Sorry, you need to enable JavaScript to visit this website.

ഇന്റര്‍നാഷണല്‍ വെയിറ്റ് ലിഫ്റ്റിംഗ് ടൂര്‍ണമെന്റില്‍  മലയാളി വീട്ടമ്മക്ക് സ്വര്‍ണം

കൊച്ചി- ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം മാറ്റിവെച്ച് വിവാഹത്തിന് ശേഷം ഭര്‍ത്താവും കുട്ടികളുമായി ഒതുങ്ങിക്കൂടുന്നവര്‍ നിരവധിയാണ്. ഇങ്ങനെ സ്വപ്നങ്ങള്‍ മനസിലൊളിപ്പിച്ച നിരവധി വനിതകള്‍ക്ക് പ്രചോദനമാകുകയാണ് കൊച്ചി സ്വദേശിനിയായ ലിബാസ് പി ബാവ എന്ന വീട്ടമ്മ.

നവംബര്‍ ആദ്യവാരം ഗ്രീസിലെ മാര്‍ക്കോ പോളോയില്‍ നടന്ന മെഡിറ്ററേനിയന്‍ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ മാസ്റ്റേഴ്സ് വെയിറ്റ് ലിഫ്റ്റിംഗ് ടൂര്‍ണമെന്റില്‍ വനിതകളുടെ 87 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ നേടിയത് ലിബാസായിരുന്നു. 

തൊടുപുഴ ന്യൂമാന്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ഥിനിയായിരുന്ന ലിബാസ് വിദ്യാഭ്യാസ കാലത്ത് കോളേജിലെ പവര്‍ ലിഫ്റ്റിംഗ്  ചാമ്പ്യനായിരുന്നു. പിന്നീടാണ് വെയിറ്റ് ലിഫ്റ്റിംഗിലേക്ക് ചുവടുമാറിയത്. സംസ്ഥാന, ദേശീയ തലങ്ങളിലെല്ലാം നേട്ടം കൊയ്‌തെങ്കിലും വീട്ടമ്മയായ ശേഷം കുടുംബവുമായി ബന്ധപ്പെട്ട തിരക്കുകളെ തുടര്‍ന്ന് കരിയര്‍ പൂര്‍ണമായും നിര്‍ത്തിയ നിലയിലായിരുന്നു. 11 വര്‍ഷത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയാണ് ലിബാസ് അനവധി പേര്‍ക്ക് പ്രചോദമാകുന്നത്. നീണ്ട ഇടവേളക്ക് ശേഷം കളിക്കളത്തിലേക്കെത്തിയ ലിബാസ്  ഇതിനോടകം സ്വന്തമാക്കിയത് അഞ്ച് അന്താരാഷ്ട്ര അംഗീകാരങ്ങളാണ്. 

കഴിഞ്ഞ വര്‍ഷമായിരുന്നു ലിബാസ് വെയിറ്റ് ലിഫ്റ്റിംഗിലേക്ക് തിരിച്ചെത്താന്‍ തീരുമാനിച്ചത്. എറണാകുളം എന്‍ ഐ എസ് കോച്ച് ഗോപാലകൃഷ്ണന്റെ കീഴില്‍ നടത്തിയ കഠിന പരിശീലനമാണ് വിജയക്കുതിപ്പിന് ഇന്ധനമായത്. മാസ്റ്റേഴ്സ് കോമണ്‍വെല്‍ത്ത്, മാസ്റ്റേഴ്സ് വേള്‍ഡ് കപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ഏഷ്യാ പസഫിക് തുടങ്ങിയ പ്രധാനപ്പെട്ട അന്താരാഷ്ട്ര മത്സരങ്ങളിലും രാജ്യത്തിനായി പങ്കെടുക്കാനും അംഗീകാരങ്ങള്‍ നേടാനും ലിബാസിന് കഴിഞ്ഞു. വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ ഭര്‍ത്താവ് സാദിഖ് അലിയും കുടുംബവുമായിരുന്നു കളിക്കളത്തിലേക്ക് മടങ്ങിയെത്താനുള്ള മുഴുവന്‍ പ്രോത്സാഹനങ്ങളും നല്‍കിയത്.

ഭര്‍ത്താവിന് ന്യൂമോണിയയും പിതാവ് ലിവര്‍ സിറോസിസും കിഡ്‌നി തകരാറും മൂലം  ചികിത്സ തേടുന്നതിനിടെയായിരുന്നു മെഡിറ്ററേനിയന്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് നടന്നതെന്ന് ലിബാസ് പറഞ്ഞു. മത്സരത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് വരെ അവരോടൊപ്പമായിരുന്നു. പ്രതികൂല  സാഹചര്യങ്ങളും ശരിയായ പരിശീലനത്തിന്റെ അഭാവവും ഉണ്ടായിരുന്നിട്ടും ഇവരുടെ നിര്‍ബന്ധം കൊണ്ടാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. ഈ വിജയം അവര്‍ക്കായി സമര്‍പ്പിക്കുന്നു എന്നും ലിബാസ് കൂട്ടിച്ചേര്‍ത്തു. 

കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാനുള്ള യാത്ര തുടരുകയാണ് നിശ്ചയദാര്‍ഡ്യത്തിന്റെ ആള്‍രൂപമായ ലിബാസ്. ഇതിന്റെ അടുത്ത പടിയായി ജൂണില്‍ ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഓഷ്യാനിക് ചാമ്പ്യന്‍ഷിപ്പിനായി തയ്യാറെടുപ്പുകളിലാണ് ഈ വീട്ടമ്മ.

Latest News