കണ്ണൂർ-കോവിഡാനന്തര ജീവിതശൈലി വ്യതിയാനങ്ങൾ യുവാക്കളിലും ചെറുപ്പക്കാരിലും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നുവെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എ. എച്ച്.എ) ഒഫീഷ്യൽ ട്രെയിനർ ഡോ.സുൽഫിക്കർ അലി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ നോർത്ത് മലബാർ ചാപ്റ്റർ കണ്ണൂരിൽ ഡെന്റൽ സർജന്മാർക്കായി സംഘടിപ്പിച്ച സി.പി.ആർ പരിശീലന ശിൽപശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിനു ശേഷം ഹൃദ്രോഗ സാധ്യതകൾ വർധിച്ചത് വാക്സിൻ വഴിയോ കോവിഡ് ചികിത്സ വഴിയോ അല്ലെന്ന് ഐ.സി.എം.ആർ പഠനങ്ങൾ വ്യക്തമാക്കിയ സ്ഥിതിക്ക്, ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കാനുള്ള സത്വര നടപടികൾ ആണ് യുവസമൂഹം പിന്തുടരേണ്ടത്.
കുഴഞ്ഞുവീണുള്ള മരണങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ഹൃദയ പുനരുജ്ജീവന ചികിത്സയായ സി.പി.ആർ പരിശീലനം വ്യാപക മാക്കേണ്ടതുണ്ട്.ആരോഗ്യ പ്രവർത്തകർ ഈ പരിശീലനത്തിന് നേതൃത്വം നൽകണം. ഹൃദയസ്തംഭനം സംഭവിക്കുന്ന സമയത്തു തന്നെ അടിയന്തരമായി സി.പി.ആർ നൽകിയാൽ രോഗി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സി.പി.ആർ പരിശീലനം ലഭ്യമാക്കാൻ സർക്കാർ, സർക്കാർ ഇതര ഏജൻസികൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് പ്രൊഫസർ സി.പി ഫൈസൽ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സെക്രട്ടറി ഡോ.ശെരീഖ് ശിൽപശാലക്ക് നേതൃത്വം നൽകി. നോർത്ത് മലബാർ ചാപ്റ്ററിന് കീഴിലുള്ള ഡെന്റൽ സർജൻമാർ ശിൽപശാലയിൽ സംബന്ധിച്ചു.