പറവൂർ - പിണറായി സർക്കാറിന്റെ നവകേരള സദസ്സിന് പണം നൽകാൻ നേരത്തെയെടുത്ത തീരുമാനം യു.ഡി.എഫ് ഭരിക്കുന്ന പറവൂർ മുൻസിപ്പാലിറ്റി റദ്ദാക്കിയെങ്കിലും സെക്രട്ടറിക്കത് സ്വീകാര്യമായില്ല. കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറി പണം അനുവദിച്ച് ചെക്കിൽ ഒപ്പിട്ടു നൽകി.
നഗരസഭ ആദ്യം തീരുമാനിച്ചതുപ്രകാരം പണം നൽകണമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു സെക്രട്ടറി. എന്നാൽ, കടുത്ത എതിർപ്പുമായി യു.ഡി എഫ് ഭരണ സമിതി രംഗത്തെത്തിയെങ്കിലും റദ്ദാക്കിയ ഇന്നത്തെ തീരുമാനം നടപ്പാക്കാനാവില്ലെന്ന് വാശിപിടിച്ച് സെക്രട്ടറി ജോ ഡേവിഡ് ചെക്കിൽ ഒപ്പിടുകയായിരുന്നു.
സർക്കാരിന്റെ നിർബന്ധിത പ്രൊജക്റ്റാണെന്ന് തെറ്റിദ്ധരിച്ചാണ് നേരത്തെ ഒരുലക്ഷം രൂപ നൽകാൻ തീരുമാനിച്ചതെന്നും പ്രസ്തുത തീരുമാനം റദ്ദാക്കുന്നുവെന്നും ചെയർപേഴ്‌സൻ ബീന ശശിധരൻ കൗൺസിൽ യോഗത്തെ അറിയിച്ച് ഭൂരിപക്ഷാടിസ്ഥാനത്തിൽ വോട്ടെടുപ്പിലൂടെ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. ഇത് ലംഘിച്ച് സെക്രട്ടറി പിണറായി സംഘത്തിന് പണം നൽകിയാൽ സെക്രട്ടറിയുടെ കയ്യിൽ നിന്ന് നൽകേണ്ടി വരുമെന്നും ചെയർപേഴ്‌സൻ മുന്നറിയിപ്പ് നൽകി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ള നേതാക്കളുടെ മണ്ഡലങ്ങളിലെ യു.ഡി.എഫ് ഭരിക്കുന്ന പല തദ്ദേശ സ്ഥാപനങ്ങളും നവകേരള സദസിന് പണം അനുവദിച്ചത് ഏറെ വിവാദമായിരുന്നു. തുടർന്ന് പല തദ്ദേശ സ്ഥാപനങ്ങളും മുൻ തീരുമാനം തിരുത്തിയിരുന്നു. എന്നാൽ, പറവൂരിൽ മുൻസിപ്പൽ സെക്രട്ടറിയുടെ അന്ധമായ കക്ഷിത്വംമൂലം നഗരസഭാ കൗൺസിൽ തീരുമാനം പാലിക്കാനാവാതെ വന്നിരിക്കുകയാണ്. ഇതേച്ചൊല്ലിയുള്ള വിവാദങ്ങൾ ഇനി കൂടുതൽ മുറുകാനാണ് സാധ്യത.