത്തോടെയാണ് കുറുമണിയിലും സമീപപ്രദേശങ്ങളിലും വെള്ളപ്പൊക്കം അതിരൂക്ഷമായത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് കുറുണിയിലുണ്ടാതെന്നു പഴമക്കാർ പറയുന്നു.
കുറുമണി, വെണ്ണിയോട്, കരിഞ്ഞുകുന്ന്, പൊയിൽ, പാത്തിക്കൽ, കക്കണം, അടുവൻ, ചെറുകണകുന്ന് എന്നിങ്ങനെ നീളുകയാണ് കുറുമണിയിലും അടുത്തുമായി വെള്ളംചുറ്റിയ കുന്നുകളുടെ നിര. കൊടിയ നാശമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിലുണ്ടായത്. കോടിക്കണക്കിനു രൂപയുടെ കൃഷി നശിച്ചു. അമ്പതോളം വീടുകളും മുപ്പതോളം കടകളും വെള്ളത്തിൽ മുങ്ങി. കുപ്പാടിത്തറ-കുറുമണി-വെണ്ണിയോട് റോഡിന്റെ മുറിപ്പുഴ ഭാഗം ഒലിച്ചുപോയി. പശുക്കളും ആടുകളും പന്നികളും ഉൾപ്പെടെ നിരവധി വളർത്തുമൃഗങ്ങൾ ചത്തു. വീടുകളിലെ വിലപ്പിടിപ്പുള്ള ഉപകരണങ്ങൾ ഉപയോഗശൂന്യമായി. പ്രളയം വിഴുങ്ങിയ വീടുകളിൽനിന്നു എട്ടു പേർക്കു മാത്രം സഞ്ചാരിക്കാവുന്ന തുഴബോട്ടിൽ നൂറ്റമ്പതോളം ആളുകളെയും വളർത്തുമൃഗങ്ങളെയും പ്രദേശവാസികളായ ജിതിൻ ചാക്കോ, സുഭീഷ്, ജോബിഷ്, മുഹമ്മദ് അലി നൂർഷൻ, ബിജു എന്നീ യുവാക്കളാണ് ജീവൻ പണയപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചത്.
ജീവിത മാർഗങ്ങൾ അടഞ്ഞതിന്റെ വ്യാകുലതയിലാണ് കുറുമണിയിലും പരിസരങ്ങളിലുമുള്ള കർഷക ജനത. വീടും കൃഷിയും നശിച്ചുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്ന ചിന്ത ഓരോ കുടുംബങ്ങളിലെയും കുട്ടികൾ ഒഴികെയുള്ളവരുടെ ഉറക്കം കെടുത്തുകയാണ്. വെള്ളം ഇറങ്ങിയാൽത്തന്നെ താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ ഒന്നേ എന്ന് തുടങ്ങേണ്ട അവസ്ഥയിലാണ് എല്ലാവരും. കൃഷിക്കായി കരുതിയ നടീൽ വസ്തുക്കൾ നശിച്ചവരും നിരവധിയാണ്.
ദുരിതാശ്വാസ ക്യാമ്പിലേക്കു പോകാതെ ഒറ്റപ്പെട്ട കുന്നുകളിൽ വളർത്തുമൃഗങ്ങളെയും മറ്റും സംരക്ഷിച്ചു കഴിയുന്ന കർഷക-തൊഴിലാളി കുടുംബങ്ങളെ ദാരിദ്ര്യവും ഗ്രസിക്കുകയാണ്. പണി ഇല്ലാതായതോടെ ആദിവാസി-തൊഴിലാളി കുടുംബങ്ങുടെ വരുമാനമാർഗം അടഞ്ഞു. കൊടിയ സാമ്പത്തിക ഞെരുക്കത്തിലാണ് കർഷക കുടുംബങ്ങളും. സർക്കാരോ സന്നദ്ധ പ്രസ്ഥാനങ്ങളോ അടിയന്തര സഹായം എത്തിച്ചില്ലെങ്കിൽ കുറുമണിയിൽ പട്ടിണി മരണവും ഉണ്ടാകുമെന്നു പ്രദേശവാസികൾ പറയുന്നു.
ശുദ്ധജല ക്ഷാമവും പ്രളയബാധിത പ്രദേശങ്ങളിലുള്ളവരെ അലട്ടുകയാണ്. എക്കൽ നിറഞ്ഞ കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ല. പുറമേ നിന്നു ചങ്ങാടങ്ങളിലാണ് പാചകത്തിനാവശ്യമായ വെള്ളം വീടുകളിൽ എത്തിക്കുന്നത്. എല്ലാ വർഷവും മഴക്കാലത്ത് വെള്ളം കയറി ഒറ്റപ്പെടുന്ന പ്രദേശം എന്ന പരിഗണനയിൽ ഉപയോഗത്തിനു രണ്ടു ബോട്ടുകൾ ജില്ലാ ഭരണകൂടം അനുവദിക്കണമെന്നു കുറുമണി നിവാസികൾ ആവശ്യപ്പെടുന്നു. വെള്ളപ്പൊക്കത്തിൽ ഉണ്ടായ നഷ്ടം നികത്തുന്നതിനു സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നതാണ് ഗ്രാമീണരുടെ മറ്റൊരു ആവശ്യം.