കോഴിക്കോട്- ഇസ്രായില്‍ പ്രധാനമന്ത്രി നെതന്യാഹുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഒരുപോലുളള മനുഷ്യരാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലസ്തീന്‍ ജനതയുടെ പോരാട്ടത്തിനൊപ്പം എന്നും കോണ്‍ഗ്രസും ഇന്ത്യന്‍ സര്‍ക്കാരുമൊപ്പമുണ്ടായിരുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗാന്ധിജിയാണ് പലസ്തീന്‍ നയം രൂപപ്പെടുത്തി കോണ്‍ഗ്രസിന് നല്‍കിയത്. നെഹ്‌റുവും ഇന്ദിരയും രാജീവ് ഗാന്ധിയും എല്ലാം അത് ഏറ്റെടുത്തു. ആരൊക്കെ എവിടെയൊക്കെ കോളനിവത്കരണത്തിന് ശ്രമിച്ചാലും കോണ്‍ഗ്രസ് ശക്തമായ നിലപാടെടുക്കും. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള പോരാട്ടമാണ് ഫലസ്തീനിന്റെത്. ഇന്ദിരാഗാന്ധിയും ഫലസ്തീനുമായുള്ള ബന്ധം നമുക്കറിയാം. അറബ് രാജ്യങ്ങളുടെ ഏറ്റവും വിശ്വസ്തയായ സഹോദരിയും മകളുമൊക്കെയായാണ് ഇന്ദിരയെ അവര്‍ വിശേഷിപ്പിച്ചതെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
അറഫാത്തിനെ ഫലസ്തീന്റെ ഭരണത്തലവനെന്ന് വിശേഷിപ്പിച്ച വ്യക്തിയാണ് രാജീവ് ഗാന്ധി. ലോകത്തെ ഒരു രാജ്യവും അംബാസഡറെ അയക്കാന്‍ ധൈര്യപ്പെടാത്ത കാലത്ത് ഫലസ്തീനിലേക്ക് അംബാസഡറെ അയക്കാന്‍ ധൈര്യം കാണിച്ച രാജ്യം കോണ്‍ഗ്രസിന്റെ ഇന്ത്യയായിരുന്നു.
അമേരിക്കയേക്കാള്‍ മുമ്പില്‍ നരേന്ദ്ര മോഡി ഇസ്രായിലിന് പിന്തുണ അറിയിച്ചു. എന്താണ് മോഡിക്ക് ഇസ്രായിലിനോട് ഇത്ര മമത. ഐക്യരാഷ്ട്ര സഭയില്‍ യുദ്ധം നിര്‍ത്തണമെന്ന് ഒരു പ്രമേയം വന്നപ്പോഴും ഇന്ത്യ അതിനെ പിന്തുണച്ചില്ല. നെതന്യാഹുവും മോഡിയും ഒരേ രീതിയിലുള്ള മനുഷ്യരാണ്. ഒരാള്‍ വംശീയതയും മറ്റേയാള്‍ സയണിസവുമാണ് മുന്നോട്ടുവെക്കുന്നത്. കോണ്‍ഗ്രസിന് ഒരേയൊരു നയമേ ഉള്ളൂ. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കാണണം എന്ന് കരുതുന്ന ചിലര്‍ ഇവിടെ ഉണ്ട്. കോണ്‍ഗ്രസ് ചൈനക്ക് മുമ്പിലും അമേരിക്കക്ക് മുമ്പിലും കവാത്ത് മറക്കില്ല, വേണുഗോപാല്‍ പറഞ്ഞു.