മലപ്പുറം- മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ നവകേരള സദസ്സിന്റെ പ്രചാരകരാക്കി നിലമ്പൂര്‍ നഗരസഭ. നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ വിളംബര ജാഥയിലാണ് നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചത്. ഒന്‍പത്, പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ ഇരുന്നൂറോളം കുട്ടികളെ സ്‌കൂളില്‍ നിന്ന് ജാഥക്കായെത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കാണിക്കുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു വിദ്യാര്‍ഥികളുടെ വിളംബര ജാഥ.നഗരസഭ ചെയര്‍മാനും ജില്ലാ പട്ടിക വര്‍ഗ ഓഫിസില്‍ നിന്നും കുട്ടികളെ വിട്ടു നല്‍കണമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊണ്ടുപോയതെന്ന് പ്രധാന അധ്യാപകന്‍ അറിയിച്ചു. അതേസമയം കുട്ടികളെ പങ്കെടുപ്പിക്കാന്‍ സ്‌കൂളിന് നിര്‍ദ്ദേശം നല്‍കിയില്ലെന്നും അവര്‍ സ്വമേധയാ എത്തിയതാണെന്നുമാണ് നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീമിന്റെ വിശദീകരണം.