കോഴിക്കോട്- കോണ്‍ഗ്രസ് ലീഗ് ഐക്യ പ്രഖ്യാപനമായി കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. കോണ്‍ഗ്രസുമായുള്ള ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അധികാരത്തിനേക്കാള്‍ നിലപാടിനാണ് ലീഗ് വില കല്‍പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നും ലീഗ് യു.ഡി.എഫിനൊപ്പമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. സമസ്ത അടക്കമുള്ള സമുദായ സംഘടനകളുടെ നേതാക്കളും ഇന്ന് നടന്ന റാലിയില്‍ പങ്കെടുത്തു.
മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ഫലസ്തീന്‍ മഹാറാലിയില്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് ശശി തരൂര്‍ കോണ്‍ഗ്രസ് റാലിലെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. കോണ്‍ഗ്രസും താനും എന്നും ഫലസ്തീനൊപ്പമാണ്. ചിലര്‍ തന്റെ വാക്കുകള്‍ ഉപയോഗിച്ച് തെറ്റിദ്ധാരണ പടര്‍ത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോഴിക്കോട് കടപ്പുറത്ത് നടന്ന മഹാറാലി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് ഒരു നയമേ ഉള്ളൂവെന്നും പാര്‍ട്ടി ഫലസ്തീനൊപ്പമണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കെ.സി. വേണുഗോപാല്‍ പറഞ്ഞു. കെ.പി.സിസി പ്രസിഡന്റ് കെ. സുധാകരന്‍ അധ്യക്ഷത വഹിച്ചു .വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.എം ഹസന്‍, പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ് തങ്ങള്‍, കെ മുരളീധരന്‍, സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, മുസ്ലിം സംഘടനാ നേതാക്കളായ ഇബ്രാഹിം ഖലീല്‍ ബുഹാരി തങ്ങള്‍, പി.മുജീബ് റഹ്മാന്‍, ടി.പി. അബ്ദുള്ളക്കോയ മദനി തുടങ്ങിയവര്‍ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്തു.
വന്‍ ജനപങ്കാളിത്തമാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ച പലസ്തീന്‍ അനുകൂല റാലിക്ക് ലഭിച്ചത്.