ജിദ്ദ - ഒരു വര്‍ഷത്തിനിടെ സൗദി സമ്പദ്‌വ്യവസ്ഥ 11.8 ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു കൊല്ലത്തിനിടെ 2,12,000 സ്വദേശികള്‍ അടക്കം ആകെ 11.8 ലക്ഷം പേര്‍ക്കാണ് പുതുതായി തൊഴിലവസരങ്ങള്‍ ലഭിച്ചതെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) കണക്കുകള്‍ വ്യക്തമാക്കുന്നു. വിഷന്‍ 2030 പദ്ധതികളുടെയും പ്രോഗ്രാമുകളുടെയും പിന്തുണയോടെ കൊറോണ മഹാമാരി പ്രത്യാഘാതങ്ങളില്‍ നിന്ന് ദേശീയ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കല്‍ തുടരുന്നതിന്റെ സൂചനയാണിത്. ഈ വര്‍ഷാവസാനത്തോടെ സൗദിയില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കൂടുതല്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത 10.6 ദശലക്ഷം ജീവനക്കാരാണുള്ളത്. കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തില്‍ ഗോസി രജിസ്‌ട്രേഷനുള്ള ജീവനക്കാര്‍ 95 ലക്ഷമായിരുന്നു. മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ 22 ലക്ഷത്തിലേറെ സൗദി ജീവനക്കാരുണ്ട്. കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തില്‍ സൗദി ജീവനക്കാര്‍ 21 ലക്ഷമായിരുന്നു. ഒരു വര്‍ഷത്തിനിടെ 2,12,000 സ്വദേശികള്‍ പുതുതായി തൊഴില്‍ വിപണിയില്‍ പ്രവേശിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒരു വര്‍ഷത്തിനിടെ 9,69,305 വിദേശികള്‍ക്കും തൊഴില്‍ ലഭിച്ചു. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വന്‍കിട പദ്ധതികളും നിര്‍മാണ മേഖലയിലെ വളര്‍ച്ചയും വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിച്ചു. ഒരു വര്‍ഷത്തിനിടെ 1,52,800 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ലഭിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 71 ശതമാനം പേര്‍ വനിതകളും 29 ശതമാനം പേര്‍ പുരുഷന്മാരുമാണ്. ഒരു കൊല്ലത്തിനിടെ 59,200 സ്വദേശികള്‍ക്ക് സര്‍ക്കാര്‍ മേഖലയിലും ജോലി ലഭിച്ചു. ഏഴു വര്‍ഷത്തിനിടെ വനിതാ ശാക്തീകരണ മേഖലയില്‍ സൗദി അറേബ്യ കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങള്‍ ദശകങ്ങള്‍ക്കിടെ സ്ത്രീശാക്തീകരണ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് സമമാണെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ദേശീയ സമ്പദ്‌വ്യവസ്ഥ വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് തുടര്‍ച്ചയായി കുറയാന്‍ സഹായിക്കുന്നു. ഈ വര്‍ഷം രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരം സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമാണ്. 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാന്‍ വിഷന്‍ 2030 ലക്ഷ്യമിടുന്നു.