Sorry, you need to enable JavaScript to visit this website.

മാധ്യമ രംഗത്ത് ശക്തൻമാർ കളമൊഴിയുന്നു; അപ്രസക്തർ കളം നിറയുന്നു -സന്തോഷ് ജോർജ് കുളങ്ങര

മെഗാ കേബിൾ ഫെസ്റ്റിന്റെ 21-ാം എഡിഷൻ സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി- മാധ്യമരംഗത്തെ അതിശക്തർ എന്ന് കരുതിയിരുന്നവർ കളമൊഴിയുകയും അപ്രസക്തർ ആയിരിക്കുന്നവർ പുതിയ  ടെക്‌നോളജികളുടെ സഹായത്തോടെ കളം നിറയുകയും ചെയ്യുന്ന കാഴ്ചയാണ് ലോകം കാണുന്നതെന്ന് സന്തോഷ് ജോർജ് കുളങ്ങര.
കൊച്ചിയിൽ കേരള വിഷനും കേരള ഇൻഫോ മീഡിയയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ കേബിൾ ഫെസ്റ്റിന്റെ 21-ാം  എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറ്റം തുടങ്ങിയിട്ടേയുള്ളൂ എന്നും നിർമ്മിത ബുദ്ധി നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഇപ്പോൾ ഊഹിക്കാൻ പോലും കഴിയില്ല.  അതിനാൽ തന്നെ ടെക്‌നോളജിക്ക് ഒപ്പം നടക്കുക എന്നതാണ് ഇനിയുള്ള വഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  
യുവതലമുറ വ്യാപകമായി നമ്മുടെ നാട് വിട്ടുപോകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഫ്ലവേഴ്‌സ് ടിവി മാനേജിംഗ് ഡയറക്ടർ ശ്രീകണ്ഠൻ നായർ പറഞ്ഞു. ടെക്‌നോളജിയുടെ വളർച്ചയ്‌ക്കൊപ്പം നിന്ന് യുവ ജനതയെ നമ്മുടെ നാട്ടിൽ തന്നെ പിടിച്ചുനിർത്താനുള്ള ശ്രമങ്ങൾ നാം നടത്തേണ്ടതുണ്ട്. കേരളവിഷന് ഈ മാറ്റത്തിനൊപ്പം വളരാൻ ഇനിയും സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷൻ മേഖലക്ക് ഇന്നും പ്രാധാന്യമുണ്ടെന്നും ആഗോള സാങ്കേതിക രംഗത്തെ മാറ്റങ്ങൾ നമ്മുടെ വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെന്നും ബിബിസി സ്റ്റുഡിയോസ് സൗത്ത് ഏഷ്യ ഹെഡ് ഓഫ് ഡിസ്ട്രിബ്യൂഷൻ സുനിൽ ജോഷി പറഞ്ഞു.
മാധ്യമങ്ങൾക്ക് മേൽ ഭരണകൂടങ്ങളുടെ സമ്മർദം നിലനിൽക്കുന്നതിനാൽ നിഷ്പക്ഷമായ റിപ്പോർട്ടിംഗ് സാധ്യമല്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം ഉദ്ഘാടനത്തിന് ശേഷം നടന്ന സെമിനാറിൽ പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ, പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന ജനങ്ങളുടെ കൂട്ടമാണ് നമ്മുടെ സമൂഹം. അവിടെ ഓരോ ഉപഭോക്താക്കൾക്കും അവർക്ക് താത്പര്യമുള്ള വാർത്തയും വിശ്വാസ്യതയുമാണ് മാധ്യമങ്ങൾ നൽകുന്നത്. 
സർക്കാറിനെ വിമർശിക്കുവാൻ ഭയക്കേണ്ടതില്ലെന്നും അതിന് കീഴടങ്ങുന്നത് മാധ്യമ പ്രവർത്തനമല്ലെന്നും മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞു. മനോരമ സീനിയർ ന്യൂസ് എഡിറ്റർ ഷാനി പ്രഭാകരൻ, ഏഷ്യാനെറ്റ് ന്യൂസ് സീനിയർ അസോസിയേറ്റ് എഡിറ്റർ അഭിലാഷ് ജി നായർ, മാതൃഭൂമി സീനിയർ ചീഫ് എഡിറ്റർ മാതു സജി എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു.
ചടങ്ങിൽ കേബിൾ ടിവി ഓപ്പറേറ്റേഴ്സ്സ്  അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. സിഒഎ ജനറൽ സെക്രട്ടറി കെ.വി. രാജൻ സ്വാഗതവും കേരള ഇൻഫോം മീഡിയ സിഇഒ എൻ.ഇ. ഹരികുമാർ നന്ദിയും പറഞ്ഞു.
 

Latest News