മലപ്പുറം- സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ ഒരു രൂപ പോലും നഷ്ടപ്പെടാതെ ദുരിതബാധിതരുടെ കൈകളിലെത്തിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി.ജലീൽ. ദുരിതാശ്വാസ ക്യാമ്പുകളിലെത്താതെ ബന്ധുവീടുകളിൽ അഭയം തേടിയ ദുരിത ബാധിതർക്ക് എല്ലാ വിധ സർക്കാർ ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നിലമ്പൂരിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായ പ്രദേശങ്ങളിൽ വീട് നഷ്ടപ്പെട്ടവരെ തിരികെ ആ പ്രദേശത്ത് താമസിപ്പിക്കാൻ കഴിയില്ല. ഇവർക്ക് താമസിക്കാൻ സുരക്ഷിതമായ ഭൂമി കണ്ടെത്തും. മറ്റ് ഭവന നിർമാണ പദ്ധതികളുടെ ആനുകൂല്യം ലഭ്യമായിട്ടുണ്ടെന്ന പേരിൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നിഷേധിക്കാനിടയാകരുത്. സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിൽ ഒരു ആനുകൂല്യവും നഷ്ടമാകില്ല. തകർന്ന റോഡുകളും പാലങ്ങളും ഉടൻ നവീകരിക്കും. ഇതിനായി മിലിറ്ററി എഞ്ചിനീയറിങ് വിഭാഗത്തിന്റെ സേവനം ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. കാലവർഷക്കെടുതി നേരിടാൻ വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു. ക്യാമ്പുകളിൽ എല്ലാ സൗകര്യവുമുണ്ട്. ഭക്ഷണത്തിനോ വസ്ത്രത്തിനോ യാതൊരു പ്രയാസവും നേരിടുന്നില്ല. അധ്യയനം മുടങ്ങാതിരിക്കാൻ സ്‌കൂളുകളിൽ ഒരുക്കിയിട്ടുള്ള ക്യാമ്പുകൾ സൗകര്യപ്രദമായ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റും. നിർമലഗിരി സ്‌കൂളിലെ ദുരിത ബാധിതരെ മുഴുവൻ എരഞ്ഞിമങ്ങാട് യതീംഖാനയുടെ ട്രെയിനിങ് സെന്ററിലേക്ക് മാറ്റി. ഇതിന്റെ ഭാഗമായി അകമ്പാടത്തെ സൗകര്യങ്ങൾ മന്ത്രി നേരിട്ട് സന്ദർശിച്ച് വിലയിരുത്തി. മുഴുവൻ ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിതബാധിത പ്രദേശങ്ങളിലും മന്ത്രി സന്ദർശനം നടത്തി.
വെള്ളം ഇറങ്ങുന്ന മുറക്ക് വീടുകളുടെ ശുചീകരണം പൂർത്തിയാക്കണം. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തണം. ശുചിത്വ മാനദണ്ഡങ്ങൾ പൂർത്തിയാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതർ സർട്ടിഫൈ ചെയ്ത ശേഷം മാത്രമേ വീടുകളിൽ താമസിപ്പിക്കാവൂ എന്നും മന്ത്രി നിർദേശിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് ആരോഗ്യ ശുചീകരണ പ്രവർത്തനങ്ങളുടെ ചുമതല. പാഠപുസ്തകങ്ങളും യൂനിഫോമും നഷ്ടപ്പെട്ട കുട്ടികൾക്ക് അവ സ്‌കൂളുകൾ വഴി വിതരണം ചെയ്യും. ഇതിനായി ഡി.ഇ.ഒമാരെ ചുമതലപ്പെടുത്തി. എല്ലാ ക്യാമ്പുകളിലും റവന്യൂ ഹെൽപ്പ് ഡസ്‌കുകൾ ഒരുക്കിയിട്ടുണ്ട്. സ്ഥിരം മെഡിക്കൽ ക്യാമ്പും ആംബുലൻസ് സേവനവും ദുരിതാശ്വാസ ക്യാമ്പുകളിൽ ഉറപ്പാക്കിയിട്ടുണ്ട്. ദുരന്തത്തിൽ അഞ്ച് പേർ മരിക്കാനിടയായ കുടുംബത്തിന് തിരുനാവായയിൽ ബലി കർമ്മം നടത്തുന്നതിനായി യാത്രാ സൗകര്യമുൾപ്പെടെയുളള എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
നിലമ്പൂർ പൊതുമരാമത്ത് അതിഥി മന്ദിരത്തിൽ ചേർന്ന അവലോകന യോഗത്തിൽ പി.വി അബ്ദുൾ വഹാബ് എം.പി, പി.വി അൻവർ എം.എൽ.എ, ജില്ലാ കലക്ടർ അമിത് മീണ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.