Sorry, you need to enable JavaScript to visit this website.

ലാസ്റ്റ് ബോള്‍ സിക്‌സറില്‍ ഇന്ത്യ, ഓസീസിനോട് കണക്കുതീര്‍ത്തു

വിശാഖപട്ടണം - ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയില്‍ നിന്നേറ്റ തോല്‍വിയുടെ ക്ഷീണം ചെറിയ തോതിലാണെങ്കിലും മാറ്റി ഇന്ത്യയുടെ യുവനിര. ലാസ്റ്റ് ബോള്‍ ത്രില്ലറായി മാറിയ ആദ്യ ട്വന്റി20യില്‍ വിജയത്തിനരികെ വിയര്‍ത്തെങ്കിലും ഇന്ത്യന്‍ കുട്ടികള്‍ ഓസ്‌ട്രേലിയയെ രണ്ടു വിക്കറ്റിന് തോല്‍പിച്ചു. ലോകകപ്പില്‍ വലിയ റോളില്ലാതിരുന്ന സൂര്യകുമാര്‍ യാദവും ഇശാന്‍ കിഷനുമാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ജോഷ് ഇന്‍ഗ്ലിസിന്റെ കന്നി സെഞ്ചുറിയില്‍ ഓസ്‌ട്രേലിയ മൂന്നിന് 208 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ നോബോളായ അവസാന പന്തില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയം പിടിച്ചു. 
അവസാനഘട്ടത്തില്‍ ഇന്ത്യ വിജയം കൈവിടുമെന്ന ആശങ്കിച്ചതായിരുന്നു. 19 പന്തില്‍ 15 റണ്‍സ് വേണമെന്നിരിക്കെ സൂര്യയെ തകര്‍പ്പന്‍ ക്യാച്ചില്‍ ഓസ്‌ട്രേലിയ മടക്കി. നാല് പന്തില്‍ രണ്ട് റണ്‍സ് മതിയെന്ന അവസ്ഥയില്‍ തുടര്‍ച്ചയായി മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. അക്ഷര്‍ പട്ടേലിനെ ഷോണ്‍ ആബട് സ്വന്തം ബൗളിംഗില്‍ പിടിച്ചു. പകരം വന്ന രവി ബിഷ്‌ണോയിയും അര്‍ഷദീപ് സിംഗും റണ്ണൗട്ടായി. എന്നാല്‍ അവസാന പന്തില്‍ റിങ്കു സിംഗ് (14 പന്തില്‍ 22 നോട്ടൗട്ട്) സിക്‌സറോടെ ടീമിനെ ലക്ഷ്യം കടത്തി. സ്‌കോര്‍: ഓസ്‌ട്രേലിയ മൂന്നിന് 208, ഇന്ത്യ 19.5 ഓവറില്‍ എട്ടിന് 209. 

47 പന്തില്‍ സെഞ്ചുറി 
വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ ജോഷ് ഇന്‍ഗ്ലിസ് 47 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെയാണ് ഓസ്‌ട്രേലിയ 200 പിന്നിട്ടത്. ഇംഗ്ലിസ് 50 പന്തില്‍ എട്ട് സിക്‌സറും 11 ബൗണ്ടറിയുമായി 110 റണ്‍സെടുത്തു. ഓപണര്‍ സ്റ്റീവ് സ്മിത്ത് അര്‍ധ ശതകം നേടി (41 പന്തില്‍ 52). സഹ ഓപണര്‍ മാത്യു ഷോടിനെ (11 പന്തില്‍ 13) ലെഗ്‌സ്പിന്നര്‍ രവി ബിഷ്‌ണോയി ബൗള്‍ഡാക്കിയ ശേഷം സ്മിത്തും ഇന്‍ഗ്ലിസും രണ്ടാം വിക്കറ്റില്‍ 11 ഓവറില്‍ 149 റണ്‍സെടുത്തു. അര്‍ധ ശതകം തികച്ചയുടനെ സ്മിത്ത് റണ്ണൗട്ടാവുകയായിരുന്നു. ബിഷ്‌ണോയി നാലോവറില്‍ 54 റണ്‍സും പ്രസിദ്ധ് കൃഷ്ണ നാലോവറില്‍ 50 റണ്‍സും വഴങ്ങി. 

6,4, ഔട്ട്
യശസ്വി ജയ്‌സ്വാള്‍ (8 പന്തില്‍ 21, 6-2, 4-2) ബൗണ്ടറിയും സിക്‌സറുമായാണ് മറുപടി തുടങ്ങിയത്. എന്നാല്‍ ആദ്യ പന്ത് നേരിടും മുമ്പെ വൈസ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്കവാദ് (0) ഗോള്‍ഡന്‍ ഡക്കായി. മാത്യു ഷോട്ടിനെതിരെ ബൗണ്ടറിയും സിക്‌സറും ആവര്‍ത്തിച്ച ജയ്‌സ്വാള്‍ അടുത്ത പന്തില്‍ ഔട്ടായി. മൂന്നാം ഓവറില്‍ രണ്ടിന് 22 ല്‍ ഒത്തുചേര്‍ന്ന ഇശാന്‍ കിഷനും (39 പന്തില്‍ 58, 6-5, 4-2) ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് (42 പന്തില്‍ 80, 6-4, 4-9) ഓസീസ് ബൗളിംഗിനെ അക്ഷരാര്‍ത്തില്‍ പറത്തിയത്. ഇരുവരും ഒമ്പത് സിക്‌സറുകള്‍ പായിച്ചു. ഇശാനും സിക്‌സറും ബൗണ്ടറിയുമടിച്ചതിന് പിന്നാലെയാണ് പുറത്തായത്. രണ്ട് ബൗണ്ടറിയടിച്ച തിലക് വര്‍മയെയും (10 പന്തില്‍ 12) സ്പിന്നര്‍ തന്‍വീര്‍ സംഗ പുറത്താക്കി. 19 പന്തില്‍ 15 റണ്‍സ് മതിയെന്നിരിക്കെ സൂര്യയെ ലോംഗോണില്‍ ആരണ്‍ ഹാര്‍ഡിയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ ജെയ്‌സന്‍ ബെഹറന്‍ഡോഫ് പുറത്താക്കിയെങ്കിലും  റിങ്കു സിംഗും വിജയം പൂര്‍ത്തിയാക്കി.
ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് നാലു ദിവസം പിന്നിടും മുമ്പെയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ട്വന്റി20 മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. അഞ്ചു മത്സര പരമ്പരയിലെ ആദ്യ കളിയില്‍ വിശാഖപട്ടണത്ത് ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. 


 

Latest News