കാസർകോട്-ഈ വർഷത്തെ ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ 2023 ഡിസംബർ 22 ന് ആരംഭിച്ച് ഡിസംബർ 31 ന് രാത്രി പുതുവർഷത്തെ വരവേറ്റ് പര്യവസാനിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ വിനോദ സഞ്ചാര സാംസ്‌കാരിക ചരിത്രത്തിൽ ഇതിനകം അടയാളപ്പെടുത്തിക്കഴിഞ്ഞ ഒന്നാം ബീച്ച് ഫെസ്റ്റിവലിന്റെ തുടർച്ചയായാണ് സംസ്ഥാനത്തെ ഏറ്റവും ബൃഹത്തായ രണ്ടാം ബീച്ച് ഫെസ്റ്റിവലിന് ഇത്തവണയും ചരിത്രമുറങ്ങുന്ന ബേക്കൽ കടലോരം സാക്ഷ്യം വഹിക്കുന്നത്.ആടിയും പാടിയും കളിച്ചും രസിച്ചും ഉല്ലസിച്ചും അത്ഭുത കാഴ്ചകൾ കണ്ടും സാഹസിക വിനോദങ്ങളിലേർപ്പെട്ടും ആബാലവൃദ്ധം ജനങ്ങൾ ബേക്കലിനെ ഉത്സവത്തിമിർപ്പിലാഴ്ത്തിയ നിത്യവിസ്മയമായ മധുരമൂറുന്ന കാഴ്ചകൾ സമ്മാനിച്ചാണ് ഒന്നാം ബീച്ച് ഫെസ്റ്റിവൽ വമ്പിച്ച ജനപങ്കാളിത്തത്തോടെ പര്യവസാനിച്ചത്.
ബി.ആർ.ഡി.സി, ഡി.ടി.പി. സി, ടൂറിസം വകുപ്പും കുടുംബശ്രീ മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയ കമ്മിറ്റിയും ചേർന്ന് നേതൃത്വം നൽകുന്ന ബേക്കൽ ഫെസ്റ്റിവൽ വിജയകരമായി നടത്തുന്നതിന് അതിവിപുലമായ ഒരു സംഘാടക സമിതി ഇതിനകം പ്രവർത്തിച്ചുവരികയാണ്.
ഉദുമ എം.എൽ.എ. സി.എച്ച്. കുഞ്ഞമ്പു ചെയർമാനും ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് ഫെസ്റ്റിവലിന് ചുക്കാൻ പിടിക്കുന്നത്.
ആദ്യ ഫെസ്റ്റിവലിൽ സംഘാടകരുടെ എല്ലാ കണക്കുകൂട്ടലുകളെയും മറികടന്നുളള ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. അതുകൊണ്ടുതന്നെ സംഘാടനത്തിൽ നേരിട്ട എല്ലാ പിഴവുകളും പരിഹരിച്ചുകൊണ്ടുള്ള ഫെസ്റ്റിവലാണ് ഇക്കുറി ആസൂത്രണം ചെയ്തിരിക്കുന്നത്.കുടുംബശ്രീ ജില്ലാ മിഷൻ ഈ ഫെസ്റ്റിവലിലും മുന്നിൽ നിന്ന് പ്രവർത്തിക്കുന്നുണ്ട്.ഫെസ്റ്റിന്റെ ടിക്കറ്റ് വിൽപന ചുമതല ഇത്തവണയും കുടുംബശ്രീക്ക് തന്നെയാണ്.
ഇതുവഴി ജില്ലയിലെ മുഴുവൻ അയൽകൂട്ടങ്ങളിലും വീടുകളിലും ഫെസ്റ്റിവലിന്റെ സന്ദേശം എത്തിക്കാൻ കുടുംബശ്രീ ജില്ലാ മിഷൻ നടപടികളുമായി മുന്നിട്ടിറങ്ങുകയാണ്. ഫെസ്റ്റിവൽ നാളുകളിൽ ശുചിത്വ പരിപാലനത്തിന് പ്രതിബദ്ധതയോടെ മുന്നിട്ടിറങ്ങിയ ജില്ലയിലെ ഹരിത കർമസേന ഇക്കുറി കുടുംബശ്രീയുമായി കൈകോർത്തുള്ള പ്രവർത്തനങ്ങളും നടത്തും. ബീച്ച് പാർക്കിന്റെ നടത്തിപ്പും പരിപാലനവും ഏറ്റെടുത്ത ഖത്തർ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പാണ് ഫെസ്റ്റിവലിലെ വാണിജ്യ വ്യാപാര ഭക്ഷ്യമേളകളും അമ്യൂസ്‌മെന്റ് പാർക്കും സജ്ജമാക്കുന്നത്. കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ബീച്ചിലെ റെഡ്മൂൺ പാർക്കും ഫെസ്റ്റിവലിലുണ്ട്.
ഉത്സവ നഗരിയിൽ രണ്ട് സ്‌റ്റേജുകളിലായി എല്ലാ ദിവസവും വ്യത്യസ്തങ്ങളായ കലാപരിപാടികൾ അരങ്ങേറും. മുഖ്യ വേദിയിൽ ഇത്തവണയും ബേക്കലിന് മറക്കാനാവാത്ത കലാനിശകളുണ്ടാകും. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും നടിയും നർത്തകിയുമായ ശോഭന, പ്രിയ ഗായകൻ എം.ജി.ശ്രീകുമാർ, ലോകപ്രശസ്ത ഡ്രം വാദകൻ ശിവമണിയുമാണ് ഈ ഫെസ്റ്റിവലിലെ മുഖ്യ സെലിബ്രിറ്റികൾ. എല്ലാ ദിവസവും വൈകിട്ട് 5.30 ന് പരിപാടികൾ ആരംഭിക്കും.
ഡിസംബർ 22 ന് യുവാക്കളുടെ ഹരമായി മാറിയ മ്യൂസിക്കൽ ബാന്റായ തൈക്കുടം ബ്രിഡ്ജ് ആദ്യ ദിനത്തിലെ പരിപാടി അവതരിപ്പിച്ചുകൊണ്ട് പത്ത് ദിവസം നീളുന്ന കലാമേളയ്ക്ക് തിരികൊളുത്തും. 23 ന് ശിവമണിയും പ്രകാശ് ഉള്ളിയേരിയും സംഗീത സംവിധായകൻ ശരത്തും ചേർന്നൊരുക്കുന്ന ട്രിയോ മ്യൂസിക്കൽ ഫ്യൂഷനുണ്ടാകും. 24 ന് കെ.എസ്. ചിത്രയും സംഘവും ചേർന്നവതരിപ്പിക്കുന്ന ചിത്രവസന്തം. 25ന് ക്രിസ്മസ് ദിനത്തിൽ എം.ജി. ശ്രീകുമാർ നയിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ്, 26 ന് നടിയും നർത്തകിയുമായ ശോഭനയും ചെന്നൈ കലാക്ഷേത്രം വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിക്കുന്ന നൃത്തനിശ, 27 ന് പാടിപ്പതിഞ്ഞ ഗാനങ്ങളുമായി പത്മകുമാറും ദേവും സംഘവും ചേർന്നൊരുക്കുന്ന ഓൾഡ് ഈസ് ഗോൾഡ് മ്യൂസിക്കൽ മെലഡി, 28 ന് അതുൽ നറുകരയുടെയും സംഘത്തിന്റെയും സോൾ ഓഫ് ഫോക്ക് ബാന്റും അരങ്ങേറും. ഇതേ ദിവസം വൈകിട്ട് 5.30 ന് ദർശന ടി.വിയുടെ പുത്തൻ കുട്ടിക്കുപ്പായം മാപ്പിളപ്പാട്ട് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെയും മുഖ്യ വേദിയിൽ നടക്കും. ഈ ഫിനാലെയിൽ കേരളത്തിലെ അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായകരും മാപ്പിളകലാ ചരിത്ര ഗവേഷകരും സന്നിഹിതരാകും.
29 ന് കണ്ണൂർ ഷെരീഫും സംഘവും ചേർന്ന് നയിക്കുന്ന മാപ്പിളപ്പാട്ട് നിശയ്‌ക്കൊപ്പം കണ്ണഞ്ചിപ്പിക്കുന്ന ഒപ്പനയും ഉണ്ടാകും. 30 ന് ഗൗരീ ലക്ഷ്മിയുടെ മ്യൂസിക്കൽ ബാന്റും ഫെസ്റ്റിവലിന്റെ സമാപന ദിവസമായ ഡിസംബർ 31 ന് റാസാ ബീഗത്തിന്റെ ഗസലും ആട്ടം കലാസമിതിയുടെ മ്യൂസിക് ഫ്യൂഷനും തുടർന്ന് പുതുവർഷത്തെ വരവേറ്റുകൊണ്ടുള്ള മെഗാ ന്യൂ ഇയർ നൈറ്റും നടക്കും.
വാർത്ത സമ്മേളേനത്തിൽ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. (ചെയർമാൻ), ഷിജിൻ പറമ്പത്ത് (മാനേജിംഗ് ഡയറക്ടർ, ബി.ആർ.ഡി.സി), കെ. മണികണ്ഠൻ (പ്രസിഡന്റ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്), എം.എ ലത്തീഫ് (ചെയർമാൻ, ടിക്കറ്റ് മോണിറ്ററിംഗ് കമ്മിറ്റി), ടി ടി സുരേന്ദ്രൻ (ജില്ലാ കോഓഡിനേറ്റർ, കുടുംബശ്രീ മിഷൻ), രമ്യാ കൃഷ്ണൻ (യാത്രാശ്രീ ജനറൽ മാനേജർ) എന്നിവർ പങ്കെടുത്തു.