Sorry, you need to enable JavaScript to visit this website.

വ്യാജ ഐ.ഡി കാർഡ്: കേസിന് പിന്നിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട് -മാങ്കൂട്ടത്തിൽ

കണ്ണൂർ- വ്യാജ ഐ.ഡി കാർഡ് കേസ് അന്വേഷണം തന്നിലെത്തിക്കാൻ ഗൂഢാലോചന നടന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  തനിക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനാണ്. അതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. കേസിന് പിന്നിൽ സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടാണ്. വി.കെ സനോജിന്റെ രാഷ്ട്രീയ ഗുരു കെ. സുരേന്ദ്രനാണ്. ഒരേ വാട്‌സ് ആപ്പിൽ നിന്നുള്ള സന്ദേശങ്ങളാണ് ഒരേ രീതിയിൽ രണ്ടു പേരും പറയുന്നത്. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചുവെന്ന ആരോപണത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണ്. ഇവിടത്തെ ചിലരെപ്പോലെ നെഞ്ചുവേദനയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറില്ല-  രാഹുൽ പറഞ്ഞു.  കേസിൽ കസ്റ്റഡിയിലെടുത്ത യൂത്ത്  കോൺഗ്രസ് പ്രവർത്തകർ തന്റെ കാറിൽ തന്നെയാണ് സഞ്ചരിച്ചത്. അപ്പോൾ ഇവർക്കെതിരെ കേസൊന്നുമുണ്ടായിരുന്നില്ല. ഒരു നോട്ടീസ് പോലും നൽകിയിരുന്നില്ല. ഇവർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷിക്കില്ലെന്നും രാഹുൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ആദ്യമായി കണ്ണൂരിലെത്തിയ രാഹുലിന് റെയിൽവേ സ്‌റ്റേഷനിൽ പ്രവർത്തകർ ഉജ്വല സ്വീകരണമാണ് നൽകിയത്. സ്വീകരണത്തിന് ജില്ല പ്രസിഡന്റ് വിജിൽ മോഹൻ, മുഹമ്മദ് ബ്ലാത്തൂർ, അഡ്വ. വി.പി അബ്ദുൾറഷീദ്, രാഹുൽ വെച്ചിയോട്ട്, നിമിഷ വിപിൻദാസ്, റോബർട്ട് വെള്ളാം വെള്ളി, പി. മുഹമ്മദ് ഷമ്മാസ്, എം.സി അതുൽ, അമൽ കുറ്റിയാട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Latest News