Sorry, you need to enable JavaScript to visit this website.

വ്യാജ വോട്ടർ ഐ.ഡി: യൂത്ത് കോൺഗ്രസ് ചെയ്തതു രാജ്യത്തിനു ചേരാത്ത കാര്യമെന്ന് പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വാർത്താസമ്മേളനം നടത്തുന്നു. മന്ത്രിമാർ സമീപം.

കൽപറ്റ- വോട്ടർ ഐ.ഡി വിഷയത്തിൽ യൂത്ത് കോൺഗ്രസ് ചെയ്തത് രാജ്യത്തിനു ചേരാത്ത  കാര്യമാണെന്നു  മുഖ്യമന്ത്രി പിണറായി വിജയൻ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാജ വോട്ടർ ഐ.ഡി നിർമാണത്തിൽ ബന്ധപ്പെട്ട ഏജൻസികളുടെ അന്വേഷണം നടന്നുവരികയാണ്. 
ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആളുകളെ കേസിൽ പ്രതി ചേർക്കുന്നത്.  അന്വേഷണം പുരോഗമിക്കുമ്പോൾ എല്ലാ മേഖലയിലും അതുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്യേണ്ടതായും നടപടി സ്വീകരിക്കേണ്ടതായും വരും. അന്വേഷണം കുറ്റമറ്റ രീതിയിൽ നടക്കുമ്പോൾ കുറ്റവാളികൾ മുഴുവൻ  നിയമത്തിന്റെ മുന്നിലെത്തും. വ്യാജ വോട്ടർ ഐ.ഡി വിഷയം ജനശ്രദ്ധയിൽപ്പെടാതിരിക്കാനാണ് യൂത്ത് കോൺഗ്രസുകാർ നവകേരള സദസ്സ് ബസ്സിനു മുന്നിലേക്ക് കരിങ്കൊടിയുമായി ചാടിവീണതെന്നു സംശയിക്കാവുന്നതാണ്. മറ്റുകാരണങ്ങളൊന്നും കാണുന്നില്ല. വിഷയത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനു സർക്കാർ പ്രത്യേകം ശുപാർശ ചെയ്യേണ്ട കാര്യമില്ല. 
നവകേരള ബസ്സിനു മുന്നിൽ ചാടിവീണവരെ തള്ളിമാറ്റിയതിനെയാണ് രക്ഷാപ്രവർത്തനമായി കണ്ടതെന്നു  മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തകർ എന്നു വിശേഷിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തതു  ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 
കൺമുന്നിൽ കണ്ട കാര്യമാണ് പറഞ്ഞത്. മുന്നിൽ ചാടിയവർ ബസ് തട്ടി മരിക്കുന്ന സാഹചര്യമാണ് ഒഴിവായത്.  പിന്നീട് ഉണ്ടായത് കൺമുന്നിൽ നടന്ന കാര്യങ്ങളല്ല. അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കുന്നതിനെക്കുറിച്ചു പറഞ്ഞത് അക്രമത്തിനുള്ള പ്രോത്സാഹനമല്ല. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കും. പാനൂരിനടുത്ത് വിദ്യാലയത്തിനു മുന്നിൽ കുട്ടികൾ നിന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. കുട്ടികൾ കൈവീശിയപ്പോൾ താനും കൈവീശി. കുട്ടികൾ തണലിലാണ് നിന്നിരുന്നത്. കുട്ടികളെ ഇങ്ങനെ ഇറക്കി നിർത്തിയതിനെ  ശരിയായ കാര്യമായല്ല കാണുന്നത്. താൻ  നേരത്തേ പറഞ്ഞ ചില കാര്യങ്ങളെ പ്രതിപക്ഷത്തുള്ള ഒരു നേതാവ് തന്തയില്ലായ്മ എന്ന് വിശേഷിപ്പിച്ചതിനെ താൻ തന്തയ്ക്കു പിറന്നതായതുകൊണ്ട് ഗൗരവത്തോടെ എടുക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്തരിച്ച സാഹിത്യകാരി പി. വത്സലയ്ക്കു ആദരാഞ്ജലി അർപ്പിച്ചാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം ആരംഭിച്ചത്. വയനാടൻ ജീവിതത്തെയും പ്രകൃതിയെയും സംസ്‌കൃതിയെയും ജനമനസുകളിൽ പ്രതിഷ്ഠിക്കുന്നതിൽ വലിയ പങ്കാണ് വത്സല എന്ന എഴുത്തുകാരി വഹിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. 

Latest News