കൊച്ചി- വയോധികന് ചായയില്‍ മയക്കുമരുന്ന് കലക്കി നല്‍കി പണം തട്ടിയ തമിഴ്‌നാട് സ്വദേശിനിയായ സ്ത്രീ പിടിയില്‍. വൈറ്റില ജനതാ റോഡില്‍ ദര്‍ശനയില്‍ ശശിധരന് (79) ആണ് ചായയില്‍ മയക്കു മരുന്ന് നല്‍കിയത്.
വൈറ്റില ജനതാ റോഡില്‍ നേരേവീട്ടീല്‍ താമസിക്കുന്ന മഹേഷിന്റെ ഭാര്യ തമിഴ്‌നാട് സ്വദേശിയായ ഭുവനേശ്വരിയാണ് അറസ്റ്റിലായത്. പതിനാറായിരം രൂപയാണ് ശശിധരന് മയക്കു മരുന്ന് നല്‍കി ഭുവനേശ്വരി തട്ടിയെടുത്തത്. ശശിധരന്റെ മകന്‍ ശ്യാംപ്രകാശിന്റെ പരാതിയില്‍ മരട് പോലീസാണ് കേസെടുത്തത്.
ശശിധരന്റെ വീട്ടുവേലക്കാരിയാണ് ഭുവനേശ്വരി. പണം തട്ടിയ സ്ത്രീയെ ശശിധരന്റെ വീട്ടില്‍ നിന്നു തന്നെയാണ് പിടികൂടിയത്. ഭുവനേശ്വരിയുടെ മകള്‍ മാനസിക രോഗത്തിന് കഴിക്കുന്ന മരുന്നാണ് ശശിധരന് ചായയില്‍ കലക്കി നല്‍കിയത്.
ഉപയോഗിച്ചതിന്റെ ബാക്കി ഭുവനേശ്വരിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ രാജ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച അന്വേഷണ സംഘത്തില്‍ മരട് പോലീസ് സ്റ്റേഷന്‍ എസ് ഐ സെബാസ്റ്റ്യന്‍. പി. ചാക്കോ, എ. എസ്. ഐ രജിമോന്‍. എസ്. എന്‍, സി. പി. ഒമാരായ രതീഷ്. കെ. ബി, രശ്മി രാജേന്ദ്രന്‍, ശാന്തിനി. പി. എസ് എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി അന്വേഷണം നടത്തുമെന്ന് മരട് പോലീസ് അറിയിച്ചു.